ന്യൂഡല്‍ഹി: രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിന് പിന്നാലെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നതാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം. യുവതാരം ശുഭ്മാന്‍ ഗില്‍ ടീമിനെ നയിക്കുമ്പോള്‍ ഋഷഭ് പന്താണ് ഉപനായകന്‍. എന്നാല്‍ മികച്ച ഫോമിലുള്ള ശ്രേയസ്സ് അയ്യരെ ടീമിലെടുക്കാത്തത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമീപകാലത്ത് മികച്ച രീതിയിലാണ് ശ്രേയസ്സ് അയ്യർ ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നുവെന്നും പറയുകയാണ് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി.
കഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് ശ്രേസ്സ് അയ്യർ നടത്തിയത്. ഈ ടീമിൽ ഉണ്ടാകേണ്ടിയിരുന്നു. അദ്ദേഹം പുറത്തുനിർത്തേണ്ട കളിക്കാരനേയല്ല. ഇപ്പോൾ അദ്ദേഹം സമ്മർദ്ദ ഘട്ടങ്ങളിൽ സ്കോർ ചെയ്യുന്നു, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഷോർട്ട് ബോൾ നന്നായി കളിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന് എന്തു ചെയ്യാനാകുമെന്ന് കാണാൻ ഈ പരമ്പരയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമായിരുന്നു. - ഗാംഗുലി റെവ്സ്പോർട്സിനോട് പറഞ്ഞു.
റെഡ്‌ബോള്‍ ക്രിക്കറ്റില്‍ നേരത്തേ കളിച്ചിട്ടുണ്ടെങ്കിലും ശ്രേയസ്സ് അയ്യരെ നിലവില്‍ ടെസ്റ്റ് ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇടമില്ലെന്നാണ് നേരത്തേ അഗാര്‍ക്കര്‍ വിശദീകരിച്ചത്. 'ഏകദിന പരമ്പരകളിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് ശ്രേയസ്സ് അയ്യര്‍. പക്ഷേ നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന് ഇടമില്ല.'- അഗാര്‍ക്കര്‍ പ്രതികരിച്ചതിങ്ങനെയാണ്.
ഇന്ത്യക്കായി 14 ടെസ്റ്റില്‍ ശ്രേയസ്സ് അയ്യര്‍ കളിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസഞ്ചുറിയുമുണ്ട്. 2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഏകദിനത്തില്‍ മികച്ച പ്രകടനം തുടരുന്ന താരം ഐപിഎല്ലിലും മിന്നും ഫോമിലായിരുന്നു. ശ്രേയസ്സ് അയ്യരുടെ നായകത്വത്തില്‍ പഞ്ചാബ് കിങ്‌സ് ഐപിഎൽ ഫൈനലിലെത്തിയിരുന്നു.
അതേസമയം സര്‍ഫറാസ് ഖാനെയും ടീമിലെടുത്തിട്ടില്ല. ടീമിലുള്ള പേസര്‍ ബുംറയാകട്ടെ ഇംഗ്ലണ്ട് പര്യടനത്തില്‍ എല്ലാ മത്സരങ്ങളും കളിക്കില്ല. അഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും അഭിമന്യു ഈശ്വരനും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ജൂണ്‍ 20-നാണ് പര്യടനത്തിന് തുടക്കമാവുന്നത്.
Content Highlights: Sourav Ganguly slams BCCI for dropping Shreyas Iyer from India squad








English (US) ·