29 April 2025, 06:22 PM IST

വേടൻ
കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്ന കേസില്‍ വേടന്‍ എന്നറിയപ്പെടുന്ന റാപ്പ് ഗായകന്‍ ഹിരണ്‍ദാസ് മുരളിയുമായി കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി തെളിവെടുപ്പ് നടത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. വൈറ്റിലയിലെ ഫ്‌ളാറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. വേടന്‍ ദീര്‍ഘകാലം താമസിച്ച ഫ്‌ളാറ്റായതിനാലാണ് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പിനിടെ വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ പുതിയ പാട്ട് 'മോണോലോവ' നാളെ (ബുധനാഴ്ച) പുറത്തിറങ്ങുമെന്നും എല്ലാവരും അത് കേട്ട് അഭിപ്രായം പറയണമെന്നുമാണ് വേടന്‍ പറഞ്ഞത്. പുലിപ്പല്ലിനെ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
വേടനുമായി തൃശ്ശൂരിലെ വീട്ടിലും വനംവകുപ്പ് തെളിവെടുപ്പ് നടത്തും. പുലിപ്പല്ല് ലോക്കറ്റില്‍ മോഡിഫിക്കേഷന്‍ ചെയ്ത തൃശ്ശൂര്‍ വിയ്യൂരിലെ ജൂവലറിയില്‍ എത്തിച്ചും വേടനുമായി അന്വേഷണസംഘം തെളിവെടുക്കും. അതിനിടെ, വനംവകുപ്പ് കേസില്‍ വേടന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മെയ് രണ്ടിന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് പിടികൂടിയത്. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടന്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലായി. തുടര്‍ന്ന് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
തമിഴ്നാട്ടിലെ ആരാധകരാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. ഈ ആരാധകരില്‍ രഞ്ജിത് എന്നയാളെ മാത്രമാണ് തനിക്ക് പരിചയമുള്ളതെന്നും വേടന്‍ പറഞ്ഞിരുന്നു.
Content Highlights: NEw opus Monolova releases connected tomorrow, says Vedan during grounds collection





English (US) ·