‘പുല്ല് പശുക്കള്‍ക്കുള്ളതാണ്’ എന്നു പറഞ്ഞുകൊണ്ട് 1982-ല്‍ വിംബിള്‍ഡണില്‍നിന്ന് തിരിഞ്ഞുനടന്നത് ലോകത്തെ എക്കാലത്തെയും മികച്ച ടെന്നിസ് കളിക്കാരില്‍ ഒരാളായ ഐവാന്‍ ലെന്‍ഡല്‍ ആണ്. പക്ഷേ, കളിമികവിന്‍റെ ഉരകല്ലായി വാഴ്ത്തപ്പെടുന്ന ടെന്നിസിന്‍റെ ‘വിശുദ്ധ ഗൃഹം’ ലെന്‍ഡലിനെ വീണ്ടും വീണ്ടും മാടിവിളിച്ചു. മികവിന്‍റെ അധിത്യകയില്‍ നില്‍ക്കുന്ന സമയത്ത് തുടര്‍ച്ചയായി രണ്ടു വര്‍ഷം തന്‍റെ ഇഷ്ട കളിയിടമായ റൊളാങ് ഗാരോയെ അവഗണിച്ച് ലെന്‍ഡല്‍ പശുക്കള്‍ ഇഷ്ടപ്പെടുന്ന പുല്‍മൈതാനിയില്‍ തീവ്രപരിശീലനം നടത്തി. എങ്കിലും മഹാനായ ആ കളിക്കാരന് വിംബിള്‍ഡണിലെ പുല്‍പ്പരപ്പിലെ രാജാവാകാന്‍ മാത്രം കഴിഞ്ഞില്ല; തുടര്‍ച്ചയായി രണ്ടു ഫൈനല്‍ (1986, 87) കളിച്ചിട്ടും. പരാജയത്തില്‍ അവസാനിച്ച പോരാട്ടങ്ങള്‍ക്കൊടുവില്‍ ലെന്‍ഡല്‍ കളി മതിയാക്കി കളത്തിനു പുറത്തേക്ക് നടന്നപ്പോള്‍ കായികചരിത്രം അദ്ദേഹത്തെ വിംബിള്‍ഡണ്‍ നേടാന്‍ കഴിയാതെ പോയ ഏറ്റവും മികച്ച ഗ്രാസ് കോര്‍ട്ട് കളിക്കാരന്‍ എന്നു വിശേഷിപ്പിച്ചു.
നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളില്‍ (ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍) മികവിന്‍റെ കാല്‍പ്പനിക ഭാവങ്ങളും കളിക്കരുത്തിന്റെ കാതലും ഏറ്റവും പ്രകടമാവുന്ന ടൂര്‍ണമെന്‍റ് ആയിട്ടാണ് വിംബിള്‍ഡണെ കായികപ്രേമികളും കളിയെഴുത്തുകാരും വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റേതൊക്കെ കിരീടങ്ങള്‍ നേടിയാലും വിംബിള്‍ഡണില്‍ വിജയിക്കാന്‍ കഴിയാതെ പോവുന്ന താരങ്ങളെ “ഗ്രേറ്റ്” എന്ന വിശേഷണം ചേര്‍ത്തു വച്ച് വിളിക്കാന്‍ കായികലോകം മടിക്കുന്നു. ലെന്‍ഡല്‍ മാത്രമാണ് അതിനൊരപവാദം എന്നു വേണമെങ്കില്‍ പറയാം.
ജൂണ്‍ 30ന് ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ആരംഭിക്കുമ്പോള്‍ ലോകത്തിലെ ടെന്നിസ് പ്രേമികളുടെയെല്ലാം ശ്രദ്ധ ഇനി മുതല്‍ രണ്ടാഴ്ചക്കാലം ലണ്ടനിലെ പുല്‍ത്തകിടിയില്‍ ആയിരിക്കും.
