08 June 2025, 07:46 AM IST

പൂജാരയും രോഹിത് ശർമയും | PTI
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു ചേതേശ്വര്‍ പൂജാര. ക്ഷമയോടെ ബൗളര്‍മാരെ നേരിടാനുള്ള പൂജാരയുടെ വൈഭവം ശ്രദ്ധേയമാണ്. നീണ്ട ഇന്നിങ്‌സുകളുമായി ഒട്ടേറെതവണ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട് താരം. എന്നാല്‍ യൂത്ത് ക്രിക്കറ്റ് മുതല്‍ തന്നെ പൂജാരയില്‍ നിന്ന് ഇത്തരം നീണ്ട ഇന്നിങ്‌സുകളുണ്ടായിട്ടുണ്ട്. പൂജാര ബാറ്റുചെയ്യുന്ന സമയത്ത് മൂന്നുദിവസത്തോളം വെയിലത്ത് ഫീല്‍ഡ് ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ രോഹിത് ശര്‍മ.
'പൂജാരയെ എങ്ങനെ പുറത്താക്കാം എന്നതിനെക്കുറിച്ച് മാത്രമായിരുന്നു അന്നത്തെ ടീം മീറ്റിങ്ങുകൾ. അവനെ പുറത്താക്കിയില്ലെങ്കിൽ ഞങ്ങൾ കളി തോൽക്കുമായിരുന്നു.' - രോഹിത് പറഞ്ഞു. പൂജാരയുടെ ഭാര്യ പൂജ പുബാരി എഴുതിയ ദ ലൈഫ് ഓഫ് എ ക്രിക്കറ്റേഴ്‌സ് വൈഫ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രോഹിത്.
'ഗ്രൗണ്ടിൽ പോയിട്ട് വൈകുന്നേരം തിരികെ വരുമ്പോൾ എന്റെ മുഖത്തിന്റെ നിറം പൂർണ്ണമായും മാറിയിട്ടുണ്ടാകും. 14 വയസ്സുള്ളപ്പോഴാണത്. കാരണം അവൻ ദിവസം മുഴുവൻ ബാറ്റ് ചെയ്യുമായിരുന്നു, ഞങ്ങൾക്ക് മൂന്നുദിവസം വരെ വെയിലത്ത് ഫീൽഡ് ചെയ്യേണ്ടി വന്നിട്ടുണ്ട്.'
'വീട്ടിൽ നിന്ന് കളിക്കാൻ പോയി ഒരാഴ്ചയ്ക്കുശേഷം വീട്ടിൽ തിരിച്ചെത്തുമ്പോഴുള്ള എന്റെ രൂപം കണ്ട് അമ്മ രണ്ടുമൂന്നു തവണ ചോദിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ എന്തു ചെയ്യാനാണെന്ന് അമ്മയോട് ചോദിച്ചു. ചേതേശ്വർ പൂജാര എന്ന് പേരുള്ള ഒരു ബാറ്റ്സ്മാൻ ഉണ്ടെന്നും അവൻ മൂന്നു ദിവസമായി ബാറ്റ് ചെയ്യുകയാണെന്നും അമ്മയോട് പറഞ്ഞു. അതായിരുന്നു ഞങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യ ധാരണ' - രോഹിത് പറഞ്ഞു.
2010 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് പൂജാര ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറുന്നത്. 103 ടെസ്റ്റുകളില്‍ നിന്ന് 7195 റണ്‍സാണ് സമ്പാദ്യം. മൂന്ന് ഇരട്ട സെഞ്ചുറികളും 19 സെഞ്ചുറികളുമുണ്ട്.
Content Highlights: Rohit Sharma connected Cheteshwar Pujaras younker cricket








English (US) ·