പിഴ വരും, പോകും! വീണ്ടും ‘നോട്ട്ബുക്ക്’ എഴുതി ഇന്ത്യൻ സ്പിന്നർ, ഇത്തവണ ഗ്രൗണ്ടിൽ; നടപടി എടുക്കുമോ?- വിഡിയോ

9 months ago 8

ഓൺലൈൻ ഡെസ്ക്

Published: April 09 , 2025 10:22 AM IST

1 minute Read

 X@BCCI
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദിഗ്‍വേഷ് രതി. Photo: X@BCCI

ലക്നൗ∙ ബിസിസിഐ തുടർച്ചയായി പിഴ ശിക്ഷകൾ ചുമത്തിയിട്ടും ഒരു കൂസലുമില്ലാതെ വീണ്ടും ‘നോട്ട് ബുക്ക്’ പുറത്തെടുത്ത് ലക്നൗ സ്പിന്നർ ദിഗ്‍വേഷ് രതിയുടെ ആഹ്ലാദ പ്രകടനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഓപ്പണർ സുനിൽ നരെയ്ന്റെ വിക്കറ്റ് വീഴ്ത്തിയപ്പോഴായിരുന്നു ദിഗ്‌‍വേഷ് ആഘോഷ പ്രകടനം ആവർത്തിച്ചത്. ഗ്രൗണ്ടിൽ എഴുതിയാണ് ദിഗ്‍വേഷ് ഇത്തവണ നോട്ട് ബുക്ക് ആഘോഷം നടത്തിയത്. ഇതേ പിഴവിന്റെ പേരിൽ ദിഗ്‍വേഷിനെതിരെ ബിസിസിഐ രണ്ടു തവണ പിഴ ചുമത്തിയിട്ടുള്ളതാണ്.

പതിവ് ആഘോഷത്തിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിയെങ്കിലും ഇന്ത്യൻ സ്പിന്നർക്കെതിരെ ബിസിസിഐയുടെ നടപടി വരാൻ സാധ്യതയുണ്ട്. മത്സരത്തിൽ 13 പന്തുകൾ നേരിട്ട സുനിൽ നരെയ്ൻ 30 റൺസെടുത്താണു പുറത്തായത്. ദിഗ്‍വേഷിനെ ബൗണ്ടറി കടത്താൻ ശ്രമിച്ച സുനിൽ നരെയ്നെ എയ്ഡൻ മാർക്രം ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ ദിഗ്‍വേഷ് 33 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റു വീഴ്ത്തിയത്.

മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് നാലു റൺസ് വിജയം സ്വന്തമാക്കി. ലക്നൗ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുക്കാനാണു സാധിച്ചത്. 35 പന്തിൽ 61 റൺസെടുത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയുടെ ടോപ് സ്കോറർ ആയത്. വെങ്കടേഷ് അയ്യർ (29 പന്തിൽ 45), റിങ്കു സിങ് (15 പന്തിൽ 38), സുനിൽ നരെയ്ൻ (13 പന്തിൽ 30) എന്നിവരാണ് കൊൽക്കത്തയുടെ മറ്റു റൺവേട്ടക്കാർ. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. ലക്നൗവിനായി ഓപ്പണർ മിച്ചൽ മാർഷും നിക്കോളാസ് പുരാനും അർധ സെഞ്ചറി നേടി. 36 പന്തുകളിൽ എട്ട് സിക്സറുകൾ അടക്കം 87 റൺസാണ് പുരാൻ അടിച്ചെടുത്തത്. 48 പന്തുകൾ നേരിട്ട മാർഷ് 81 റൺസാണു നേടിയത്.

English Summary:

LSG Star Digvesh Rathi, Fined By BCCI, Repeats Controversial Celebration

Read Entire Article