02 June 2025, 01:07 PM IST

Photo: PTI
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരേ കേസെടുത്ത് പോലീസ്. പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയിലാണ് പബ്ബ് മാനേജര്‍ക്കെതിരേ ബെംഗളൂരു കബ്ബണ്‍ റോഡ് പോലീസ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവര്‍ത്തിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ തന്നെ കബ്ബണ്‍ റോഡ് പോലീസ് പബ്ബ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നും പുകവലിക്കാനുള്ള സംവിധാനം ഒരുക്കാതിരുന്നതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ഇതാദ്യമായല്ല കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബ് വിവാദത്തില്‍പ്പെടുന്നത്. നേരത്തേ സ്ഥാപനത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി.യില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. വെങ്കടേഷ് എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എന്‍ഒസിയില്ലെന്ന കണ്ടെത്തല്‍. ഇതിന്റെയടിസ്ഥാനത്തില്‍ വെങ്കടേഷ് പരാതിയുമായി മുന്നോട്ടുപോയതോടെയാണ് അന്ന് കോര്‍പ്പറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
രാത്രി ഒരു മണിക്ക് ശേഷം പബ്ബ് പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ നേരത്തേയും സ്ഥാപനത്തിന് നോട്ടീസ് ലഭിച്ചിരുന്നു. ഇതില്‍ ബെംഗളൂരു പോലീസ് എഫ്‌ഐആര്‍. രജിസ്റ്ററും ചെയ്തിരുന്നു. എംജി റോഡില്‍ നിശ്ചിത സമയപരിധിക്കപ്പുറം പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കൊപ്പമാണ് വണ്‍ 8-നെതിരെയും നടപടിയുണ്ടായത്. അനുവദിച്ച സമയം കഴിഞ്ഞും പ്രദേശത്തുനിന്ന് വലിയ ഉച്ചത്തില്‍ മ്യൂസിക് കേള്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് നടപടി. 2023 ഡിസംബറിലാണ് പബ്ബ് ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി, മുംബൈ, പുണെ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വണ്‍ 8-ന് ശാഖകളുണ്ട്.
Content Highlights: Virat Kohli`s Bengaluru pub, One8 Commune, faces a constabulary lawsuit for lacking a designated smoking area








English (US) ·