പൂജ 75 നോട്ടൗട്ട് ; ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ലിമിറ്റഡ് ഓവർ ടൂർണമെന്റ്; പൂജ ക്രിക്കറ്റിന് ഇത് 75–ാം വർഷം

3 months ago 4

പി.ബാലചന്ദ്രൻ

Published: October 06, 2025 10:59 AM IST

1 minute Read

തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ പൂജ ക്രിക്കറ്റിന്റെ 
സമ്മാനച്ചടങ്ങിനു മുൻപുള്ള ജനക്കൂട്ടം (ഫയൽ ചിത്രം).
തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ പൂജ ക്രിക്കറ്റിന്റെ സമ്മാനച്ചടങ്ങിനു മുൻപുള്ള ജനക്കൂട്ടം (ഫയൽ ചിത്രം).

1951ലെ ഓണക്കാലം. എറണാകുളത്തു നടന്ന ഒരു കേരള ടൂർണമെന്റിന്റെ ഫൈനലിനു ശേഷം തൃപ്പൂണിത്തുറയിലേക്കു മടങ്ങുമ്പോൾ ഒരു ചെറുപ്പക്കാരന്റെ മനസ്സിലുദിച്ചതാണ് ഇന്നു ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന നിശ്ചിത ഓവർ ക്രിക്കറ്റ് എന്ന ആശയം! ലിമിറ്റഡ് ഓവർ മത്സരഘടന ലോകത്താദ്യമായി സൃഷ്ടിക്കപ്പെട്ടത് ഇന്ത്യയിലാണെന്നതും ഇന്ത്യയിൽ അതു കേരളത്തിലാണെന്നതും കേരളത്തിൽത്തന്നെ തൃപ്പൂണിത്തുറയിലാണെന്നതും ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന വസ്തുതയാണ്.

ക്രിക്കറ്റിന്റെ ആധികാരിക ഗ്രന്ഥമായ ‘വിസ്ഡൻ മാഗസിനും’ ഇതു ശരിവയ്ക്കുന്നു. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൂജ ക്രിക്കറ്റാണ് ലോകത്തിലെ ആദ്യ ലിമിറ്റഡ് ഓവർ ടൂർണമെന്റ്. കൊച്ചി രാജകുടുംബാംഗവും ക്രിക്കറ്റ് താരവുമായിരുന്ന കെ.വി. കേളപ്പൻ തമ്പുരാന്റെ ആശയമായിരുന്നു ഇത്. അക്കാലത്ത് ഇംഗ്ലണ്ടിൽ ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിച്ചിരുന്ന കെടിആർ വർമയുമായി ചർച്ച ചെയ്താണു കേളപ്പൻ തമ്പുരാൻ ഇതിന്റെ രൂപരേഖയുണ്ടാക്കിയത്.

തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ 1951ലെ നവരാത്രി പൂജ സമയത്ത് ആരംഭിച്ച ടൂർണമെന്റിനു പൂജ ക്രിക്കറ്റ് എന്നാണു പേരിട്ടത്. ഓരോ ടീമിനും 50 ഓവർ വീതം. 5 ടീമുകളുമായി ആരംഭിച്ച ടൂർണമെന്റിനു പിൽക്കാലത്ത് ബിസിസിഐ അംഗീകാരം വരെ ലഭിച്ചു. ഈ വർഷം 75–ാം വാർഷികത്തിന്റെ നിറവിലുള്ള പൂജ ക്രിക്കറ്റിൽ മത്സരങ്ങൾ പ്രധാന റൗണ്ടിലേക്കു മുന്നേറിക്കഴിഞ്ഞു.

ബാലൻ പണ്ഡിറ്റ്, രവി അച്ചൻ, ദേവരാജൻ, സി.കെ. ഭാസ്കർ, ആരോൺ സഹോദരൻമാർ, പി.എം. രാഘവൻ തുടങ്ങിയവരായിരുന്നു ആദ്യകാലങ്ങളിലെ താരങ്ങൾ. 1970ൽ കേളപ്പൻ തമ്പുരാന്റെ ശ്രമഫലമായി പൂജ ടൂർണമെന്റിനു ബിസിസിഐ അംഗീകാരം ലഭിച്ചു. അന്നത്തെ ബിസിസിഐ ട്രഷറായിരുന്ന എം.എ. ചിദംബരം പ്രത്യേക താൽപര്യമെടുത്തു ശ്രമിച്ചതിന്റെ ഫലമായാണ് ആദ്യമായി ഇന്ത്യയിൽ ഒരു ക്ലബ്ബിന് അഖിലേന്ത്യാ ടൂർണമെന്റ് നടത്തുവാനുള്ള അനുവാദം ലഭിക്കുന്നത്.

ഇതിനു തുടർച്ചയായി ഗുണ്ടപ്പ വിശ്വനാഥ്, സയ്യിദ് കിർമാണി, ബി.എസ്. ചന്ദ്രശേഖർ, കെ. ശ്രീകാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, കിരൺ മോറെ, അനിൽ കുംബ്ലെ തുടങ്ങിയ ഒട്ടേറെ ഇന്ത്യൻ താരങ്ങൾ പൂജാ ടൂർണമെന്റിൽ കളിക്കാനെത്തി. കേരളത്തിന്റെ സ്വന്തം എസ്. ശ്രീശാന്ത്, ടിനു യോഹന്നാൻ തുടങ്ങിയവരും പൂജാ ടൂർണമെന്റിൽ സാന്നിധ്യമറിയിച്ചു. മുത്തയ്യ മുരളീധരന്റെയും സന്ദീപ് പാട്ടീലിന്റെയും സഞ്ജു സാംസണിന്റെയും പാദസ്പർശമേൽക്കാനും പാലസ് ഓവലിനു ഭാഗ്യമുണ്ടായി.

ദൃശ്യമാധ്യമങ്ങളില്ലാത്ത കാലത്ത് ഇന്ത്യൻ താരങ്ങളെ നേരിൽ കാണാൻ ദൂരസ്ഥലത്തു നിന്നുപോലും വന്ന ആയിരങ്ങൾ പാലസ് ഓവലിനെ ഉത്സവപ്പറമ്പാക്കാറുണ്ട്. എഴുപതുകളും എൺപതുകളുമായിരുന്നു പൂജ ക്രിക്കറ്റിന്റെ സുവർണകാലം. പിന്നീടു മറ്റു മത്സരത്തിരക്കുകൾമൂലം ദേശീയ താരങ്ങളുടെ പങ്കാളിത്തം കുറഞ്ഞു. എങ്കിലും ടൂർണമെന്റിന്റെ പ്രഭ മങ്ങിയിട്ടില്ല. സിൽവർ ജൂബിലി വർഷത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ വനിതാ താരങ്ങളുടെ പ്രദർശന മത്സരവും 1990ൽ ടർഫ് പിച്ചിലേക്കുള്ള മാറ്റവും ടൂർണമെന്റിന്റെ നാഴികക്കല്ലുകളായി. എന്നാൽ ഏറ്റവും വിപ്ലവകരമായ മാറ്റം ഈ 75–ാം വാർഷികത്തിൽ സംഭവിക്കുന്നതാണ്. പൂജ ടൂർണമെന്റ് ‘ഫ്ലഡ്‌ലൈറ്റിന്റെ’ കീഴിലേക്കു മാറിയിരിക്കുന്നു!

(കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും പരിശീലകനുമാണ് പി.ബാലചന്ദ്രൻ)

English Summary:

Pooja Cricket: Celebrating 75 Years of the World's First Limited-Overs Tournament

Read Entire Article