
ഇംഗ്ലീഷ് പ്രീമിയർ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മൽസരത്തിൽ ഗോൾ നേടിയ ആഴ്സനൽ താരം റിക്കാർദോ കലഫിയോറിയെ അനുമോദിക്കുന്ന ഡെക്ലാൻ റൈസ്
ആഴ്സനലിന്‍റെ ജേഴ്സിയണിഞ്ഞ് മിക്കേല്‍ ആർട്ടേറ്റ ഗ്രൗണ്ടിൽ വിയർപ്പൊഴുക്കിയ നാളുകൾ ക്ലബ്ബിന്‍റെ മോശം കാലങ്ങളിൽ ഒന്നായിരുന്നു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സെൻ വെംഗറിന്‍റെ പ്രതാപകാലം അസ്തമിച്ചു തുടങ്ങിയ കാലം കൂടിയായിരുന്നു അത്. വമ്പൻ ടീമുകൾക്കെതിരെ വിജയം കണ്ടെത്താനാവാതെ പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തിൽ ഏറെ പിന്നിലായി ആഴ്സനൽ കിതയ്ക്കുന്ന കാലം. 2011 മുതൽ 2016 വരെ ആർട്ടേറ്റ ഗണ്ണേഴ്സിനു വേണ്ടി ഇംഗ്ളണ്ടിലെ പുൽമൈതാനങ്ങളിൽ തലങ്ങും വിലങ്ങും ഉഴറിപ്പാഞ്ഞു. 2004ല്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ ‘അപരാജിതര്‍’ എന്ന പെരുമയോടെ ലീഗ് ചാംപ്യന്‍മാരായ പീരങ്കിപ്പടയ്ക്ക് പിന്നീട് കിരീടപ്പോരാട്ടത്തില്‍ ആ പെരുമ നില നിര്‍ത്താനായില്ല. എങ്കിലും 2016 ല്‍ ലെസ്റ്റര്‍ സിറ്റിക്കു പുറകില്‍ രണ്ടാമതായി സീസണ്‍ അവസാനിപ്പിക്കുന്നതു വരെ ആദ്യ നാലു സ്ഥാനങ്ങളിലൊന്നില്‍ ഇടം പിടിച്ച് ചാംപ്യന്‍സ് ലീഗ് പ്രവേശനം ഉറപ്പാക്കിയിരുന്നു അവര്‍.

പക്ഷേ, 2016നു ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളായി. തുടര്‍ച്ചയായി ആറു വര്‍ഷങ്ങള്‍ ആദ്യ നാലില്‍ ഇടം പിടിക്കാനാവാതെ ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളില്‍ നിന്ന് ആഴ്സനല്‍ പുറത്തായി. ചാംപ്യന്‍സ് ലീഗ് കളിക്കാനാവാതിരുന്നതോടെ വലിയ കളിക്കാരെ ആകര്‍ഷിക്കാനാവാതെ വെംഗറും ടീം മാനേജ്മെന്‍റും വലഞ്ഞു. 2018 സീസണ്‍ അവസാനത്തിലെത്തിയതോടെ ‘പ്രഫസര്‍’ വെംഗര്‍ പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങുകയും ചെയ്തു.
ഒരു കിരീടനേട്ടം പോലും എമിറേറ്റ്സിലെത്തിക്കാനാവാതെ ഹതാശനായി 2016ല്‍ കളി മതിയാക്കിയ ആർട്ടേറ്റ ചെന്നെത്തിയത് ആഴ്സനലിന്‍റെ കടുത്ത എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിലേക്കായിരുന്നു. സിറ്റിയുടെ കോച്ച് പെപ് ഗ്വാർഡിയോളയുടെ കീഴിൽ അസിസ്റ്റന്‍റ് കോച്ചായിട്ട്. കളിയടവുകളുടെ ആശാന്‍റെ കൂടെയുള്ള നാളുകളിൽ ടച്ച് ലൈനിനു പുറത്തുനിന്ന് കളി നിയന്ത്രിക്കുന്നതെങ്ങനെയെന്ന് അടുത്തുനിന്ന് പഠിക്കാൻ ആർട്ടേറ്റയ്ക്കായി. കളിക്കളത്തിലെ അനുഭവവും കളിയാശാന്‍റെ അടവുകളും ആർട്ടേറ്റയിലെ തന്ത്രജ്ഞനെ പാകപ്പെടുത്തി.
