എഴുപത്തഞ്ചാം വർഷവും നോട്ടൗട്ട് ആയി തുടരുകയാണ് ഓൾ ഇന്ത്യ പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ്! തൃപ്പൂണിത്തുറക്കാർ ഒട്ടോളിപ്പറമ്പ് എന്നു വിളിച്ചിരുന്ന പാലസ് ഓവൽ ഗ്രൗണ്ടിലെ പുൽപരപ്പിൽ 1951 ൽ ആരംഭിച്ച പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ് പുതിയ ചരിത്രത്തിലേക്കാണ് ഈ വർഷം ടോസ് ചെയ്യുന്നത്. ലോകം പരിമിത ഓവർ ക്രിക്കറ്റ് സ്വപ്നം കാണും മുൻപേ അതിനു തുടക്കമിട്ടതു തൃപ്പൂണിത്തുറയിലെ പാലസ് ഓവലിൽ പൂജ ക്രിക്കറ്റ് ടൂർണമെന്റിലൂടെയാണ്. ടൂർണമെന്റിനു തുടക്കമിട്ടതു ഫസ്റ്റ് ക്ലാസ് താരം കൂടിയായിരുന്ന കെ.വി. കേളപ്പൻ തമ്പുരാന്റെ നിർദേശത്തെ തുടർന്നായിരുന്നു. പൂജ ടൂർണമെന്റിന്റെ പുതിയ സീസൺ 14ന് ആരംഭിക്കും. 75 –ാം വർഷ ലോഗോ പ്രകാശനം ചെയ്തതു സാക്ഷാൽ കപിൽ ദേവ്. 26 ടീമുകളാണു കളിക്കുക. 8 ടീമുകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് ഉയർത്താനുള്ള പതാക കേളപ്പൻ തമ്പുരാന്റെ പുത്രിമാരായ ഹേമ മാലിനിയും പത്മജയും ചേർന്നാണു ക്ലബ് ഭാരവാഹികൾക്കു കൈമാറിയത്. സംഘാടകരായ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെ (ടിസിസി) പ്രതിനിധീകരിച്ചു പ്രസിഡന്റ് സന്തോഷ് സ്ലീബ, സെക്രട്ടറി സി.ജി. ശ്രീകുമാർ, മുൻ ക്രിക്കറ്ററും പരിശീലകനുമായ പി. ബാലചന്ദ്രൻ, പി. ജയരാജ്,കൃഷ്ണദാസ്, ആർ.ഹരിദാസ് എന്നിവരെത്തി.
ചരിത്രം പിറന്ന വർഷംപൂജ ക്രിക്കറ്റ് ആരംഭിച്ചു 10 വർഷത്തിനു ശേഷമാണ് 1962 മേയിൽ ഫസ്റ്റ് ക്ലാസ് ഇംഗ്ലിഷ് ടീമുകൾ തമ്മിലുള്ള പരിമിത ഓവർ ടൂർണമെന്റ് നടക്കുന്നത്. അതിനും 10 വർഷങ്ങൾക്കു ശേഷം 1971 ജനുവരി 5നാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഔദ്യോഗിക പരിമിത ഓവർ മത്സരം ഓസ്ട്രേലിയയിലെ മെൽബണിൽ നടന്നത്.
കൊച്ചി രാജകുടുംബത്തിലെ അന്നത്തെ യുവതലമുറ ആരംഭിച്ച പ്രിൻസ് ക്ലബ്ബാണു പൂജാ ക്രിക്കറ്റിനു തുടക്കമിട്ടത്. ആദ്യകാലത്തു രണ്ടു ദിവസം നീളുന്ന മത്സരമായിരുന്നു.
