അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസണിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഏത് ടീമിലാകും കളിക്കുന്നത്. രാജസ്ഥാൻ റോയൽസിൽ തുടരുമോ അതോ പുതിയ ടീമിൽ കാണുമോ? രാജസ്ഥാനിലാണെങ്കിൽ ക്യാപ്റ്റൻ സ്ഥാനത്ത് ഉണ്ടാകുമോ? ഈ രണ്ട് ചോദ്യങ്ങളാണ് ക്രിക്കറ്റ് പ്രേമികളുടെ ഇപ്പോഴത്തെ പ്രധാനചർച്ചാ വിഷയങ്ങളിലൊന്ന്. ടീം വിടാനുള്ള ആഗ്രഹം സഞ്ജു പ്രകടിപ്പിച്ചെന്ന് ക്രിക്കറ്റ് വെബ്‌സൈറ്റുകളായ ക്രിക്ക് ഇൻഫോയും ക്രിക്ക് ബസ്സും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രാജസ്ഥാൻ റോയൽസ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല. സഞ്ജുവാകട്ടെ, വിഷയത്തിൽ നിന്നൊഴിഞ്ഞ് ഏഷ്യകപ്പിനായുള്ള മുന്നൊരുക്കത്തിലുമാണ്.
ടീമനുവദിച്ചാൽ ഐപിഎൽ പ്ലെയർ ട്രേഡിങ്ങിലൂടെയോ, ലേലത്തിലൂടേയോ ആവും സഞ്ജു മറ്റൊരു ടീമിലെത്തുന്നത്.
റോയലല്ലാതെ രാജസ്ഥാൻ
രാജസ്ഥാൻ റോയൽസുമായി സഞ്ജുവിന് വൈകാരിക ബന്ധമുണ്ടെങ്കിലും ക്യാപ്റ്റനായും ഓപ്പണറായും സ്ഥാനം സുരക്ഷിതമല്ലാത്തതാണ് ടീം വിടാൻ പ്രേരിപ്പിക്കുന്ന ഘടകം. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ ഉയർച്ചയാണ് ഓപ്പണറുടെ റോളിൽ ഭീഷണിയുയർത്തുന്നത്. യശസ്വി ജയ്‌സ്വാളാണ് മറ്റൊരു ഓപ്പണർ. ഇരുവരും കഴിഞ്ഞ സീസണിൽ ക്ലിക്കായതോടെ, ഇതുമാറ്റാൻ പരിശീലകനായ രാഹുൽ ദ്രാവിഡും മാനേജ്‌മെന്റും തയ്യാറാകില്ല. ഇന്ത്യൻ ടീമിൽ ഓപ്പണറായി കളിക്കുന്ന സഞ്ജുവിന് താത്‌പര്യം ഓപ്പണർ റോളാണ്. സഞ്ജുവിന്റെ ശൈലിക്കിണങ്ങുന്നതും ഈ റോളാണ്.
ക്യാപ്റ്റൻ സ്ഥാനത്തിനും ഭീഷണിയുണ്ട്. 2022-ൽ ടീമിനെ ഫൈനലിലേക്ക് നയിച്ചതാണ് ക്യാപ്റ്റൻസിയിലെ മികച്ച പ്രകടനം. പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാൻ മാനേജ്‌മെന്റിന് താത്‌പര്യമുണ്ട്. അങ്ങനെയെങ്കിൽ റിയാൻ പരാഗിനോ, യശസ്വി ജയ്‌സ്വാളിനോ നറുക്ക് വീഴും. രാഹുൽ ദ്രാവിഡ് പരിശീലകനായതോടെ, ക്യാപ്റ്റൻസിയിൽ സഞ്ജുവിന് കാര്യമായ സ്വാതന്ത്ര്യം ലഭിക്കുന്നുമില്ല.