പിൻഗാമിയായി ഉനായ് എമേറിയെ വാഴിച്ചതിനു ശേഷമായിരുന്നു വെംഗർ ഇറങ്ങിപ്പോയത്. ആഴ്സെന്‍ വെംഗര്‍ക്കു ലഭിച്ച ആനുകൂല്യങ്ങൾ ഒന്നും എമേറിക്ക് എമിറേറ്റ്സിൽ ലഭിച്ചില്ല. ലീഗിലെ മോശം പ്രകടനങ്ങളെത്തുടർന്ന് എമേറിയെ പുറത്താക്കിയപ്പോൾ ആഴ്സനൽ അടുത്ത മാനേജർ ആയി കണ്ടെത്തിയത് ആർട്ടേറ്റയെയാണ്. ആദ്യത്തെ രണ്ടു സീസണുകളിലെ കിതപ്പിനു ശേഷം ആർട്ടേറ്റയ്ക്കു കീഴിൽ ആഴ്സനൽ കുതിച്ചുയർന്നു.
2022-23, 24, 25 സീസണുകളിൽ ആഴ്സനൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
കിരീടനേട്ടത്തിലേക്കെത്തിയില്ലെങ്കിലും തുടർച്ചയായി മൂന്നു സീസണുകളിൽ രണ്ടാം സ്ഥാനത്തെത്തി വീണ്ടും ചാംപ്യൻസ് ലീഗ് മൽസരവേദികളിലേക്ക് പട നയിച്ചു. ഒരു ദശാബ്ദത്തിലേറെയായി പഴയകാല പാരമ്പര്യം മാത്രം കൈമുതലായിരുന്ന ഗണ്ണേഴ്സിനെ മുൻനിര ടീമുകൾ വീണ്ടും കരുതലോടെ നേരിടാൻ തുടങ്ങി.
ഇക്കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായ വിജയങ്ങളോടെ വന്‍കുതിപ്പ് നടത്തിയെങ്കിലും തുടർച്ചയായ സമനിലകളും അപ്രതീക്ഷിതമായി പിണഞ്ഞ ചില തോൽവികളും ആദ്യഘട്ടത്തിൽ ചാംപ്യൻ പദവിയിലേക്ക് കുതിക്കുകയാണെന്നു കരുതിയ ഗണ്ണേഴ്സിനു തിരിച്ചടിയായി. സീസണിന്റെ ആദ്യ പകുതിയിൽ ലിവർപൂളിനു ശക്തമായ ഭീഷണിയാകുമെന്നു കരുതിയ ആഴ്സനല്‍ ലീഗ് മൽസരങ്ങൾ അവസാനിക്കുന്നതിന് ഏറെ മുൻപ് തന്നെ ഒന്നാം സ്ഥാനത്തിനുള്ള മൽസരത്തിൽ ഏറെ പിന്നിലായി. സീസണ്‍ അവസാനിക്കുമ്പോള്‍ 84 പോയിന്‍റുമായി ചാംപ്യന്‍മാരായ ലിവര്‍പൂളിനു പിന്നില്‍ 74 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കളിയവസാനിപ്പിക്കുകയായിരുന്നു ആര്‍ട്ടേറ്റയുടെ പോരാളികള്‍.
പക്ഷേ, തൊട്ടു മുന്‍പത്തെ സീസണിൽ ലീഗിലെ അവസാനദിനം വരെ കിരീട പോരാട്ടം നീട്ടിക്കൊണ്ടുപോവാൻ ആഴ്സനലിനു കഴിഞ്ഞിരുന്നു. അന്ന് ലീഗ് ജേതാക്കളായ സിറ്റിയുമായുള്ള വ്യത്യാസം വെറും രണ്ടു പോയിന്റ് മാത്രമായിരുന്നു. സിറ്റി 91. ആഴ്സനൽ 89.
ഇത്തവണ ചാംപ്യൻസ് ലീഗ് സെമി ഫൈനൽ വരെ മുന്നേറിയ ആഴ്സനൽ സെമിയിൽ ചാംപ്യൻമാരായ പാരിസ് സെന്‍റ് ജർമനെതിരെയാണ് കീഴടങ്ങിയത്.

ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ റയൽ മാഡ്രിഡിനെതിരായ ആഴ്സനലിന്‍റെ തകർപ്പൻ വിജയം ഈ സീസണിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു.