1950 ൽ പ്രിൻസ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് യോഗത്തിൽ കെ.വി. കേളപ്പൻ തമ്പുരാൻ ‘പരിമിത ഓവർ ക്രിക്കറ്റ്’ എന്ന ആശയം മുന്നോട്ടു വച്ചു. അവിടെ പുതിയ ചരിത്രം പിറന്നു. പൂജ ക്രിക്കറ്റ് ടൂർണമെന്റ് ലോകത്തിലെ ആദ്യത്തെ പരിമിത ഓവർ ടൂർണമെന്റായി മാറി. നവരാത്രി കാലത്ത് അവസാനിക്കുന്ന രീതിയിലാണു ടൂർണമെന്റ് തുടങ്ങിയത്. കളി നിയമങ്ങൾക്കു രൂപം നൽകാൻ കേളപ്പൻ തമ്പുരാനോടൊപ്പം മികച്ച ബാറ്റ്സ്മാൻ കൂടിയായിരുന്ന കെ.കെ.ആർ. വർമയും ഉണ്ടായിരുന്നു. ഇവർ രണ്ടു പേരും ചേർന്നാണ് 50 ഓവർ ക്രിക്കറ്റിന്റെ രൂപഘടന തയാറാക്കിയത്. രാവിലെ ഒൻപതിനു തുടങ്ങി 12.30നു പിരിഞ്ഞു വീണ്ടും ഒന്നരയ്ക്കു തുടങ്ങി അഞ്ചിന് അവസാനിക്കുന്ന വിധത്തിൽ ഇവർ ടൂർണമെന്റ് നിശ്ചയിച്ചു. 7 നിയമങ്ങളാണ് ഇവർ അന്ന് എഴുതിയത്. മഴ പെയ്തു കളി മുടങ്ങിയാൽ വിജയിയെ കണ്ടെത്താൻ ടോസ് മാത്രമായിരുന്നു മാർഗം!
ആവേശം പെയ്യുന്ന മൈതാനംസിക്സറുകൾ കൊണ്ടു ബാറ്റ്സ്മാന്മാർ ക്രീസിൽ സംഹാര താണ്ഡവമാടിയ കളികൾ കാണാൻ കാത്തു നിന്ന തലമുറകൾ തൃപ്പൂണിത്തുറയിലുണ്ട്. വിക്കറ്റ് കൊയ്ത്തും അവർ ആസ്വദിച്ചു. ഗ്രൗണ്ടിന്റെ കിഴക്കും വടക്കുമുള്ള മതിലുകൾ കാണികളാൽ നിറഞ്ഞ വർഷങ്ങൾ. താൽക്കാലികമായി പണിതുയർത്തിയ ഗാലറികളിൽ നിന്നുയരുന്ന ആരവങ്ങൾ. ബെറ്റ് വയ്ക്കലുകൾ, തപ്പു കൊട്ടുകൾ... ക്രിക്കറ്റ് കളിക്കാരനായിരുന്ന കൊച്ചി ദിവാൻ സി.ജി. ഹെർബെർട്ടാണു കൊച്ചി രാജകുടുംബാംഗങ്ങൾക്കു ക്രിക്കറ്റ് കളിക്കാൻ 1930 ൽ ഗ്രൗണ്ട് അനുവദിച്ചതെന്നു ചരിത്രകാരനായ രമേശൻ തമ്പുരാൻ പറയുന്നു. നവരാത്രി കാലത്തു നടത്തുന്ന ഈ ടൂർണമെന്റ് തൃപ്പൂണിത്തുറ നിവാസികളെ ഒന്നടങ്കം ആകർഷിച്ചിരുന്നു. ആതിഥേയരായ പ്രിൻസ് ക്ലബ്ബിലെ കളിക്കാർ പന്തുകൾ ബൗണ്ടറികൾ കടത്തുമ്പോഴും എതിരാളികളുടെ വിക്കറ്റ് വീഴ്ത്തുമ്പോഴും ചെണ്ട കൊട്ടിയും ആർത്തു വിളിച്ചും കുഴലൂതിയും കാണികൾ ആവേശം കൊണ്ടു.
