'പുസ്തകമായിരിക്കില്ല റീൽസ് ആയിരിക്കും മാധ്യമം'- ചരിത്രം പാടാൻ തയ്യാറെടുത്ത് ബോണി തോമസും സോനയും

5 months ago 8

'മന്നാ ഈ ആലോ, ഏ ആറിം റഗ് ലേ,
മേബർ സേ ശാലോ, മേബിനി ആയിരേ'

നഗരത്തിൽ അവശേഷിക്കുന്ന ജൂത സമൂഹം പ്രാർഥനകൾക്കിടയിൽ പാടി. എറണാകുളം കടവുംഭാഗം ജൂതന്മാരാണ് ഇവർ. നൂറ്റാണ്ടുകൾക്ക് മുൻപ് കേരളതീരത്ത് വന്നെത്തിയവർ. പാടുന്ന പാട്ടോ യേശുക്രിസ്തു സംസാരിച്ച അരമായ ഭാഷയിലും.

“പാട്ടിന്റെ അർഥമെന്തെന്ന് ചോദിച്ചാൽ പലർക്കും അറിയണമെന്നില്ല. തലമുറകളായി കൈമാറി കിട്ടിയതാണ്. ചരിത്രം ജീവിച്ചിരിക്കുന്ന സന്ദർഭങ്ങളാണിത്." ജൂത പാട്ട് കേൾക്കുന്നതിനിടയിൽ എഴുത്തുകാരൻ ബോണി തോമസ് പറഞ്ഞു. ഇത്തരം പൈതൃക സംഗീതം കോർത്തിണക്കി ഒരു ബാൻഡ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോണി. ബാൻഡിൻ്റെ പേർ 'പാട്ടുകൊച്ചി' ഇത്തവണ ചരിത്രാന്വേഷണ യാത്രയിൽ ഭാര്യ സോനയുമുണ്ട്. ഗവേഷണം ബോണി നയിക്കുമ്പോൾ സോനയുടെ ശബ്ദത്തിൽ 'പാട്ടുകൊച്ചി പാടിത്തുടങ്ങും.

ഗാമയുടെ കൂടെ വന്ന ഓർഗനിസ്റ്റ്

'ഏഷ്യയിലെ ആദ്യ യൂറോപ്യൻ സെറ്റിൽമെൻ്റ് കൊച്ചി ആയിരുന്നു. അതിനാൽ ഏഷ്യയിൽ ആദ്യമായി പാശ്ചാത്യസംഗീത ഉപകരണങ്ങൾ കപ്പലിറങ്ങിയതും ഇവിടെയായിരിക്കാനാണ് സാധ്യത' - ബോണി പറഞ്ഞു. വാസ്കോ ഡ ഗാമ കൊച്ചിയിലെത്തിയപ്പോൾ കൂടെ രണ്ട് മിഷണറിമാരുണ്ടായിരുന്നു. ഓർഗ്‌നിസ്റ്റായിരുന്ന ഫാ. മാസ്സെയും ഗാ യകനായിരുന്ന ഫാ. പെട്രോ നെറ്റോയും. അവർ അന്ന് പാടിത്തുടങ്ങിയ പല പാട്ടും ഇന്ന് കൊച്ചിയിലെ പല ലത്തീൻ കത്തോലിക്കാ കുടുംബങ്ങളിലും പള്ളികളിലും കേൾക്കാം.

"ലൗദാത്തേ ദോമിനും
ഓംനസ് ജെന്റ്സ് ലൗദാത്തേ ഏവും.
ഓംനസ് പോപ്പുലി'

ബോണിയും ഭാര്യ സോനയും വൈപ്പിൻ സെയ്ന്റ് മേരീസ് പള്ളിയിൽ കയർ പാടുന്ന പോർച്ചുഗീസ് പൈതൃകമുള്ള പാട്ടിൻ്റെ രണ്ടു വരി പാടി.