തകർച്ചയുടെ പടുകുഴിയിൽ നിന്നും ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും മികച്ച ടീമുകളിലൊന്നായി ആഴ്സനൽ വീണ്ടും കുതിച്ചുയർന്നതിനു പിന്നിൽ ആർട്ടേറ്റയുടെ തന്ത്രമികവുകൾ തന്നെയാണ്. ബുക്കായോ സാക്ക, ഡെക്ലാന്‍ റൈസ്, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, കായ് ഹാവേര്‍ട്സ്, മൈല്‍സ് ലൂയിസ് സ്കെല്ലി എന്നിവര്‍ ടീമിന്റെ വെടിയുണ്ടകളായി മാറി. വമ്പന്‍ ടീമുകളെ നേരിടുമ്പോള്‍ വര്‍ധിതവീര്യം കൈവരിക്കുന്ന ആഴ്സനലിന് പക്ഷേ, അപ്രതീക്ഷിതമായി ചെറിയ ടീമുകളില്‍ നിന്ന് തോല്‍വികള്‍ പിണഞ്ഞത് തിരിച്ചടിയായി. മുന്നേറ്റ നിരയിലെ ശക്തികേന്ദ്രങ്ങളായ ബുക്കായോ സാക്ക, കായ് ഹാവേര്‍ട്സ് എന്നിവര്‍ക്ക് കഴിഞ്ഞ സീസണില്‍ പരുക്കു മൂലം കളികള്‍ നഷ്ടമായത് ആര്‍ട്ടേറ്റയുടെ കിരീടമോഹങ്ങളുടെ ചിറകരിഞ്ഞു. പ്രതിരോധം ശക്തമായിരുന്നിട്ടും ഗോളടിയില്‍ പിന്നിലായതാണ് കാരണമെന്നു കണ്ടെത്തിയ ആര്‍ട്ടേറ്റ സ്പോര്‍ട്ടിങ് ലിസ്ബണിന്‍റെ ഗോളടി യന്ത്രം സ്വീഡിഷ് താരം വിക്ടര്‍ യോക്കേരേസിനെ ഇത്തവണ ടീമിലെത്തിച്ചിട്ടുണ്ട്.
വീണ്ടുമൊരു സീസണ്‍ തുടങ്ങിയിരിക്കുകയാണ്. കരുത്തന്‍മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും നാലു വീതം ഗോളുകള്‍ അടിച്ചാണ് തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ ഉറപ്പിച്ച ആര്‍നെ സ്ലോട്ടിന്‍റെ ചെമ്പടയും നഷ്ടമായ കിരീടം വീണ്ടെടുക്കാന്‍ ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും അതിശക്തമായ പ്രകടനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ശക്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവരുടെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തകര്‍ത്തുകൊണ്ട് ആര്‍ട്ടേറ്റയുടെ സംഘവും തേരോട്ടം തുടങ്ങിക്കഴിഞ്ഞു. ആദ്യ പകുതിയില്‍, 13ാം മിനുട്ടില്‍ ഇറ്റാലിയന്‍ താരം റിക്കാര്‍ദോ കലഫിയോറിയുടെ ഗോളിലാണ് പീരങ്കിപ്പടയുടെ ആദ്യ വിജയം പിറന്നിരിക്കുന്നത്.

ആഴ്സനല്‍ ആരാധകര്‍ കാത്തിരിക്കുകയാണ് മറ്റൊരു അപരാജിത സീസണ്‍ ആവര്‍ത്തിക്കുമോ എന്നറിയാന്‍. തിയറി ഹെൻറിയും പാട്രിക് വിയേറയും ബെര്‍ഗ്ക്യാംപും ഓവര്‍മാഴ്സുമെല്ലാം ചേര്‍ന്ന അപരാജിതരുടെ അപാര നേട്ടത്തിന്‍റെ ഓര്‍മകള്‍ ആരാധകര്‍ക്ക് ഇപ്പോഴും ആവേശമാണ്. അന്ന് ലീഗിലെ 38 മല്‍സരങ്ങളില്‍ ഒന്നു പോലും തോല്‍ക്കാതെയാണ് ആഴ്സനല്‍ ജേതാക്കളായത്. മറ്റൊരു ടീമിനും ഈ റെക്കോര്‍ഡ് തകര്‍ക്കാനായിട്ടില്ല. 2004ലെ സ്വപ്നസംഘം 26 മല്‍സരങ്ങള്‍ ജയിച്ചപ്പോള്‍, ബാക്കിയുള്ള 12 മല്‍സരങ്ങള്‍ സമനിലയിലും അവസാനിച്ചു.
കളിച്ചു നേടാന്‍ കഴിയാതിരുന്ന കിരീടം ആര്‍ട്ടേറ്റയ്ക്കു കളിപ്പിച്ചു നേടാന്‍ കഴിയുമോ എന്ന ചോദ്യം പീരങ്കിപ്പടയുടെ ആരാധകര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ മൂന്നു തവണയും നേടിയ മികച്ച രണ്ടാമത്തെ ടീം എന്ന പെരുമ ആഴ്സനല്‍ ആരാധകര്‍ക്കു മതിയാവുന്നതല്ല. മനസില്‍ അപരാജിതരുടെ പടയോട്ടത്തിന്‍റെ ഓര്‍മകള്‍ സൂക്ഷിക്കുന്നവരാണവര്‍.
Content Highlights: From subordinate to coach, Arteta aims to revive Arsenal`s winning legacy. Can the Gunners interruption their ti








English (US) ·