
ശ്രീകുമാരൻ തമ്പി | ഫോട്ടോ: വിവേക് ആർ. നായർ |മാതൃഭൂമി
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ചും ഗായിക പുഷ്പവതിയെ രൂക്ഷമായി വിമർശിച്ചും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. അടൂർ ഗോപാലകൃഷ്ണൻ സിനിമാരംഗത്ത് വളരെ വലിയ ആളാണെന്നുള്ള കാര്യം ആർക്കും നിഷേധിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് കിട്ടിയയാളാണ് അദ്ദേഹം. ലോകത്ത് ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരിൽ മുൻപിൽ നിൽക്കുന്നയാളാണ് അടൂർ. അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ, അവർ ആരായാലും ആ പ്രസംഗം തടസപ്പെടുത്തി സംസാരിച്ചത് തെറ്റാണ്. മര്യാദകേടാണത്. സിനിമ പഠിപ്പിക്കണമെന്ന് പറയുന്നത് തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു.
മാധ്യമങ്ങൾ ഏകപക്ഷീയമായി സംസാരിക്കുകയാണെന്നും സിനിമയെന്തെന്ന് മാധ്യമങ്ങൾക്കറിയില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സിനിമ എന്നാൽ പ്രഭാഷണമല്ല. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത്, എ.കെ. ബാലൻ സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുന്നത്. ഈ തീരുമാനം മന്ത്രി ആദ്യം ചർച്ച ചെയ്ത വ്യക്തികളിലൊരാളാണ് അടൂർ. അടൂർ ഗോപാലകൃഷ്ണനുമായി ചേർന്നാണ് ഈ ആശയം കൊണ്ടുവന്നത്. അടൂർ ഗോപാലകൃഷ്ണൻ പറയുന്നതിൽ ന്യായമുണ്ടെന്ന് തോന്നുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
സർക്കാർ സഹായത്തോടെ നിർമിച്ച നാലുപടങ്ങൾ കണ്ടിട്ടുണ്ട്. ഒരു ചിത്രത്തിനും ഒന്നരക്കോടി മുടക്കിയതായി തോന്നിയിട്ടില്ല. പണം മോഷ്ടിച്ചെന്നോ തിരിമറി നടത്തിയെന്നോ അല്ല ഉദ്ദേശിക്കുന്നത്. 26 ഫീച്ചർ പിലിമുകളും 47 ഡോക്യുമെന്ററികളും നിർമിച്ച നിർമാതാവാണ് ഞാൻ എന്ന അനുഭവത്തിലാണിത് പറയുന്നത്. ഒരു സിനിമ കണ്ടാൽ എത്ര മുടക്കിയിട്ടുണ്ടെന്ന് എനിക്ക് അറിയാം. 60 വർഷമായി ഞാൻ സിനിമയിൽ. ഒന്നരക്കോടി മുടക്കി എന്ന് തോന്നാത്തത് അവരുടെ പരിചയക്കുറവുകൊണ്ടാണ്.
പുഷ്പവതി ലോകോത്തര ഭാവനാശാലി ആയിരിക്കാം. അടൂരിനെപ്പോലൊരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിച്ചത് അവരുടെ അറിവില്ലായ്മയാണ്. അടൂരിന്റെ പ്രസംഗം കഴിഞ്ഞിട്ട് അവർക്ക് സംസാരിക്കാമായിരുന്നു. ആളാകാൻ വേണ്ടി ചെയ്ത വേലയാണത്. അവരാരാണെന്ന് എനിക്കറിയില്ലായിരുന്നു. റെയിൽവേ സ്റ്റേഷനിൽവെച്ച് ഫോട്ടോയെടുക്കാനായി അവർ വന്നിരുന്നു. ആ പരിചയം മാത്രമാണ് തനിക്ക് പുഷ്പവതിയുമായുള്ളത്. ഇവരുടെ പാട്ടൊന്നും ഞാൻ കേട്ടിട്ടില്ല. ഇവർ സിനിമയിലുള്ളയാളാണോ?
സംഗീത നാടക അക്കാദമിയുടേയും സാഹിത്യ അക്കാദമിയുടേയുമൊക്കെ തലപ്പത്ത് ആര് വരുമെന്ന് ചോദിച്ചാൽ രസകരമാണ് കാര്യം. ഭരിക്കുന്ന കക്ഷി ഏതാണ് അതിന്റെയാളാണ് നിയമിക്കപ്പെടുക. ഇനി കൂട്ടുകക്ഷി ഭരണമാണെങ്കിൽ ഭരണം വീതിച്ചുകൊടുക്കും. സിനിമയിൽ പാട്ടുകൾ നിർബന്ധമല്ല. ലോകസിനിമകളിലൊന്നും പാട്ടില്ലല്ലോ. സെക്സ് സീനുകൾ കാണാൻ ഒരുപാടുപേർ ചലച്ചിത്ര മേളകളിൽ വരുന്നുണ്ടെന്നത് സത്യമാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.
Content Highlights: Sreekumaran Thampi supports Adoor Gopalakrishnan, criticizes Pushpavathy for interrupting his speech
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·