സെര്‍വ് ആന്‍ഡ് വോളി സ്പെഷലിസ്റ്റുകളുടെ ഉത്സവത്തിനു തിങ്കളാഴ്ച തിരി കൊളുത്തുമ്പോള്‍ ടെന്നിസിലെ ആവേശോജ്വലമായൊരു കാലഘട്ടത്തിന്‍റെ അവസാനരംഗം കൂടി അരങ്ങേറുകയാണ്. 2003ല്‍ റോജര്‍ ഫെഡറര്‍ തുടങ്ങിവച്ച തേരോട്ടവും തുടര്‍ന്ന് ലോക ടെന്നിസ് സാക്ഷ്യം വഹിച്ച വമ്പന്‍ ത്രയത്തിന്റെ (ബിഗ് ത്രീ - റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നോവാക് ജോക്കോവിച്ച്) ആധിപത്യവും ടെന്നിസ് അതുവരെ കാണാത്ത തരത്തിലുള്ളതായിരുന്നു. ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം നീണ്ടു നിന്ന ഈ മൂവര്‍ സംഘത്തിന്‍റെ ആധിപത്യം സമഗ്രവും സമ്പൂര്‍ണവുമായിരുന്നു. രണ്ടു പതിറ്റാണ്ടിനുള്ളില്‍ 66 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ഇവര്‍ പങ്കിട്ടെടുത്തു (ഫെഡറര്‍ 20, നദാല്‍ 22, ജോക്കോവിച്ച് 24).
തുടര്‍ച്ചയായി ആറു ഫൈനലുകള്‍ കളിച്ച ജോക്കോവിച്ച് കഴിഞ്ഞ രണ്ടു ഫൈനലുകളില്‍ ടെന്നിസിലെ പുത്തന്‍ താരമായ കാര്‍ലോസ് അല്‍ക്കരാസിന്‍റെ ചെറുപ്പത്തിനും വേഗത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ കീഴടങ്ങുകയായിരുന്നു.
അല്‍ക്കരാസും സിന്നറും വരവറിയിച്ചു കഴിഞ്ഞു. 2023ലെ യു.എസ്. ഓപ്പണില്‍ ജോക്കോവിച്ച് കിരീടം നേടിയതിനു ശേഷം നടന്ന ആറു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സിന്നറും അല്‍ക്കരാസും പങ്കിട്ടെടുത്തതോടെ ടെന്നിസ് ലോകം മറ്റൊരു ഫെഡറര്‍ - നദാല്‍ യുഗത്തിനു സാക്ഷ്യം വഹിക്കുകയാണെന്നാണ് ടെന്നിസ് പ്രേമികളും കളിയെഴുത്തുകാരും പറഞ്ഞുകൊണ്ടിരിക്കുന്നത്. 2022ല്‍ ഫെഡററും 2024 ല്‍ നദാലും വിരമിച്ചതോടെ വമ്പന്‍ ത്രയത്തില്‍ ഇനി അവശേഷിക്കുന്നത് ജോക്കോവിച്ച് മാത്രമാണ്. പ്രായം കൊണ്ട് ‘മൂപ്പന്‍’ ആണെങ്കിലും കളത്തില്‍ ഇറങ്ങിയാല്‍ ഇപ്പോഴും കനത്ത ഗ്രൗണ്ട് സ്ട്രോക്കുകളിലൂടെയും ബാക്ക് ഹാന്‍ഡ് ക്രോസ് കോര്‍ട്ട് ഷോട്ടുകളിലൂടെയും കൗമാരക്കാരെ വിരട്ടാന്‍ കഴിവുള്ള ‘ജോക്കോ മാജിക്’ ഇനിയും നഷ്ടമായിട്ടില്ലെന്നു തെളിയിക്കാന്‍ കൂടിയായിരിക്കും ജോക്കോവിച്ച് ഇത്തവണ കളത്തില്‍ ഇറങ്ങുന്നത്.
2003ല്‍ റോജര്‍ ഫെഡറര്‍ തന്‍റെ ആദ്യത്തെ വിംബിള്‍ഡണ്‍ കിരീടം നേടിയതു മുതല്‍ പിന്നീടിതുവരെയുള്ള 21 വിംബിള്‍ഡണ്‍ കിരീട പോരാട്ടങ്ങളില്‍ വിജയിച്ചത് അഞ്ചു കളിക്കാര്‍ മാത്രമാണ്. ഫെഡറര്‍ 8 തവണയും ജോക്കോവിച്ച് 7 തവണയും ചാംപ്യന്‍മാരായപ്പോള്‍ നദാല്‍, ആന്‍ഡി മറെ, അല്‍ക്കരാസ് എന്നിവര്‍ രണ്ടു തവണ വീതം ചാംപ്യന്‍മാരായി. മറ്റു ടൂര്‍ണമെന്‍റുകളില്‍ ചിലപ്പോഴെങ്കിലും സംഭവിക്കുന്നതു പോലെ ഒരു കൊള്ളിയാന്‍ കണക്ക് ഒറ്റത്തവണ മിന്നിക്കയറി കിരീടനേട്ടത്തിലെത്തുന്ന പതിവ് പൊതുവെ വിംബിള്‍ഡണില്‍ പതിവില്ല. ആധുനിക ടെന്നിസില്‍ ഇതിനപവാദമെന്നു പറയാവുന്നത് 1987ല്‍ ചാംപ്യന്‍ പട്ടത്തിലെത്തിയ ഓസ്ട്രേലിയക്കാരന്‍ പാറ്റ് കാഷിന്റെ പോരാട്ടവും 1991ലെ മൈക്കല്‍ സ്റ്റിഹിന്‍റെ കിരീട നേട്ടവും മാത്രമാണ്.
