
സത്യജിത്ത് റേ, പഥേർ പാഞ്ചാലിയിലെ ഒരു രംഗം | Photos: satyajitray.org/
ടൈം മാസിക നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ അതിലുള്‍പ്പെട്ട ഒരേയൊരു ഇന്ത്യന്‍ സിനിമയാണ് സത്യജിത്ത് റേ സംവിധാനം ചെയ്ത പഥേര്‍ പാഞ്ചാലി. 1955 ഓഗസ്റ്റില്‍ വെളിച്ചംകണ്ട റേ മാസ്റ്റര്‍പീസിന് 70 തികയുന്നു. ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു പാത വെട്ടിത്തുറന്ന ഈ 'പാതയുടെ ഗീത'ത്തിന് (പഥേര്‍ പാഞ്ചാലി - പാതയുടെ ഗീതം) സവിശേഷതകള്‍ നിരവധിയാണ്. നിര്‍മ്മാണത്തിന് ശേഷം ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഈ റേ ക്ലാസ്സിക്കിനെ മറികടക്കുന്നൊരു രചനയും ഭാരതത്തില്‍ ജന്മം കൊണ്ടിട്ടില്ലെന്ന് നിസ്സംശയം പറയാവുന്നതാണ്.
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ അതേ പേരിലെ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് പഥേര്‍ പാഞ്ചാലി. അണിയറയിലും രംഗവേദിയിലുമെല്ലാം പുതുമുഖങ്ങളായിരുന്നുവെന്നതാണ് ഒരു പ്രത്യേകത. ബെന്‍സി ചന്ദ്രഗുപ്ത എന്ന കലാസംവിധായകന്‍ മാത്രമായിരുന്നു ഏക പരിചയസമ്പന്നന്‍. ഛായാഗ്രാഹകനായ സുബ്രതോ മിത്ര അടക്കം മറ്റ് സാങ്കേതിക വിദഗ്ധരെല്ലാം നവാഗതര്‍! പിന്നീട് സത്യജിത്ത്‌റേക്കൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് സിനിമയിലെ പ്രഗത്ഭനായ ക്യാമറാമാനായി സുബ്രതോ മിത്ര മാറി. 'ബൗണ്‍സ് ലൈറ്റിംഗ്' രീതി മിത്രയുടെ കണ്ടെത്തലാണ്. ബ്ലാക്ക് & വൈറ്റിലെ കവിതകള്‍ പോലെയാണ് റേയുടെ അപുത്രയം. അതില്‍ സുബ്രതോ മിത്രയുടെ പങ്ക് നിര്‍ണായകമാണ്. അദ്ദേഹം ആദ്യമായി മൂവി ക്യാമറ കയ്യിലെടുത്തത് പഥേര്‍ പാഞ്ചാലിയുടെ ചിത്രീകരണ സമയത്തായിരുന്നു. ഉള്ളിലുള്ള സിനിമയാണ്, സിനിമാസങ്കല്‍പങ്ങളാണ് അദ്ദേഹം പകര്‍ത്തിയതെന്ന് പറയാം.
