പുക ഊതി വിട്ട് ദയ സുജിത്ത്, എന്താ ഒരു സ്വാഗ്! എനിക്ക് തന്നെ എന്നോട് അഭിമാനം തോന്നുന്നു എന്ന് താരപുത്രി; വെറുമൊരു തുടക്കമല്ല ഇത്

3 days ago 1
അഭിനയം രക്തത്തില്‍ തന്നെയുണ്ടായിരുന്നെങ്കിലും, അതിനെ സ്വന്തം കഴിവും അധ്വാനവും കൊണ്ട് വളര്‍ത്തിയെടുക്കാനാണ് ദയ സുജിത്ത് തെരഞ്ഞെടുത്തത്. നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവിന്റെയും മകളായ ദയയ്ക്ക് സിനിമയിലേക്കുള്ള വാതില്‍ പരിചിതമായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ പേരിന്റെ തണലില്‍ എളുപ്പവഴി തേടാതെ, സ്വന്തം കഴിവില്‍ വിശ്വസിച്ച് അഭിനയത്തെ പഠിക്കാനും പരിശീലിക്കാനുമാണ് ദയ തീരുമാനിച്ചത്.

അഭിനയത്തോടുള്ള ആഴത്തിലുള്ള താല്‍പര്യമാണ് ദയയെ മുംബൈയിലേക്ക് എത്തിച്ചത്. അവിടെ അഭിനയപരിശീലനത്തിനായി സമയം ചെലവഴിക്കുന്നതിനൊപ്പം, ദി ആക്ടര്‍സ് ട്രൂത് പോലുള്ള പരിശീലനവേദികളിലൂടെ തന്റെ അഭിനയശേഷിയെ കൂടുതല്‍ മെച്ചപ്പെടുത്തുകയായിരുന്നു. ക്ലാസിലെ ലെവല്‍ 3-ല്‍ ചെയ്ത ഒരു സീന്‍ വര്‍ക്കാണ് ഇപ്പോള്‍ ദയയുടെ ആദ്യ സ്‌ക്രീന്‍ അരങ്ങേറ്റമായി മാറിയിരിക്കുന്നത്. ''എന്റെ ആദ്യത്തെ സ്‌ക്രീന്‍ ഡെബ്യൂ'' എന്ന് അഭിമാനത്തോടെ പങ്കുവെച്ച വീഡിയോ, ഒരു തുടക്കത്തിനപ്പുറം, അഭിനയത്തിലേക്കുള്ള അവളുടെ വളര്‍ച്ചയുടെ രേഖ കൂടിയാണ്.

എന്നാല്‍ ദയയുടെ ഈ ആദ്യ സ്‌ക്രീന്‍ സാന്നിധ്യത്തെ ശ്രദ്ധേയമാക്കുന്നത് അവര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആഴവും അതിലൂടെ ഉയര്‍ന്നുവരുന്ന ജീവിതത്തിന്റെ വൈരുധ്യങ്ങളുമാണ്. പരോമ്മയും കബീറും എന്ന രണ്ട് കഥാപാത്രങ്ങളിലൂടെ, ജീവിതത്തെ തിരഞ്ഞെടുക്കുന്നതിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളാണ് കഥ മുന്നോട്ടുവയ്ക്കുന്നത്.

Samayam Malayalamകല്യാണത്തിന്റെ തിയ്യതി അടക്കം എല്ലാം തീരുമാനിച്ചത് അഹാന; അച്ഛനെന്ന നിലയിൽ പങ്കെടുക്കാന്‍ മാത്രം എത്തിയതാണ് താൻ എന്ന് കൃഷ്ണ കുമാര്‍
പരോമ്മയെ നോക്കുമ്പോള്‍, അവള്‍ ഒരു സാധാരണ 'വീട്ടമ്മ' എന്ന നിര്‍വചനത്തില്‍ ഒതുങ്ങുന്ന കഥാപാത്രമല്ല. ഭര്‍ത്താവിനൊപ്പം ജീവിക്കേണ്ടി വരുന്ന, ആ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിച്ചാലും അതിന് കഴിയാത്ത, സ്വന്തം ജീവിതത്തിന്റെ തിരഞ്ഞെടുപ്പുകളില്‍ പലതും നഷ്ടപ്പെട്ട ഒരു സ്ത്രീയാണ് അവള്‍. അവള്‍ക്ക് ചുറ്റും ആളുകളുണ്ട്, ഒരു കുടുംബമുണ്ട്, ഒരു ജീവിതമുണ്ട്. എന്നിട്ടും ഉള്ളില്‍ അവള്‍ ഒരു ഏകാകിയാണ്. മറ്റുള്ളവരുടെ സാന്നിധ്യത്തിനിടയിലും സ്വന്തം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകേണ്ടിവരുന്ന ഒരാള്‍.