പ്രിൻസ് ക്ലബ്ബും കോട്ടയം ക്രിക്കറ്റ് ക്ലബ്ബും ഏറ്റുമുട്ടിയ ആദ്യ ടൂർണമെന്റിന്റെ ഫൈനലിൽ പ്രിൻസ് ക്ലബ്ബിനായിരുന്നു വിജയം. 3 വർഷം തുടർച്ചയായി പ്രിൻസ് ക്ലബ് ടൂർണമെന്റിൽ കിരീടം നേടി. പിന്നീടു ടൂർണമെന്റിനു കൂടുതൽ ടീമുകൾ എത്താൻ തുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ വരെ ഇവിടെ കളിച്ചിട്ടുണ്ട്. അക്കാലത്തെ തമിഴ്നാട്, കർണാടക, ഹൈദരാബാദ്, ആന്ധ്ര ടീമുകളിലെ രഞ്ജി ട്രോഫി താരങ്ങളിൽ പലരും ഇവിടെ ആവേശം സൃഷ്ടിച്ചു. ഗുണ്ടപ്പ വിശ്വനാഥ്, മുഹമ്മദ് അസ്ഹറുദീൻ, അനിൽ കുംബ്ലെ, ബി. ചന്ദ്രശേഖർ, ബ്രിജേഷ് പട്ടേൽ, കൃഷ്ണമാചാരി ശ്രീകാന്ത്, സയ്യിദ് കിർമാനി, വെങ്കടേഷ് പ്രസാദ്, എം.എൽ. ജയസിംഹ, കിരൺ മോറെ, ശിവലാൽ യാദവ്, വി.ബി. ചന്ദ്രശേഖർ, അർഷദ് അയൂബ്, എൽ. ശിവരാമകൃഷ്ണൻ, റോബിൻ സിങ്, അരുൺ ലാൽ, സുനിൽ ജോഷി, സദാനന്ദ് വിശ്വനാഥ്, ഡബ്ല്യു.വി. രാമൻ എന്നിങ്ങനെ വമ്പൻ താരങ്ങൾ ഇവിടെ കളിച്ചിട്ടുണ്ട്.
വിസ്‌ഡനിലും തൃപ്പൂണിത്തുറ പെരുമവിസ്‌ഡൻ ക്രിക്കറ്റിന്റെ മാസിക ‘ദ് നൈറ്റ് വാച്ച്മാൻ’ തൃപ്പൂണിത്തുറയുടെ ക്രിക്കറ്റ് പെരുമയെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ദ് റിയൽ സ്റ്റോറി ഓഫ് വൺ ഡേ ക്രിക്കറ്റ്’ എന്ന തലക്കെട്ടോടെയാണു ലോകത്തിലെ ഏറ്റവും പഴയ പരിമിത ഓവർ ക്രിക്കറ്റിന്റെ വേദിയായ തൃപ്പൂണിത്തുറ 2024 –ൽ ഇറങ്ങിയ ദ് നൈറ്റ് വാച്ച്മാനിൽ ഇടം പിടിച്ചത്. ഇന്തൊനീഷ്യൻ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റായ തിരുവനന്തപുരം സ്വദേശി വിഷ്ണു കുമാറാണു ലേഖനം എഴുതിയത്. ‘മുൻ രഞ്ജി താരം കൂടിയായ ആർ.കെ.വി. ഗോപകുമാർ എന്ന സുഹൃത്താണു മുൻ രഞ്ജി താരം ജെ.കെ. മഹേന്ദ്രയെയും സ്പോർട്സ് ജേണലിസ്റ്റും മുൻ ക്രിക്കറ്റ് താരവുമായ കെ. പ്രദീപിനെയും പരിചയപ്പെടുത്തിയത്. അവരുടെ സഹായത്തോടെ നടത്തിയ ഒട്ടേറെ അന്വേഷണങ്ങൾക്ക് ഒടുവിലാണു ലേഖനം തയാറാക്കിയത്’ – വിഷ്ണു പറയുന്നു.
ടിസിസികാലം പോകവേ, പ്രിൻസ് ക്ലബ്ബിന്റെ പേരും രൂപവും മാറി. 1976 ൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് (ടിസിസി) ആയി റജിസ്റ്റർ ചെയ്തു. പൂജ ക്രിക്കറ്റിന്റെ രജത ജൂബിലിയോടനുബന്ധിച്ച് 1975 ൽ സംഘടിപ്പിച്ച വനിതാ ക്രിക്കറ്റ് മാച്ച് കേരളത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മത്സരമായിരിരുന്നു. പിന്നീടു മാറ്റ് വിക്കറ്റിൽ നിന്നു ടർഫിലേക്കു മാറി. ടർഫ് വിക്കറ്റിലേക്കു മാറുന്ന സംസ്ഥാനത്തെ ആദ്യ ടൂർണമെന്റാകും പൂജ. സുവർണ ജൂബിലി വർഷത്തിലാണു പ്രശസ്തരായ കളിക്കാരെ ആദരിച്ചു വലിയൊരു മത്സരം നടത്തിയത്. ടൂർണമെന്റ് 70 വർഷമെത്താറായപ്പോൾ സ്ഥിരം പവിലിയൻ പണിതു. 75 –ാം വാർഷികമെത്തുമ്പോൾ ഫ്ലഡ്‌ലിറ്റിന്റെ പ്രഭാപൂരവും സ്വന്തം. ഒരു കോടി രൂപയാണു ചെലവ്. 30 ലക്ഷം രൂപ മുടക്കി ഇൻഡോർ നെറ്റ്സ് സജ്ജമാക്കിയിട്ടുണ്ട്. 3 അസ്ട്രോ ടർഫ് വിക്കറ്റുകളും 2 കോൺക്രീറ്റ് വിക്കറ്റുകളുമുണ്ട്. ഒരേ സമയം 3 ടീമുകളിലായി 45 പേർക്കു പ്രാക്ടിസ് ചെയ്യാനാകും. ക്ലബ്ബിനു വനിതാ ക്രിക്കറ്റ് ടീമുമുണ്ട്. ഇപ്പോഴും, ദേശീയ, സംസ്ഥാന തലത്തിൽ കളിക്കുന്ന ഒട്ടേറെ താരങ്ങൾ പാലസ് ഓവലിന്റെ സംഭാവനയാണ്.