പഥേര്‍ പാഞ്ചാലിക്ക് ശേഷം ബിഭൂതി ഭൂഷന്റെ തന്നെ അപരാജിതോ റേ സിനിമയാക്കി. അതോടെ സാഹിത്യരചനകള്‍ പൂര്‍ത്തിയായെങ്കിലും വീണ്ടുമൊരു സിനിമകൂടി ചേര്‍ത്ത് ഒരു ട്രിലോജി ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യം വെനീസ് ഫിലിം ഫെസ്റ്റിവെലില്‍ വെച്ച് കേള്‍ക്കവേ റേ ഉണ്ട് എന്ന ഉത്തരം നല്‍കിയത് ഏവര്‍ക്കും വിസ്മയം നല്‍കി. റേ തന്നെ പിന്നീട് പറഞ്ഞത് ''അങ്ങനെയൊരു ചിന്ത മനസ്സിലുണ്ടായിരുന്നില്ല'' എന്നാണ്. ''ഐ ഫൗണ്ട് മൈസെല്‍ഫ് ആന്‍സറിങ്ങ് യെസ്'' അദ്ദേഹം പിന്നീട് പറയുകയുണ്ടായി. അനുബന്ധം ചേര്‍ത്തുകൊണ്ടാണ് റേ അപുത്രയത്തിലെ മൂന്നാം ഭാഗമായ അപുര്‍ സന്‍സാര്‍ തയ്യാറാക്കിയത് - റേയുടെ ഒറിജിനല്‍ തിരക്കഥയില്‍. എക്കാലത്തേയും മികച്ച ഇന്ത്യന്‍ ക്ലാസിക്ക് സിനിമകളില്‍ റേയുടെ അപുത്രയം ഉന്നതസ്ഥാനം അലങ്കരിക്കുന്നു. പഥേറിന്റെ ഔന്നത്യം തര്‍ക്കമറ്റതെങ്കിലും അപുത്രയത്തില്‍ മൃണാള്‍ സെന്നിന്റെ ഇഷ്ടചിത്രം അപരാജിതോ ആണ്. ''അമ്മയും മകനും തമ്മിലെ ആത്മബന്ധം ഇത്ര ശക്തവും സുരഭിലവുമായി പകര്‍ത്തിയ മറ്റൊരു പടമില്ല'' എന്നാണ് മൃണാള്‍ സെന്‍ അഭിപ്രായപ്പെട്ടത്. അപുത്രയത്തിനൊപ്പം റേ ക്ലാസ്സിക്കുകളായി പരിഗണിക്കപ്പെടുന്ന പടങ്ങളില്‍ ജല്‍സാഘര്‍, ചാരുലത, ആഗന്തുക് തുടങ്ങിയവയുമുണ്ട്.
പ്രഥമചിത്രമായ പഥേര്‍ പാഞ്ചാലി നിര്‍മ്മിക്കുവാനായി സത്യജിത്ത് റേ നടത്തിയ സംഘര്‍ഷവും സമാനതയില്ലാത്ത യത്‌നവും ചരിത്രത്തിന്റെ ഭാഗമാണ്. അന്നത്തെ ബംഗാളിലെ പ്രസിദ്ധ നിര്‍മ്മാതാക്കളെല്ലാം കയ്യൊഴിഞ്ഞതോടെ (പാട്ടും നൃത്തവുമില്ലാത്ത പടം അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല.) സ്വയം പടം നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയും അതിനായി റേ വിവിധ രീതികളില്‍ പണം സ്വരൂപിക്കുകയും ചെയ്തു - പത്‌നിയുടെ ആഭരണം വിറ്റുകൊണ്ടുകൂടി. ബ്രിട്ടീഷ് അഡ്വര്‍ടൈസിംഗ് ഏജന്‍സിയായ ഡി.ജെ. കെയ്മര്‍ ആന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന റേ അവധി ദിവസങ്ങളിലായിരുന്നു പടത്തിന്റെ ചിത്രീകരണം നടത്തിയിരുന്നത്. അതിനാല്‍തന്നെ മൂന്നു വര്‍ഷത്തെ സമയമെടുത്തുകൊണ്ടാണ് പഥേര്‍ പാഞ്ചാലിയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
സെല്ലുലോയ്ഡിലെ കവിത എന്നാണ് പഥേര്‍ പാഞ്ചാലി വിശേഷിപ്പിക്കപ്പെട്ടത്. അതിന് ഏറ്റവും സഹായകരമായത് സുബ്രതോ മിത്രയുടെ ഛായാഗ്രഹണവും രവിശങ്കറിന്റെ സംഗീതവും തന്നെ. പ്രതിഭകളുടെ സംഗമമായിരുന്നു പഥേറിന്റെ അണിയറയില്‍. ലോകപ്രശസ്തനായ സീത്താർ മാസ്‌ട്രോ പണ്ഡിറ്റ് രവിശങ്കര്‍ ആദ്യമായാണ് ഒരു സിനിമയ്ക്ക് സംഗീതം നല്‍കിയത്. മധുരപലഹാരക്കാരനെ പിന്തുടര്‍ന്ന് അപുവും ദുര്‍ഗ്ഗയും പോകുമ്പോള്‍ വായിച്ച രാഗമേതെന്ന ചോദ്യത്തിന് രവിശങ്കറിന്റെ മറുപടി ''സിനിമയ്ക്കായി സൃഷ്ടിച്ചത്'' എന്നായിരുന്നു. അതിന്റെ പുനര്‍വായന ശ്രമകരവും. കാരണം നിയതമായ ഒരു ചട്ടക്കൂടിലും ഒതുങ്ങുന്നതായിരുന്നില്ല അനുപമമായ ആ വാദനം.
കാശിപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന വയലേലകളിലൂടെ ദൂരെ നിന്നെത്തുന്ന തീവണ്ടിയുടെ ശബ്ദത്തിന് കാതോര്‍ത്തുകൊണ്ട് ആദ്യമായി പുകവണ്ടി കാണുവാനായി പോകുന്ന അപുവും ദുര്‍ഗ്ഗയും. പശ്ചാത്തലസംഗീതം അവരുടെ ആകാംക്ഷാഭരിതമായ യാത്ര അനവദ്യസുന്ദരമായ സംഗീതയാനമായി മാറ്റുന്നു. സത്യജിത്ത് റേ ഒരിക്കല്‍ പശ്ചാത്തല സംഗീതത്തെക്കുറിച്ച് പറഞ്ഞത് ''ബീജിഎം ഈസ് ടു കീപ് ദി ഓഡിയന്‍സ് എന്‍ഗേജ്ഡ്'' എന്നാണ്. സ്‌ക്രീനില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ലെങ്കില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുനിര്‍ത്തുവാന്‍ പശ്ചാത്തലസംഗീതത്തിന് കഴിയുന്നു. അതിനുതകുന്ന ഉപകരണങ്ങളും വാദനങ്ങളും സംയോജിക്കുമ്പോള്‍. പശ്ചാത്തലസംഗീതത്തിന്റെ ആവശ്യകതയ്ക്കും ഉപയോഗത്തിനുമുള്ള ഒരു പാഠപുസ്തകം പോലെയാണ് പഥേര്‍ പാഞ്ചാലിയിലെ രവിശങ്കറിന്റെ സംഗീതം. എല്ലാ വിഭാഗങ്ങളിലും ഏറ്റവും പ്രഗത്ഭരേയും പ്രതിഭാധനരേയും അണിചേര്‍ക്കുവാന്‍ റേ എന്നും ദത്തശ്രദ്ധനായിരുന്നു. അനുഭവത്തിലുപരി പ്രതിഭയ്ക്കാണ് അദ്ദേഹം എന്നും ഊന്നല്‍ നല്‍കിയിരുന്നത്. സുബ്രതോ മിത്ര തന്നെ ഏറ്റവും വലിയ ഉദാഹരണം.
1929ലാണ് ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായ പഥേര്‍ പാഞ്ചാലി പ്രസിദ്ധീകരിച്ചത്. അത് ബംഗാളി വായനക്കാരുടെ മനംകവര്‍ന്ന സൃഷ്ടിയായി മാറുകയും ചെയ്തു. അക്കാലത്തെ പ്രധാന സാഹിത്യകാരന്മാരില്‍ ഒരാളായിരുന്നു ബിഭൂതി ഭൂഷണ്‍. സത്യജിത്ത് റേ പുസ്തകം വായിക്കുന്നത് അതിന്റെ കുട്ടികള്‍ക്കായുള്ള ചുരുക്കിയ രൂപത്തിന് ചിത്രങ്ങള്‍ വരച്ചപ്പോഴായിരുന്നു. നോവല്‍ അദ്ദേഹത്തെ ഹഠാദാകര്‍ഷിക്കുകയും അതിന്റെ സാധ്യതകള്‍ അദ്ദേഹം തിരിച്ചറിയുകയും ചെയ്‌തെങ്കിലും സിനിമയാക്കുവാനുള്ള ആലോചനയൊന്നും അപ്പോഴുണ്ടായിരുന്നില്ല. പിന്നീട് റേ ജോലി ചെയ്തിരുന്ന ആഡ് കമ്പനി ട്രെയിനിങ്ങിനായി അദ്ദേഹത്തെ അവരുടെ ഹെഡോഫീസായിരുന്ന ലണ്ടനിലേക്കയച്ചതാണ് വലിയ വഴിത്തിരിവായത്. ആറുമാസത്തെ ലണ്ടന്‍ വാസത്തിനിടയില്‍ നൂറോളം ഫിലിം ക്ലാസിക്കുകളാണ് റേ കണ്ടത്. അതില്‍ റന്വാര്‍, കുറോസോവ, ഡൊവ്‌ഷെങ്കോ, ഡിസീക്ക തുടങ്ങിയ മഹാരഥന്മാരുടെ പടങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. വിക്ടോറിയോ ഡിസീക്കയുടെ ഇറ്റാലിയന്‍ ഇതിഹാസ രചന 'ബൈസിക്കിള്‍ തീവ്‌സ്' ആണ് സിനിമാസംവിധായകനാകുവാന്‍ റേയ്ക്ക് പ്രചോദനം നല്‍കിയത്. ലണ്ടനില്‍ നിന്ന് മടങ്ങിവരുമ്പോള്‍തന്നെ പഥേര്‍ പാഞ്ചാലി സിനിമയാക്കുവാനുള്ള തീരുമാനം റേ കൈക്കൊണ്ടിരുന്നു.
