Published: August 12, 2025 09:35 AM IST
1 minute Read
ന്യൂഡൽഹി∙ ആറ്റുനോറ്റിരുന്ന വാങ്ങിയ പുതിയ കാർ തന്നെ തുടക്കത്തിൽത്തന്നെ പണി കൊടുത്തതിന്റെ വിഷമത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ്ദീപ്. അതിസുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് ഉത്തർപ്രദേശ് ഗതാഗത വകുപ്പാണ് ആകാശ്ദീപിന് ‘പണി കൊടുത്തത്’. നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഗതാഗത വകുപ്പ് അധികൃതർ ആകാശ്ദീപിന് നോട്ടിസ് അയച്ചു. ആകാശ്ദീപ് വാഹനം വാങ്ങിയ ഡീലർമാർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ വാഹനം കൈമാറിയതിന് ഡീലർമാർക്ക് ഒരു മാസത്തെ സസ്പെൻഷനും കിട്ടി!
കഴിഞ്ഞ ദിവസമാണ് 62 ലക്ഷം രൂപ മുടക്കി ആകാശ്ദീപ് ഒരു ബ്ലാക്ക് ടൊയോട്ട ഫോർച്യൂണർ വാങ്ങിയത്. കുടുംബാംഗങ്ങൾക്കൊപ്പം ഷോറൂമിലെത്തി വാഹനം കൈപ്പറ്റുന്ന ചിത്രങ്ങൾ സഹിതം ആകാശ്ദീപ് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ്, അതിസുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റ് സ്ഥാപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചത്.
‘‘സ്വപ്നം യാഥാർഥ്യമായി. താക്കോൽ സ്വീകരിച്ചു. ജീവതത്തിലെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം’ – കാർ ഏറ്റുവാങ്ങുന്ന ചിത്രം സഹിതം ആകാശ്ദീപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ചിത്രത്തിനു താഴെ ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ളവർ അഭിനന്ദനവുമായി എത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പര്യടനത്തിലെ മിന്നുന്ന പ്രകടനത്തിനു പിന്നാലെയാണ് ആകാശ്ദീപിന് മാതൃസംസ്ഥാനത്തുനിന്ന് ഇത്തരമൊരു പണി കിട്ടിയത്. പരമ്പരയിൽ മൂന്നു ടെസ്റ്റുകളിൽ കളിച്ച ആകാശ്ദീപ് 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതിൽ ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. 1986ൽ ചേതൻ ശർമയ്‌ക്കു ശേഷം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിൽ 10 വിക്കറ്റ് വീഴ്ത്തുന്ന ബോളറെന്ന നേട്ടവും ആകാശ്ദീപ് സ്വന്തമാക്കിയിരുന്നു. ഇതിനു പുറമേ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നൈറ്റ് വാച്ച്‌മാനായെത്തി അർധസെഞ്ചറി നേടിയും ആകാശ്ദീപ് ഞെട്ടിച്ചു.
English Summary:








English (US) ·