28 May 2025, 04:38 PM IST

രമേഷ് പിഷാരടി | ഫോട്ടോ: മാതൃഭൂമി
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച കണ്ടന്റുകള്‍ നിറയുന്നതാവും ഇത്തവണത്തെ ഓണമെന്ന് നടന്‍ രമേഷ് പിഷാരടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫുട്‌ബോള്‍ താരം റൊണാള്‍ഡോയും ഉള്‍പ്പെടെ പലരും ഇത്തവണത്തെ ഓണത്തിന് ആശംസനേരുമെന്ന് രമേഷ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വടംവലിക്കാനും പുലികളിക്കും അന്യഗ്രഹജീവികള്‍ പോലും വരും. പൂ പറിക്കാന്‍ പോകുന്ന കുരുന്നുകളായി മമ്മൂട്ടിയുടേയും ലാലേട്ടന്റേയും ബാല്യം നമ്മള്‍ കാണുമെന്നും രമേഷ് പിഷാരടി കുറിച്ചു.
സ്വന്തം ഫോട്ടോയ്‌ക്കൊപ്പമാണ് കുറിപ്പ്. മരച്ചുവട്ടിലിരുന്ന് എടുത്ത സെല്‍ഫിയാണ് നടന്‍ പങ്കുവെച്ചത്. 'മരച്ചോട്ടില്‍ ഇരുന്നപ്പോള്‍ ആണല്ലോ, ന്യൂട്ടനും ബുദ്ധനും...' എന്ന അപൂര്‍ണ്ണമായ വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
രമേഷ് പിഷാരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
എഐ കണ്ടന്റുകള്‍ നിറയുന്ന ആദ്യത്തെ ഓണം ആയിരിക്കും ഇത്തവണ. അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പും ഫുട്‌ബോള്‍ താരം റൊണാള്‍ഡോയും ഉള്‍പ്പടെ പലരും നമുക്ക് ആശംസകള്‍ നേരും. അന്യഗ്രഹജീവികള്‍ പോലും വടം വലിക്കും... പുലികളിക്കും. പൂ പറിക്കാന്‍ പോകുന്ന കുരുന്നുകളായി മമ്മുക്കയുടെയും ലാലേട്ടന്റെയും ബാല്യം നാം കാണും. കാഴ്ചകളുടെ ഒരാഴ്ച തന്നെ കടന്നു പോകും. അപ്പോള്‍ എഐ കാഴ്ചകള്‍ക്ക് വില കൂടും. പിന്നെ ഇതിനുംഅപ്പുറമുള്ള ഓണം ആകുമ്പോഴേക്കും കാണുന്നതിലെ സത്യവും മിഥ്യയും തിരിച്ചറിയാന്‍ നമുക്ക് പറ്റാതെയാകും... അപ്പോള്‍ സത്യത്തിനു സത്യമായും വില കൂടും. മരച്ചോട്ടില്‍ ഇരുന്നപ്പോള്‍ ആണല്ലോ... ന്യൂട്ടനും... ബുദ്ധനും...
Content Highlights: Ramesh Pisharody predicts an Onam filled with AI-generated content
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·