ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ നാലാംനമ്പർ ബാറ്ററായി സച്ചിൻ തെണ്ടുൽക്കർ ആദ്യമായി ഇറങ്ങിയത് 1992 ജനുവരി 25-നാണ്. അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ. 2013 നവംബർ 13-ന് മുംബൈയിലെ വാംഖഡെയിൽ, കരിയറിലെ അവസാന ടെസ്റ്റുവരെ സച്ചിൻ നാലാംനമ്പറിൽ തുടർന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ആ മത്സരത്തിൽ അഞ്ചാംനമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ വിരാട് കോലി, തൊട്ടടുത്തമത്സരത്തിൽ നാലാംനമ്പറിലേക്ക് സ്ഥാനക്കയറ്റംനേടി. കോലി എല്ലാ അർഥത്തിലും സച്ചിന്റെ പിൻഗാമിയാകുമെന്ന് അന്ന് ഉറപ്പിച്ചിരുന്നില്ലെങ്കിലും സംഭവിച്ചത് അതാണ്. തുടർന്ന് 12 വർഷം കോലി ആ സ്ഥാനത്ത് തുടർന്നു. ചുരുക്കിപ്പറഞ്ഞാൽ 33 വർഷമായി ടെസ്റ്റിലെ നാലാംനമ്പറിൽ ഇന്ത്യൻ ടീമിന് സംശയമില്ലായിരുന്നു.
എന്നാൽ, വരുന്ന ജൂൺ 20-ന് ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിൽ ടെസ്റ്റ് കളിക്കാനിറങ്ങുമ്പോൾ നാലാംനമ്പറിൽ പുതിയൊരാളെ കണ്ടെത്തണം. അതുമാത്രമല്ല, രോഹിത് ശർമയ്ക്ക് പകരം പുതിയ ക്യാപ്റ്റനെയും ഓപ്പണറെയും തീരുമാനിക്കണം. പത്തുവർഷത്തിലേറെക്കാലം വിദേശപിച്ചുകളിൽ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന സ്പിന്നർ ആർ. അശ്വിൻ വിരമിച്ചിട്ട് ആറുമാസമാകുന്നതേയുള്ളൂ.
സീനിയർ താരം രവീന്ദ്ര ജഡേജയും വിരമിക്കലിനോടടുക്കുന്നു. മറ്റൊരു മുതിർന്ന താരം മുഹമ്മദ് ഷമിയെ പരിക്ക് അലട്ടുന്നു. എന്തായാലും ടെസ്റ്റ് ക്രിക്കറ്റിൽ തലമുറമാറ്റത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കുമ്പോൾ അതിലെ ഭൂരിഭാഗവും യുവതാരങ്ങളാകും. മാറ്റം ടെസ്റ്റിൽ മാത്രം ഒതുങ്ങില്ല എന്നതാണ് സത്യം. വിരാട് കോലിയും രോഹിത്തും തത്‌കാലം ഏകദിനത്തിൽ തുടരുമെങ്കിലും എത്രകാലം എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്.
തലപ്പത്ത് ഗിൽ
ക്യാപ്റ്റൻസ്ഥാനത്ത് 25-കാരനായ മുൻനിര ബാറ്റർ ശുഭ്മാൻ ഗില്ലിനാണ് സാധ്യത കൂടുതലെങ്കിലും അത് ഉറപ്പിക്കാറായിട്ടില്ല. അവസാനംകളിച്ച ഓസ്‌ട്രേലിയൻ പര്യടനത്തിൽ രോഹിത് ശർമ കളിക്കാതിരുന്നപ്പോൾ, വൈസ് ക്യാപ്റ്റൻ ജസ്‌പ്രീത് ബുംറയാണ് ടീമിനെ നയിച്ചത്. അതിലൊരു മത്സരം ജയിക്കുകയുംചെയ്തു. സൗമ്യമായ ഇടപെടൽകൊണ്ട് എല്ലാവർക്കും സ്വീകാര്യനും സമകാലീനക്രിക്കറ്റിലെ മികച്ച പേസർമാരിലൊരാളുമായ ബുംറയാണ് ഇന്ത്യയെ നയിക്കേണ്ടതെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയുണ്ട്. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി ഈ സീസണിൽ കാഴ്ചവെച്ച മികച്ച പ്രകടനം ഗില്ലിന് തുണയാകും.
