Published: December 21, 2025 12:58 PM IST
1 minute Read
മുംബൈ∙ വിമർശകരെ പോലും ഞെട്ടിച്ചുകൊണ്ടാണ് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്നു വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ബിസിസിഐ പുറത്തിരുത്തിയത്. നിലവിലെ സാഹചര്യത്തിൽ സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനാലാണ് ഗിൽ ടീമിൽ ഇല്ലാത്തതെന്ന് ചീഫ് സിലക്ടർ അജിത് അഗാർക്കർ പറഞ്ഞപ്പോൾ, ടീം കോംബിനേഷനിൽ ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പർ വേണമെന്നായിരുന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ന്യായീകരണം.
വൈസ് ക്യാപ്റ്റൻ ഗില്ലിനു പരുക്കേറ്റതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി കളിച്ചിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തുകളിൽനിന്ന് രണ്ടു സിക്സുകളും നാലു ഫോറുകളും ഉള്‍പ്പടെ 37 റൺസ് സ്വന്തമാക്കി തിളങ്ങി. ഈ മത്സരത്തിൽ ഗില്ലിനെ ബോധപൂർവം കളിപ്പിക്കാതിരുന്നതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗില്ലിന്റെ കാലിനു പരുക്കുണ്ടായിരുന്നെങ്കിലും കളിപ്പിക്കാതിരിക്കാൻ മാത്രം അതു ഗുരുതരമായിരുന്നില്ല. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയിരുന്ന ഗില്ലിന് അഹമ്മദാബാദിൽ കൂടി അവസരം ഒരുക്കാമായിരുന്നു. ഗില്ലിനും അഹമ്മദാബാദിൽ കളിക്കാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ മൂന്നു കളികളിൽ 32 റൺസ് മാത്രം നേടിയ ഗില്ലിനെ മാറ്റിനിർത്താൻ ബിസിസിഐ തീരുമാനിച്ചു.
ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കുന്ന കാര്യം അവസാന നിമിഷം വരെ ഗിൽ അറിഞ്ഞിരുന്നില്ലെന്നതാണു സത്യം. ഗില്ലിനെ ഒഴിവാക്കിയതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ട്വന്റി20 ലോകകപ്പിലെ പിച്ചുകളുടെ സ്വഭാവവും ഗില്ലിന്റെ പുറത്താകലിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം വ്യത്യസ്ത ഗ്രൗണ്ടുകളിലാണ്. ടൂർണമെന്റ് പുരോഗമിക്കുന്തോറും പിച്ച് ‘സ്ലോ’ ആകുമെന്നാണു പ്രവചനം. ഇതോടെ പവർപ്ലേ ഓവറുകളിൽ ലഭിക്കുന്ന റൺസ് മത്സരഫലത്തിൽ നിർണായകമാകും. പവർപ്ലേ ഓവറുകളിൽ മെല്ലെപ്പോക്കിനു പഴി കേൾക്കുന്ന ഗില്ലിനെ പുറത്തിരുത്തുകയെന്നതാണ് ഇതിനു പരിഹാരമായി ടീം മാനേജ്മെന്റ് കണ്ടത്.
തകർത്തടിക്കുന്ന സഞ്ജു അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറാകാൻ ഇതു വഴി തുറന്നു. രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനും ടോപ് ഓർഡറിൽ ഉപയോഗിക്കാവുന്ന താരമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിനിഷിങ് മികവ് മത്സരഫലങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഇതോടെ ലോകകപ്പിൽ പാണ്ഡ്യയുടെ ജോലി ഭാരം കുറയ്ക്കാൻ രണ്ടാമതൊരു ഫിനിഷർ കൂടി വേണ്ടിവന്നു. സ്വാഭാവികമായും റിങ്കു സിങ്ങും ടീമിലെത്തി.
English Summary:








English (US) ·