ഇതിനിടയിൽ ബോണിയുടെ ഫോണിൽ രണ്ട് മെസ്സേജുകൾ വന്നു.
"ഞങ്ങടെ മണവാട്ടി നീരാടാൻ പോകുമ്പോൾ, അയ്യോ മഴയേ നീ അന്നേരം പെയ്യല്ലേ,

ഞങ്ങടെ മണവാളൻ നീരാടാൻ പോകുമ്പോൾ അയ്യോ മഴയേ നീ അന്നേരം പെയ്യല്ലേ"

ബോണി മെസ്സേജിലെ വരികൾ പങ്കുവെച്ചു. ജൂത കല്യാണങ്ങളിൽ പാടിയിരുന്ന ഒരു പാട്ടാണിത്. കൊച്ചിയിൽനിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ ചില ജൂത സുഹൃത്തുകൾ അയച്ചതാണ്- ബോണി പറഞ്ഞു. ഇത്തരത്തിൽ വാമൊഴിയായാണ് ഭൂരിഭാഗം പാട്ടുകളും കൈയിൽ കിട്ടിയത്. ഇവയുടെ ശരിയായ ഉച്ചാരണമോ പല്ലവിയോ ആയിരിക്കണമെന്നില്ല ഇപ്പോൾ കേൾക്കുന്നത്. കുരുടൻ പരിക്കുട്ടിയുടെ ഇതിഹാസവും മെഹബൂബിൻ്റെ ഉറുദു സംഗീത പാരമ്പര്യവും പി.ജെ. ആന്റണിയുടെ വിപ്ലവ ഗാനങ്ങളും എല്ലാ ജാതിമതക്കാരെയും സ്വാഗതം ചെയ്ത് 100 വർഷം മുൻപ് മട്ടാഞ്ചേരിയിൽ കൊങ്കണി ബ്രാഹ്മണൻ അംബു ബാളിക പണിത വിട്ടോടെ ക്ഷേത്രത്തിലെ രജന ളും ബോണി അന്വേഷിച്ച് കണ്ടെത്തി.

കൈവിട്ടുകളയല്ലേ

ഫോർട്ട് എവിടെ... ഫോർട്ട്കൊച്ചിയിൽ എത്തി വിനോദസഞ്ചാരികൾ ചോദിച്ചു. ഒന്നല്ല രണ്ട് കോട്ട ഉണ്ടായിരുന്നു. ഇന്ന് അവ നാമാവശേഷമായി ബോണി പറഞ്ഞു. സൂക്ഷിച്ചില്ലെങ്കിൽ മറവിയുടെ ഇതേ ഗർത്തത്തിലേക്ക് പൈതൃകസംഗീതവും വീണുപോകും -അദ്ദേഹം ഓർമ്മപ്പെടുത്തി.

മലയാളം കൂടാതെ 16 ഭാഷക്കാർ ഇവിടെ ജീവിക്കുന്നു. ഇവിടത്തെ ഒരോ വീടുകളിലും ഒരോ മതാരാധനാലയങ്ങളിലും നിധിയുണ്ട്. പൈതൃക സംഗീതനിധി. അവ അന്വേഷിച്ചിറങ്ങുകയാണ്. - ബോണി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ ഏറെ കാഴ്ചക്കാനുള്ള വാക്ക് വിത്ത് ബോണി എന്ന ചരിത്ര മൈക്രോ ഡോക്യുമെൻ്ററിയുടെ ചിത്രീകരണത്തിനിടയിലാണ് പാട്ടുകൊച്ചിയിലേക്ക് തിരിയുന്നത്. അനമായ, ഹീബ്രു, പോർച്ചുഗീസ്, ലാറ്റിൻ, കൊങ്കണി, ഗുജറാത്തി, തമിഴ്...50-ഓളം പാട്ടുകൾ ഇതിനോടകം ശേഖരിച്ചു. ഇനി ഇവ ആളുകളിലേക്ക് എത്തിക്കണം. ഇതിനാണ് സ്കൂൾ മുതലേ ശാസ്ത്രീയ സംഗീതം പഠിക്കുന്ന ഭാര്യ സോനയുടെ സഹായം തേടുന്നത് -ബോണി പറഞ്ഞു.

'പുസ്തകമായിരിക്കില്ല റീൽസ് ആയിരിക്കും മാധ്യമം. ചെറു ഓർക്കസ്ട്രേഷനും അകമ്പടിയേകും.'- സോന പറഞ്ഞു. വാക്ക് വിത്ത് ബോണി 41-ാം എപ്പിസോഡിൽ എത്തിക്കഴിഞ്ഞു. 50-ാം എപ്പിസോഡിൽ ബാൻഡ് പാട്ടുകൊച്ചി പാടിത്തുടങ്ങും.

Content Highlights: Kochi's Musical Heritage: A Journey Through Ancient Melodies and Linguistic Diversity

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article