ഇവിടെയാണ് 'ലോനര്‍' എന്ന ആശയം കഥാപാത്രത്തിലൂടെ കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ഒരാള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തിരഞ്ഞെടുക്കുന്നതല്ല, മറിച്ച് സാഹചര്യങ്ങളും ബന്ധങ്ങളും ചേര്‍ന്ന് അവനെ ഒറ്റപ്പെടലിലേക്ക് തള്ളിവിടുന്നതാണ് പരോമ്മയുടെ ജീവിതം. അതേസമയം, താന്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് സ്വയം തീരുമാനിച്ച ഒരാളാണ് കബീര്‍. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാനും, തനിക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാനും കഴിയണമെന്നാണ് അവന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ കബീര്‍ തിരഞ്ഞെടുക്കുന്ന ഏകാന്തതയും പരോമ്മ അനുഭവിക്കുന്ന ഏകാന്തതയും ഒരുപോലെയല്ല.


പരോമ്മയുടെ ഏറ്റവും വലിയ സങ്കീര്‍ണത അവളുടെ ജീവിതത്തെക്കുറിച്ചുള്ള അവളുടെ തന്നെ കാഴ്ചപ്പാടിലാണ്. അവള്‍ ജീവിക്കുന്നത് ഒരു നിയന്ത്രിത ജീവിതമാണെന്ന് പ്രേക്ഷകന് മനസ്സിലാകുമ്പോഴും, അതിനെ തന്നെയാണ് അവള്‍ ഒരു ഘട്ടത്തില്‍ 'ശരിയായ' ജീവിതരീതിയായി വിശ്വസിക്കുന്നത്. സന്തോഷിക്കാനും തൃപ്തിപ്പെടാനും ശ്രമിക്കുന്നതിനിടയിലും ഉള്ളില്‍ മറ്റൊരു സത്യം അവള്‍ക്കറിയാം. താന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചതല്ല ഈ ജീവിതമെന്ന് അവളുടെ മനസ്സ് തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവും അതിനെ അംഗീകരിച്ച് ജീവിക്കേണ്ടിവരുന്ന നിര്‍ബന്ധിതാവസ്ഥയും കഥാപാത്രത്തിന് വലിയൊരു മാനസിക വെല്ലുവിളിയാകുന്നു.

ഈ സങ്കീര്‍ണമായ കഥാപാത്രത്തെ ദയ സുജിത്ത് വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളാല്‍ ചുറ്റപ്പെട്ട ഒരു വീട്ടമ്മയുടെ വേഷം എന്നതിലുപരി, ആ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥയാണ് ദയ പ്രകടനത്തിലൂടെ പകര്‍ത്തുന്നത്. പുറത്തേക്ക് അവള്‍ സ്വയം തൃപ്തയാണെന്ന് തോന്നിപ്പിക്കുമ്പോഴും, ഉള്ളില്‍ മറ്റൊരു ജീവിതത്തെക്കുറിച്ചുള്ള ആഗ്രഹവും വേദനയും സൂക്ഷിക്കുന്ന പരോമ്മയെ ദയയുടെ പ്രകടനം കൂടുതല്‍ വിശ്വസനീയമാക്കുന്നു. വലിയ ഭാവപ്രകടനങ്ങളിലേക്ക് പോകാതെ, മുഖത്ത് വരുന്ന ചെറിയ മാറ്റങ്ങളിലൂടെയും നോട്ടങ്ങളിലൂടെയും നിശ്ശബ്ദതകളിലൂടെയും കഥാപാത്രത്തിന്റെ ഉള്ളിലെ സംഘര്‍ഷം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഒരു സംഭാഷണം പറയുന്നതിന് മുമ്പും ശേഷവും കഥാപാത്രത്തിന്റെ മുഖത്ത് ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പരോമ്മയുടെ മനോഭാവത്തെ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കുന്നു.