ദീര്‍ഘകാലം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ ഏതാണ്ട് പടം തീരാറായപ്പോഴേയ്ക്ക് റേയുടെ സാമ്പത്തിക സ്രോതസ്സുകളെല്ലാം അടഞ്ഞുകഴിഞ്ഞിരുന്നു. വീണ്ടും മുന്നോട്ടുപോകുവാനാവാത്ത അവസ്ഥയിലാണ് റേ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബി.സി. റോയിയെ കണ്ട് സഹായം അഭ്യര്‍ഥിച്ചത്. പടത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ബി.സി റോയ് നിര്‍മ്മാണം ഏറ്റെടുക്കുവാന്‍ തീരുമാനിച്ചത് ചരിത്രമാണ്. പിന്നീടെല്ലാം സുഗമമായി നീങ്ങുകയും റേ പടം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയിലേക്ക് അയക്കുകയും ചെയ്തു. ദി റെസ്റ്റ് ഈസ് ഹിസ്റ്ററി എന്നു പറയാം.
കൊല്‍ക്കത്തയില്‍ റിലീസ് ചെയ്യുന്നതിനുമുമ്പ് ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലാണ് പഥേര്‍ പാഞ്ചാലിയുടെ പ്രഥമ പ്രദര്‍ശനം നടന്നത്. വലിയ സ്വീകരണമാണ് പടത്തിന് ലഭിച്ചത്. ലോക ചലച്ചിത്ര മേളകളിലേയ്ക്കുള്ള പഥേറിന്റെ യാത്ര അവിടെ ആരംഭിക്കുകയായിരുന്നു. രവിശങ്കറിനെ സംബന്ധിച്ച് പടം ഒരു നാഴികക്കല്ലായത് ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്‍ അതിന്റെ സൗണ്ട് ട്രാക്ക് ലോകസിനിമയിലെ ഏറ്റവും മികച്ച 50 സൗണ്ട് ട്രാക്കുകളിലൊന്നായി തിരഞ്ഞെടുത്തതാണ്. എക്കാലത്തേയും മികച്ച നൂറ് ചിത്രങ്ങളുടെ പട്ടികയില്‍ പഥേര്‍ പാഞ്ചാലിക്കൊപ്പം സത്യജിത്ത് റേയ്ക്ക് പ്രചോദനം നല്‍കിയ ഡിസീക്കയുടെ ബൈസിക്കിള്‍ തീവ്‌സും ചേരുന്നു. വിദേശത്തും ഇന്ത്യയിലുമായി നിരവധി പുരസ്‌കാരങ്ങള്‍ പടം വാരിക്കൂട്ടി - മികച്ച ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് അടക്കം. 70 ന്റെ നിറവിലും സമാനതകളില്ലാത്ത ഉയരത്തില്‍ നിലയുറപ്പിക്കുന്ന സൃഷ്ടിയാണ് പഥേര്‍ പാഞ്ചാലി.
Content Highlights: Celebrating 70 years of Satyajit Ray`s Pather Panchali
ABOUT THE AUTHOR
എം.സി. രാജനാരായണന്‍
എഴുത്തുകാരൻ, ചലച്ചിത്ര നിരൂപകൻ
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·