ന്യൂഡൽഹി∙ ഉത്തേജക ഉപയോഗം തടയാൻ നിയമനിർമാണം ഉൾപ്പെടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയ ദേശീയ കായിക നയത്തിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തദ്ദേശീയ, പാരമ്പര്യ കായിക വിനോദങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും രാജ്യത്തെ കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമുള്ള കർമ പദ്ധതികളാണ് ‘ഖേലോ ഭാരത് നീതി –2025’ എന്നു പേരിട്ടിരിക്കുന്ന പുതിയ നയത്തിലുള്ളത്.
2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന രാജ്യത്തിന്റെ പ്രതീക്ഷകളുടെ റൂട്ടുമാപ്പാണിത്.
∙ 5 ലക്ഷ്യങ്ങൾ
കായിക രംഗത്ത് രാജ്യാന്തര നേട്ടങ്ങൾ കൈവരിക്കുക, കോർപറേറ്റുകളുടെ സഹകരണത്തോടെ രാജ്യത്തെ കായിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, താഴേത്തട്ടിലുള്ള പദ്ധതികളിലൂടെ കായിക മേഖലയെ ജനകീയമാക്കുക, ഗ്രാമങ്ങളിലും നഗരങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, വിദ്യാഭ്യാസ സമ്പ്രദായത്തിൽ കായിക മേഖലയെ ഉൾപ്പെടുത്തുക എന്നീ 5 ലക്ഷ്യങ്ങളാണ് ‘ഖേലോ ഭാരത് നീതി’ക്കുള്ളത്.
സ്കൂളുകൾ, കോളജുകൾ, യൂണിവേഴ്‌സിറ്റികൾ, പ്രാദേശിക ക്ലബ്ബുകൾ, കമ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ കായികമേളകൾ, ക്യാംപുകൾ, ലീഗ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. കായികതാരങ്ങൾക്കു പരിശീലനം, ശാസ്ത്രീയ പിന്തുണ, പ്രശ്നപരിഹാര സംവിധാനങ്ങൾ, വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക പിന്തുണ എന്നിവയ്ക്കായി സമഗ്ര പദ്ധതി ആവിഷ്ക്കരിക്കും.
ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ സംസ്ഥാനങ്ങൾക്കു നയങ്ങൾ പരിഷ്കരിക്കാം. ഒരു കായിക താരത്തെ ദത്തെടുക്കുക, ഒരു ജില്ലയെ ദത്തെടുക്കുക, ഒരു വേദി ദത്തെടുക്കുക തുടങ്ങിയ പദ്ധതികളിലാണ് കോർപറേറ്റുകളുടെ സാമ്പത്തിക സഹകരണം തേടുന്നത്.
∙ മറ്റു പ്രധാന നിർദേശങ്ങൾ
∙ മികച്ച ശരീരക്ഷമതയുള്ള ജീവിത ശൈലിക്കായി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കും.
∙ കായിക താരങ്ങളെ കണ്ടെത്താൻ ദേശീയതലത്തിൽ ഏകജാലക സംവിധാനം
∙ പരിശീലകരുടെ കാര്യക്ഷമത ഉറപ്പാക്കാൻ അക്രഡിറ്റേഷൻ സംവിധാനം
∙ സ്കൂളുകൾ, കോളജുകൾ, ജോലിസ്ഥലങ്ങൾ എന്നിവയ്ക്കായി ഫിറ്റ്നസ് സൂചികകൾ ഏർപ്പെടുത്തും.
∙ സ്പോർട്സ് സയൻസ്, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് മെഡിസിൻ, സാങ്കേതികവിദ്യ എന്നിവ പ്രോത്സാഹിപ്പിക്കും.
∙ സ്പോർട്സ് ടൂറിസം പ്രോത്സാഹിപ്പിക്കും
∙ വിദ്യാർഥികൾ, സജീവ കായികരംഗത്തു നിന്നു വിരമിച്ചവർ എന്നിവർക്കു വേണ്ടി വൊളന്റിയറിങ് പദ്ധതികൾ
∙ കായിക മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും പ്രോത്സാഹനം
∙ കായികരംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും.
English Summary:








English (US) ·