അഭിനയപരിശീലനം ദയയെ ഒരു നടിയായി മാത്രമല്ല, ഒരു കലാകാരിയായി തന്നെ മാറ്റിയെന്നതാണ് ഈ യാത്രയുടെ പ്രത്യേകത. പരിശീലകരായ ശില്‍പ സിന്‍ഹ, മനിനി ചക്രബര്‍ത്തി, റിതേഷ് വിമല സിംഗ്, സൗരഭ് സച്ച്‌ദേവ, യുവ്രാജ് കേവല്‍റമണി തുടങ്ങിയവരോടുള്ള നന്ദിയും ദയ തന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഠിച്ചും പരീക്ഷിച്ചും തെറ്റുകളില്‍ നിന്ന് വളര്‍ന്നുമാണ് ദയ തന്റെ അഭിനയഭാഷ രൂപപ്പെടുത്തുന്നത് എന്ന് ഇ പോസ്റ്റില്‍ നിന്ന് തന്നെ നമ്മുക്ക് മനസിലാകും.


ഇതില്‍ ദയയുടെ മാതാപിതാക്കളുടെ സ്വാധീനവും വളരെ നിര്‍ണായകമാണ്. പ്രത്യേകിച്ച്, വ്യത്യസ്ത കഥാപാത്രങ്ങളെ സ്വാഭാവികതയോടെയും തന്മയത്വത്തോടെയും അവതരിപ്പിച്ച് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ അസാധാരണ ക്യാരക്ടര്‍ ആക്ടറായ മഞ്ജു പിള്ളയുടെ മകളെന്ന നിലയില്‍ അഭിനയത്തിന്റെ ലോകത്തെ അടുത്തുനിന്ന് മനസ്സിലാക്കാനുള്ള അവസരം ദയയ്ക്ക് ലഭിച്ചു. എന്നാല്‍ ആ പാരമ്പര്യത്തെ പിന്തുടരുന്നതിനൊപ്പം സ്വന്തം വ്യക്തിത്വം കണ്ടെത്താനാണ് അവര്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും ദയ നന്നേ സജീവമാണ്. ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയില്‍ തന്റെ ജീവിതവും കാഴ്ചപ്പാടുകളും തുറന്നുപറയുന്ന അവള്‍, വിമര്‍ശനങ്ങളെ ഭയന്ന് പിന്നോട്ടുപോകുന്ന വ്യക്തിയല്ല, മറിച്ച് വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിട്ടപ്പോഴും, എന്ത് ധരിക്കണമെന്നത് തന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് വ്യക്തമാക്കിക്കൊണ്ട് അവള്‍ ശക്തമായി പ്രതികരിച്ചു. ധൈര്യവും തുറന്നുപറയാനുള്ള മനസ്സും ദയയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.

ആദ്യ സ്‌ക്രീന്‍ അരങ്ങേറ്റത്തില്‍ തന്നെ മാതാപിതാക്കളെ അഭിമാനിപ്പിക്കാന്‍ കഴിഞ്ഞതാണ് ദയയ്ക്ക് ഏറ്റവും വലിയ സന്തോഷം. അവരുടെ സ്വാധീനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെങ്കിലും, സ്വന്തം തീരുമാനങ്ങളിലൂടെയും പരിശീലനത്തിലൂടെയും സ്വന്തം വഴി വെട്ടിത്തുറക്കുന്ന ദയ സുജിത്തിന്റെ അഭിനയയാത്രയ്ക്ക് ഇനി ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. ഇതേപോലെ ഇനി ദയയുടെ ആദ്യ സിനിമ തുടക്കവും മികച്ചതാവും എന്ന് തന്നെ പ്രതീക്ഷിക്കാം.

Read Entire Article