പിന്നാലെ ചെന്നൈ, കൊൽക്കത്ത
ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകൾക്ക് സഞ്ജുവിനെ ടീമിലെടുക്കാൻ ആഗ്രഹമുണ്ട്. ചെന്നൈയിലേക്ക് പോകാൻ സഞ്ജുവിനും ആഗ്രഹമുണ്ട്. നിലവിൽ ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈ ക്യാപ്റ്റനെങ്കിലും സഞ്ജുവെത്തിയാൽ ഭാവിയിൽ ക്യാപ്റ്റൻ സ്ഥാനം ലഭിച്ചേക്കും. മഹേന്ദ്ര സിങ് ധോനിയുടെ പിൻഗാമിയായി ആരാധകരെ ആകർഷിക്കാൻ കഴിയുന്ന താരത്തെ ചെന്നൈക്ക് ആവശ്യമുണ്ട്. മികച്ച ആരാധകക്കൂട്ടമുള്ള സഞ്ജു ടീമിന് മുതൽക്കൂട്ടാകുമെന്നാണ് ചെന്നൈ മാനേജ്‌മെന്റ് കരുതുന്നത്.
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനെന്ന നിലയിലാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ അജിൻക്യ രഹാനെയാണ് ടീമിനെ നയിച്ചത്. സഞ്ജു ലേലത്തിനെത്തുകയാണെങ്കിൽ കൊൽക്കത്ത ശക്തമായി രംഗത്തുണ്ടാകുമെന്നുറപ്പ്.
ട്രേഡിങ്, ലേലം
ഐപിഎൽ ടീമുകൾക്ക് കളിക്കാരെ കൈമാറാനുള്ള അവസരമാണ് ട്രേഡിങ്ങിലൂടെയുള്ളത്. കളിക്കാരന്റെ കരാർത്തുകയോ അതിൽ കൂടുതലോ നൽകി പരസ്പരധാരണയിലൂടെ സ്വന്തമാക്കാൻ കഴിയും. ഹാർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് ട്രേഡിങ്ങിലൂടെയാണ്. കളിക്കാരനുവേണ്ടി ചെലവാക്കുന്ന തുക ലേലത്തിനുള്ള തുകയിൽനിന്ന് കുറയ്ക്കുകയും ചെയ്യും.
സഞ്ജുവിന് 18 കോടിയാണ് രാജസ്ഥാൻ നൽകുന്നത്. ഇത്രയും തുകയോ, അതിനുള്ള കളിക്കാരെയോ നൽകി ചെന്നൈക്ക് സ്വന്തമാക്കാം. പണത്തേക്കാൾ രണ്ട് ചെന്നൈ കളിക്കാരെയാണ് രാജസ്ഥാൻ താത്‌പര്യപ്പെടുന്നതെന്ന് സൂചനകളുണ്ടായിരുന്നു.
2026-ൽ മിനി ലേലമാണ് ഐപിഎലിൽ ഉണ്ടാകുന്നത്. ജനുവരി തുടക്കത്തിലാകും ലേലം നടക്കുന്നത്. ടീമിന് ആറ് കളിക്കാരെ നിലനിർത്താൻ കഴിയും. ഇതിൽ നാല് താരങ്ങൾ ഇന്ത്യക്കായി കളിച്ചവരും രണ്ടുപേർ കളിക്കാത്തവരും രണ്ട് വിദേശതാരങ്ങളുമാകാം. 151 കോടി രൂപയാണ് കളിക്കാർക്കായി ചെലവിടാൻ കഴിയുന്നത്. 2025-ൽ ഇത് 120 കോടിയായിരുന്നു.
ലേലത്തിനു മുൻപ് പ്ലെയർ ട്രേഡിങ് വിൻഡോയുണ്ടാകും. ഡിസംബർ മുതൽ ജനുവരി വരെയാകും ഇത്.
റെക്കോഡ്
2022-ൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലേക്ക് നയിക്കാൻ കഴിഞ്ഞു. ടീമിനെ രണ്ടുതവണ പ്ലേ ഓഫിൽ എത്തിച്ച ആദ്യ നായകനാണ്. ടീമിന് ഏറ്റവും കൂടുതൽ ജയം നേടിക്കൊടുത്ത ക്യാപ്റ്റനും സഞ്ജുവാണ്.
Content Highlights: Will Sanju Samson enactment with Rajasthan Royals successful IPL?








English (US) ·