ഒരേയൊരു രവിയച്ചൻകേരള ക്രിക്കറ്റിന്റെ പെരുന്തച്ചനായ പി. രവിയച്ചനു അവകാശപ്പെടാൻ കഴിയുന്ന ഒരു റെക്കോർഡ് പൂജ ക്രിക്കറ്റിലുണ്ട്. 1951ൽ തൃപ്പൂണിത്തുറ ക്ലബ് ജയിച്ച ആദ്യ കളിയിലും 1768ൽ തൃപ്പൂണിത്തുറ ക്ലബ് ജയിച്ച അവസാന കളിയിലും രവിയച്ചൻ ടീം അംഗമായിരുന്നു. ഏറ്റവും കൂടുതൽ പൂജ ക്രിക്കറ്റ് കളിച്ചതും ഒരുപക്ഷേ രവിയച്ചൻ ആയിരിക്കുമെന്നു ക്ലബ് ഭാരവാഹികൾ പറയുന്നു. പൂജ ക്രിക്കറ്റ് തുടക്കമിട്ടവരിൽ അവസാനം വിട പറഞ്ഞതും രവിയച്ചനാണ്.
ഒന്നാം ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും നൂറു വിക്കറ്റുമെന്ന ഇരട്ടനേട്ടം സ്വന്തമാക്കിയ ആദ്യ മലയാളിയാണു രവിയച്ചൻ. കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതൽ 17 വർഷം രഞ്ജി ട്രോഫിയിൽ കളിച്ചു. രണ്ടുതവണ കേരള ടീമിന്റെ ക്യാപ്റ്റനായി.
1969 മുതൽ ഞാൻ പൂജ ടൂർണമെന്റ് കാണുന്നു. 70 ന്റെ തുടക്കത്തിൽ ക്ലബ്ബിൽ അംഗമായി. ടീമിന്റെയും നടത്തിപ്പിന്റെയും ഭാഗമായത് അപ്പോഴാണ്. സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ടുള്ള കേരളത്തിലെ ഏക ക്ലബ് കൂടിയാണു ടിസിസി. പൂജ ക്രിക്കറ്റ് നടക്കുമ്പോൾ പ്രശസ്ത കളിക്കാർ എല്ലാവരും വരും. അവരുടെ കളികൾ കണ്ടു പഠിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റിന്റെ പുരോഗതിക്കു വലിയ പങ്കു വഹിക്കാൻ പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ് കാരണമായിട്ടുണ്ട്.
ഇത്തവണ രണ്ടാം ഘട്ടം മുതൽ ഫ്ലഡ്‌ലിറ്റിലാണു കളിക്കുക. 14നു നടക്കുന്ന മാച്ച് മുൻ രഞ്ജി താരങ്ങളുടെ സൗഹൃദ മാച്ചാണ്. രണ്ടാം ഘട്ടം ലീഗ് മത്സരങ്ങളാണു നടത്തുന്നത്. ഇത്തവണ ടൂർണമെന്റ് നിയന്ത്രിക്കുന്നത് സ്റ്റേറ്റ് പാനൽ അംപയർമാരാണ്. എല്ലാം മത്സരങ്ങളും ഓൺലൈനിലൂടെ കാണാം. ഒരു രാജ്യാന്തര താരമായിരിക്കും ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുക.
English Summary:








English (US) ·