പുതുമുഖങ്ങള്‍ക്ക് അവസരവുമായി വീണ്ടും മലയാളസിനിമ; 'യുകെഒകെ' സംവിധായകന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

8 months ago 8

arun vaiga ukok movie

ഇൻസ്റ്റഗ്രാം കുറിപ്പിനൊപ്പം അരുൺ വൈഗ പങ്കുവെച്ച റീലിൽനിന്ന്‌

സിനിമ സ്വപ്‌നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സംവിധായകന്‍ അരുണ്‍ വൈഗ. രഞ്ജിത്ത് സജീവന്‍ നായകനാവുന്ന തന്റെ പുതിയ ചിത്രമായ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' എന്ന ചിത്രത്തിന്റെ റിലീസ് അടുത്തിരിക്കെയാണ് സംവിധായകന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റീലില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് എഴുതിയത്. പുതുമുഖ താരങ്ങള്‍ക്കും അവരുടെ സമര്‍പ്പണത്തിനും വേണ്ടിയുള്ള ആദരവും ആശംസകളുമാണ് കുറിപ്പിലൂടെ പങ്കുവെച്ചത്.

വെയിലും മഴയും അവഗണനകളുമെല്ലാം താണ്ടി പല ഓഡിഷനുകളില്‍ ക്യൂ നില്‍ക്കുന്ന ഓരോ സിനിമാമോഹിക്കും സിനിമ ഒരു സമ്മാനമാകുമെന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സംവിധായകന്‍ അരുണ്‍ വൈഗ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത റീലില്‍ സാരംഗി എന്ന പുതുമുഖതാരത്തിന്റെ നിറകണ്ണുകളോടെയുള്ള മുഖം പ്രേക്ഷകര്‍ക്ക് കാണാം. ഈ വിഡിയോയില്‍ ഒരുപാട് ഓര്‍മകളും ആഗ്രഹങ്ങളും വായിക്കാന്‍ കഴിയുമെന്നും സംവിധായകന്‍ പറയുന്നു. സാരംഗിയെയും മറ്റു പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തില്‍, പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മൂന്നു സിനിമകളിലും പ്രധാനമായും പുതുമുഖങ്ങളായിരുന്നു അഭിനയിച്ചത്. സിനിമയിലെ ഈ തലമുറ മാറ്റം തുടര്‍ന്നും നടത്താന്‍ താന്‍ ശ്രമിക്കുമെന്നും ഓരോ സിനിമയിലും കുറഞ്ഞത് അഞ്ച് പുതുമുഖങ്ങളെങ്കിലും അവതരിപ്പിക്കുമെന്നും സംവിധായകന്‍ ഉറപ്പ് നല്‍കുന്നുണ്ട്. സാരംഗിക്കും സിനിമയിലെ മറ്റ് പുതുമുഖങ്ങളായ താരങ്ങള്‍ക്കും സംവിധായകന്‍ ഹൃദയം നിറഞ്ഞ വിജയാശംസകളും നേരുന്നുണ്ട്.

മേയ് 23-നാണ് അരുണ്‍ വൈഗ സംവിധാനം ചെയ്ത 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' തീയേറ്ററുകളില്‍ റീലീസ് ചെയ്യുന്നത്. രഞ്ജിത്ത് സജീവനെ കൂടാതെ ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, മനോജ് കെ.യു, അല്‍ഫോണ്‍സ് പുത്രന്‍, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി.കെ, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സിനോജ് പി. അയ്യപ്പന്‍, സംഗീതം: രാജേഷ് മുരുകേശന്‍, ഗാനരചന: ശബരീഷ് വര്‍മ്മ, സൗണ്ട് മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, കോറിയോഗ്രഫി: സുമേഷ് ആന്‍ഡ് ജിഷ്ണു, ആക്ഷന്‍: ഫിനിക്‌സ് പ്രഭു, മേക്കപ്പ്: ഹസന്‍ വണ്ടൂര്‍, വസ്ത്രലങ്കാരം: മെല്‍വി ജെ, എഡിറ്റര്‍: അരുണ്‍ വൈഗ, കലാസംവിധാനം: സുനില്‍ കുമാരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, പിആര്‍ഒ: എ.എസ്. ദിനേശ്, വാഴൂര്‍ ജോസ്, അരുണ്‍ പൂക്കാടന്‍, അഡ്വര്‍ടൈസിംഗ്: ബ്രിങ് ഫോര്‍ത്ത്.

Content Highlights: Director Arun Vaiga shares an inspiring connection for newcomers successful his caller movie UKOK

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article