കൂട്ടത്തിൽ കൂടുതൽ പരിചയസമ്പന്നനായ കെ.എൽ. രാഹുലിനെയും നായകനായി പരിഗണിക്കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പുള്ള മറ്റൊരാൾ രാഹുലാണ്. മൂന്നുഫോർമാറ്റിലും വഴക്കത്തോടെ കളിക്കുന്നതും ഇടക്കാലത്ത് നായകന്റെ ചുമതല വഹിച്ചതും രാഹുലിന് അനുകൂലമാണ്.വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഇടക്കാലത്ത് ‘ഭാവിനായകൻ’ എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ തിരിച്ചടിയാകുന്നു.
ബാറ്റിങ്ങിൽ അനിശ്ചിതത്വം
ഓപ്പണറുടെ റോളിൽ 23-കാരനായ യശസ്വി ജയ്‌സ്വാൾ തുടരും. രോഹിത്-ജയ്‌സ്വാൾ സഖ്യം ഓപ്പണിങ്ങിലേക്കുവന്നപ്പോൾ നേരത്തേ ഓപ്പണറായിരുന്ന ഗിൽ വൺഡൗണിലേക്ക് മാറിയിരുന്നു. രണ്ടുയുവതാരങ്ങളെ ഓപ്പണിങ് ഏൽപ്പിക്കുന്നതിനു പകരം രാഹുലിനെ ഒാപ്പണിങ്ങിലേക്ക് തിരിച്ചുകൊണ്ടുവരുന്നതും പരിഗണിക്കും. നാലാംനമ്പർതൊട്ട് ബാറ്റിങ്‌സ്ഥാനം അനിശ്ചിതമാണ്. ഏകദിനത്തിൽ സ്ഥിരതയോടെ കളിക്കുന്ന ശ്രേയസ് അയ്യർ പരിഗണനയിലുണ്ടെങ്കിലും ഒന്നരവർഷത്തോളമായി അദ്ദേഹം ടെസ്റ്റ് കളിച്ചിട്ടില്ല. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെൽ, രജത് പടിദാർ, നിധീഷ് കുമാർ റെഡ്ഡി തുടങ്ങിയവരും ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടില്ല. നന്നായി കളിച്ചുകൊണ്ടിരിക്കെ മറ്റുപല കാരണങ്ങളാലും ടീമിനു വെളിയിലായ ഇഷാൻ കിഷനും തിരിച്ചുവരാൻ അവസരമുണ്ട്.
ബൗളിങ്ങിൽ, പേസർ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെ ഒഴിച്ചുനിർത്തിയാൽ സ്ഥിരാംഗങ്ങളില്ല. മുഹമ്മദ് ഷമിക്ക് ഫിറ്റ്‌നസ് പ്രശ്നങ്ങളുണ്ട്. ജഡേജയും വിരമിക്കലിലേക്ക് അടുത്തുകൊണ്ടിരിക്കെ, സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് കൂടുതൽ അവസരം കൊടുത്തേക്കും. പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ, ആകാശ്ദീപ് എന്നീ പേസർമാർ ഇടക്കാലത്ത് തിളങ്ങിയെങ്കിലും സ്ഥിരസാന്നിധ്യമാകാൻ ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഏതായാലും, ഇംഗ്ലണ്ട് പര്യടനത്തിനായി സെലക്‌ഷൻ കമ്മിറ്റി പ്രഖ്യാപിക്കുന്ന പേരുകൾ ഭാവി ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള ബ്ലൂ പ്രിന്റായിരിക്കും.
Content Highlights: amerind trial cricket squad caller skipper kohli rohit retirement








English (US) ·