
പുഷ്പവതി, ഉർവശി, ശ്വേതാ മേനോൻ, സാന്ദ്രാ തോമസ്, ഡബ്ല്യുസിസി ലോഗോ | Photos: Facebook, Mathrubhumi
സിനിമാ മേഖലയിലെ വ്യത്യസ്ത വെല്ലുവിളികളോട് പോരാടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). 'മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയില്‍ എത്തിയിരിക്കുന്നു' എന്ന തലക്കെട്ടില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റായും കരൗസല്‍ (Carousel) രൂപത്തിലും പങ്കുവെച്ച കുറിപ്പിലാണ് ഡബ്ല്യുസിസി പോരാടുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചത്. ഗായിക പുഷ്പവതി, നടിമാരായ ഉര്‍വശി, ശ്വേതാ മേനോന്‍, നിര്‍മാതാവ് സാന്ദ്രാ തോമസ് എന്നിവരെ പേരെടുത്ത് പറഞ്ഞായിരുന്നു ഡബ്ല്യുസിസിയുടെ പോസ്റ്റ്.
സിനിമാ നയരൂപീകരണത്തിനായുള്ള കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ സ്ത്രീ-ദളിത് സംവിധായകര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ഡബ്ല്യുസിസി വിമര്‍ശിച്ചു. അടൂര്‍ തന്റെ സവര്‍ണ-ജാതീയ-ലിംഗഭേദ വീക്ഷണം ജനമധ്യത്തില്‍ വീണ്ടും തുറന്ന് കാണിച്ചുവെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി.
പ്രശസ്ത ഗായിക പുഷ്പവതിയെ കുറിച്ച് നടത്തിയ അപമാനകരമായ പ്രസ്താവനകളിലൂടെ തന്റെ പുരുഷാധിപത്യ-ദളിത് വിരുദ്ധ നിലപാടുകള്‍ അദ്ദേഹം സംശയലേശമന്യെ ഉറപ്പിച്ചിരിക്കുകയാണ്. അടൂരിന്റെ സമീപനത്തേയും നിലപാടിനേയും അതിശക്തമായി അപലപിക്കുന്നതായും പുഷ്പവതിയെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമാ ലോകത്ത് അഭിപ്രായവ്യത്യാസങ്ങള്‍ പറയുന്ന ഈ സ്ത്രീശബ്ദങ്ങള്‍ അന്യമാണെന്ന് പറഞ്ഞ ഡബ്യുസിസി, നടി ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്രസര്‍ക്കാരിന്റെ സിനിമാ പുരസ്‌കാര നിര്‍ണയത്തിനെതിരെയാണ്. നിര്‍മാതാവ് സാന്ദ്രാ തോമസ് സംഘടനയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് പോരാടുന്നത്. സിനിമാ സംഘടനകളുടെ മുന്‍നിരയിലേക്ക് വരുന്ന ശ്വേതാ മേനോന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളോട് പുലര്‍ത്തിപ്പോരുന്ന നിലപാടുകളെ അപലപിക്കുന്നതായും ഡബ്ല്യുസിസി വ്യക്തമാക്കി. #അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും ഡബ്ല്യുസിസി പോസ്റ്റില്‍ ചേര്‍ത്തിരുന്നു.
ഡബ്യുസിസിയുടെ പോസ്റ്റ്
മാറ്റം 'നാളെ'യല്ല, 'ഇന്ന്' നമുക്കിടയില്‍ എത്തിയിരിക്കുന്നു.
കേരള ഫിലിം പോളിസി കോണ്‍ക്ലേവിലും അതിനു ശേഷമുള്ള ദിവസങ്ങളിലും, മലയാള സിനിമയിലെ പുതിയ സ്ത്രീ- ദളിത് സംവിധായകരുടെ സിനിമപരിചയത്തെ സൂചിപ്പിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍, തന്റെ സവര്‍ണ്ണ- ജാതീയ- ലിംഗഭേദ വീക്ഷണം ജനമദ്ധ്യത്തില്‍ വീണ്ടും തുറന്ന് കാണിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ അതിനെതിരെ പ്രതികരിച്ച സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ പ്രശസ്ത ഗായിക പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയതിലൂടെ തന്റെ പുരുഷാധിപത്യ -ദളിത് വിരുദ്ധ നിലപാടുകള്‍ അടൂര്‍ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണ്. അടൂരിന്റെ ഈ സമീപനത്തെയും നിലപാടിനെയും WCC അതിശക്തമായി അപലപിക്കുന്നു. സ്ത്രീകളെയും അരികുകളില്‍ ജീവിക്കുന്നവരെയും പുറം തള്ളുന്ന വരേണ്യ ആണധികാരത്തിനെതിരെ നിര്‍ഭയമായി ശബ്ദമുയര്‍ത്തിയ പുഷ്പവതിയെ പൂര്‍ണ്ണമായി പിന്തുണക്കുന്നു.
ഒപ്പം മലയാള സിനിമയില്‍ സ്വന്തമായ അഭിപ്രായങ്ങളുമായി തല ഉയര്‍ത്തി നില്‍ക്കുന്ന ഉര്‍വശിയെയും, സാന്ദ്ര തോമസിനെയും അഭിനന്ദിക്കുന്നു; മലയാള സിനിമാലോകത്തിനു അഭിപ്രായവ്യത്യാസങ്ങള്‍ പറയുന്ന ഈ സ്ത്രീ ശബ്ദങ്ങള്‍ അന്യമാണ്! പ്രഗത്ഭ നടി ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ സിനിമ അവാര്‍ഡ് നിര്‍ണയ തീരുമാനത്തിനെതിരെയാണ്, സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖലയില്‍ നിന്നു പ്രോഡ്യൂസറായി ശ്രദ്ധേയയായ സാന്ദ്രതോമസ് സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെയാണ് പടപോരുതുന്നത്. ശ്വേത മേനോന്‍ അടക്കമുള്ള സിനിമസംഘടനകളുടെ മുന്‍ നിരയിലേക്ക് വരുന്ന സ്ത്രീകളോടും പുലര്‍ത്തിപ്പോ രുന്ന നിലപാടുകളെയും WCC അപലപിക്കുന്നു.
വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ചിരിക്കുന്ന സ്ത്രീകളാണ് ഇവര്‍. തങ്ങളുടെ കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളില്‍ നിശബ്ദരായി നില്‍ക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുകയാണ് ഇവരെല്ലാം. ഈ പോരാട്ടങ്ങള്‍ക്ക് WCC യുടെ അഭിവാദ്യങ്ങള്‍!
Content Highlights: Women successful Cinema Collective (WCC expresses solidarity to warring women successful Malayalam cinema
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·