2006, 2007. 2008 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്നു തവണ ഫെഡററും നദാലും ഏറ്റുമുട്ടിയ കാലം വിംബിള്‍ഡണിലെ ഏറ്റവും മനോഹരവും ആവേശകരവുമായ ഒന്നായി വിലയിരുത്തപ്പെടുന്നു. ടെന്നിസിന്‍റെ കാല്‍പ്പനികതയും കരുത്തും അടയാളപ്പെടുത്തിയ ഈ പോരാട്ടങ്ങളില്‍ അവസാനത്തേത് (2008) വിംബിള്‍ഡണ്‍ സാക്ഷ്യം വഹിച്ച ഏറ്റവും മികച്ച പോരാട്ടമായി ചരിത്രത്തില്‍ ഇടം നേടി. അഞ്ചു സെറ്റും നാലു മണിക്കൂറൂം നീണ്ട പോരാട്ടത്തില്‍ അന്ന് നദാല്‍ 6-4, 6-4, 6-7, 6-7, 9-7 എന്ന സ്കോറില്‍ ഫെഡററെ പരാജയപ്പെടുത്തി ചാംപ്യനായി.
അതിനു മുന്‍പും ഒരേ കളിക്കാര്‍ തന്നെ തുടര്‍ച്ചയായി മൂന്നു തവണ ഫൈനലില്‍ കളിച്ചിട്ടുണ്ട്, 1988, 89, 90 വര്‍ഷങ്ങളില്‍ ബോറിസ് ബെക്കറും സ്റ്റെഫാന്‍ എഡ്ബര്‍ഗും ഏറ്റുമുട്ടിയപ്പോള്‍.
ചരിത്രത്തില്‍ ഇടം നേടിയ എണ്ണമറ്റ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്കു വേദിയായിട്ടുണ്ട് ലണ്ടന്‍ നഗരത്തിലെ പ്രശസ്തമായ ഈ പുല്‍ത്തകിടി. ഇതിഹാസ താരങ്ങളായ ബ്യോണ്‍ ബോര്‍ഗ്, ജിമ്മി കൊണേഴ്സ്, ജോണ്‍ മെക്കന്‍റോ, ബോറിസ് ബെക്കര്‍, സ്റ്റെഫാന്‍ എഡ്ബര്‍ഗ്, ആന്ദ്രേ അഗാസി, പീറ്റ് സാംപ്രസ്, ഗോരാന്‍ ഇവാസിസേവിച്ച് എന്നീ താരങ്ങള്‍ വിംബിള്‍ഡണ്‍ പോരാട്ടങ്ങളിലൂടെ ലണ്ടനിലെ കാണികളുടെയും ലോകമെമ്പാടുമുള്ള ടെന്നിസ് പ്രേമികളുടെയും ഹൃദയം കവര്‍ന്നവരാണ്.
എത്ര പൂക്കള്‍ കൊഴിഞ്ഞാലും വീണ്ടും വസന്തം വരുക തന്നെ ചെയ്യും. ടെന്നിസിന്‍റെ കാല്‍പ്പനിക ഭംഗിയും യുദ്ധോല്‍സുകതയും നഷ്ടമായിട്ടില്ലെന്ന് ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ഫൈനലിലെ അല്‍ക്കരാസ് - സിന്നര്‍ പോരാട്ടം തെളിയിക്കുന്നു. എങ്കിലും ടെന്നിസില്‍ കാലം വഴി മാറി ഒഴുകുകയാണ്. ടെന്നിസ് ലോകം കണ്ട ഏറ്റവും വലിയ താരങ്ങള്‍ പുത്തന്‍ തലമുറയ്ക്കായി വഴി മാറിയിരിക്കുന്നു. ലണ്ടന്‍ കാത്തിരിക്കുകയാണ്, പുതിയൊരു ചാംപ്യനായി. പുതുയുഗപ്പിറവിക്കായി.
Content Highlights: Wimbledon 2023 marks the extremity of an era. Will Djokovic`s magic continue, oregon volition Alcaraz prevail?








English (US) ·