Published: January 01, 2026 02:52 PM IST
1 minute Read
ഹരാരെ ∙ പുതുവർഷദിനത്തിൽ സിംബാബ്‌വെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ കുടുംബത്തിൽനിന്ന് ഒരു ദുഃഖവാർത്ത. താരത്തിന്റെ ഇളയ സഹോദരൻ മുഹമ്മദ് മഹ്ദിയുടെ മരണവാർത്തയാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് പങ്കുവച്ചത്. 13–ാം വയസ്സിലാണ് മുഹമ്മദ് മഹ്‌ദിയുടെ അകാലവിയോഗം. ഡിസംബർ 29നായിരുന്നു അന്ത്യം. ഇതിൽ അനുശോചനം രേഖപ്പെടുത്തിയാണ് സിംബാബ്‌വെ ക്രിക്കറ്റിന്റെ പ്രസ്താവന.
‘‘2025 ഡിസംബർ 29ന് ഹരാരെയിൽ വച്ച് 13–ാം വയസ്സിൽ അന്തരിച്ച തന്റെ പ്രിയപ്പെട്ട ഇളയ സഹോദരൻ മുഹമ്മദ് മഹ്ദിയുടെ അകാല വിയോഗത്തിൽ ദുഃഖത്തിലായ സിംബാബ്‌വെ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സിക്കന്ദർ റാസയ്ക്കും കുടുംബത്തിനും സിംബാബ്‌വെ ക്രിക്കറ്റ് (ഇസെഡ്‌സി) ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.’’– പ്രസ്താവനയിൽ പറഞ്ഞു.
ഹീമോഫീലിയ രോഗബാധിതനായിരുന്ന മുഹമ്മദ് മഹ്ദി, രോഗം മൂർച്ഛിച്ചതിനു പിന്നാലെയാണ് ഡിസംബർ 29ന്, 13–ാം വയസ്സിൽ വിടവാങ്ങിയത്. ഹരാരെയിലെ വാറൻ ഹിൽസ് സെമിത്തേരിയിൽ ഡിസംബർ 30നു സംസ്കാരം നടത്തി. പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് ‘ഹീമോഫിലിയ’. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോള്‍ മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്നതാണ് ഈ രോഗം.
‘‘ഈ വേദനാജനകമായ സമയത്ത് സിക്കന്ദർ റാസയ്ക്കും കുടുംബത്തിനുമൊപ്പം സിംബാബ്‌വെ ക്രിക്കറ്റ് ബോർഡും മാനേജ്‌മെന്റും കളിക്കാരും ജീവനക്കാരും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ദൈവം അവർക്ക് ആശ്വാസവും ശക്തിയും നൽകട്ടെ. മുഹമ്മദ് മഹ്ദിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.’’– സിംബാബ്‌വെ ക്രിക്കറ്റ് പ്രസ്താവനയിൽ പറയുന്നു. ‘ഹർട്ട് ബ്രോക്കൺ’ ഇമോജിയിട്ട് റാസയും കുറിപ്പ് ഷെയർ ചെയ്തു.
ക്രിക്കറ്റ് കരിയറിൽ നേട്ടങ്ങളുടെ വർഷം കടന്നുപോകുമ്പോഴാണ് റാസയുടെ ജീവിതത്തിൽ വ്യക്തിപരമായ നഷ്ടം ഉണ്ടാകുന്നത്. 2025ലെ ഐഎൽടി20 ടൂർണമെന്റിലാണ് സിക്കന്ദർ റാസ അവസാനമായി കളിച്ചത്. ഷാർജ വാരിയേഴ്സ് താരമായ റാസ, ടൂർണമെന്റിലെ 10 മത്സരങ്ങളിൽനിന്ന് 171 റൺസും 10 വിക്കറ്റുകളും നേടി. ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെ നയിക്കുന്നതും സിക്കന്ദർ റാസയാണ്.
English Summary:








English (US) ·