പുറത്തായി മടങ്ങുന്നതിനിടെ സായ് സുദർശനെ ‘ചൊറിഞ്ഞ്’ ബെൻ ഡക്കറ്റ്; നേരെ ഇംഗ്ലണ്ട് താരങ്ങളുടെ ഇടയിലേക്ക് ചെന്ന് ഇന്ത്യൻ താരം– വിഡിയോ

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 02 , 2025 04:17 PM IST

1 minute Read

സായ് സുദർശനും ബെൻ ഡക്കറ്റും തമ്മിലുണ്ടായ വാക്‌പോര് (X/@oneturf_news)
സായ് സുദർശനും ബെൻ ഡക്കറ്റും തമ്മിലുണ്ടായ വാക്‌പോര് (X/@oneturf_news)

ലണ്ടൻ∙ ആൻഡേഴ്സൻ – തെൻഡുൽക്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ താരം സായ് സുദർശനും ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റും നേർക്കുനേർ. രണ്ടാം ഇന്നിങ്സിൽ സായ് സുദർശൻ പുറത്തായി മടങ്ങുമ്പോൾ ബെൻ ഡക്കറ്റ് എന്തോ പറഞ്ഞതാണ് പ്രശ്നങ്ങൾക്കു കാരണമായത്. ഇതോടെ പവലിയനിലേക്ക് നടക്കുകയായിരുന്ന സായ് സുദർശൻ, ഡക്കറ്റിന് സമീപത്തേക്ക് നടന്നെത്തി. ഇംഗ്ലിഷ് താരങ്ങൾക്ക് നടുവിൽ നിൽക്കുകയായിരുന്ന ഡക്കറ്റിന് അതേ നാണയത്തിൽ മറുപടി നൽകിയ സായ് സുദർശനെ, ഹാരി ബ്രൂക്ക് ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് തിരിച്ചയച്ചത്.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ പുറത്തായി മടങ്ങുന്നതിനിടെ വിക്കറ്റെടുത്ത ആകാശ്ദീപ് ബെൻ ഡക്കറ്റിന്റെ തോളിൽ കയ്യിട്ട് സംസാരിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. മുൻ താരങ്ങൾ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ആ സംഭവത്തിനു തിരിച്ചടിയെന്നവണ്ണം ഇന്ത്യൻ യുവതാരം പുറത്തായി മടങ്ങുമ്പോൾ ബെൻ ഡക്കറ്റിന്റെ ‘ഇടപെടൽ’.

ഓപ്പണർ കെ.എൽ. രാഹുൽ പുറത്തായതിനു പിന്നാലെ വൺഡൗണായാണ് സായ് സുദർശൻ ബാറ്റിങ്ങിന് എത്തിയത്. 29 പന്തിൽ ഒരു ഫോർ സഹിതം 11 റൺസുമായി ഗസ് അറ്റ്കിൻസണിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്താവുകയും ചെയ്തു. 18–ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സായ് സുദർശന്റെ മടക്കവും ബെൻ ഡക്കറ്റുമായുള്ള വാക്പോരും.

അതേസമയം, അരങ്ങേറ്റ പരമ്പരയിൽ കാര്യമായ നേട്ടമുണ്ടാക്കാതെയാണ് സായ് സുദർശന്റെ മടക്കം. പരമ്പരയിലാകെ മൂന്ന് ടെസ്റ്റുകളിൽ അവസരം ലഭിച്ച സായ് സുദർശൻ, 22.33 ശരാശരിയിൽ നേടിയത് 140 റൺസ് മാത്രം. 0, 30, 61, 0, 38, 11 എന്നിങ്ങനെയാണ് സായ് സുദർശന്റെ സ്കോറുകൾ.

English Summary:

Angry Sai Sudharsan Confronts Ben Duckett's Sledging

Read Entire Article