Published: June 08 , 2025 03:21 PM IST
1 minute Read
മുംബൈ∙ വെറ്ററൻ താരം ചേതേശ്വര്‍ പൂജാരയ്ക്കെതിരെ കളിച്ചതിന്റെ ഓർമകൾ പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. യൂത്ത് ടീമിനു വേണ്ടി കളിച്ചിരുന്നപ്പോൾ പൂജാരയ്ക്കെതിരെ മൂന്നു ദിവസം വരെ തുടർച്ചയായി ഫീൽഡ് ചെയ്യേണ്ടിവന്നിട്ടുണ്ടെന്നാണ് രോഹിത് ശർമയുടെ വെളിപ്പെടുത്തൽ. പൂജാരയുടെ ഭാര്യ പൂജ പുബാരി എഴുതിയ ‘ദ് ലൈഫ് ഓഫ് എ ക്രിക്കറ്റേഴ്സ് വൈഫ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു രോഹിത് ശർമ പഴയകാല അനുഭവങ്ങൾ പങ്കുവച്ചത്. അണ്ടർ 14 ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് പൂജാരയെ എങ്ങനെ പുറത്താക്കാം എന്ന കാര്യത്തിലാണ് ഏറെ നേരം ചർച്ചകൾ നടത്തിയിരുന്നതെന്നും രോഹിത് ശർമ വെളിപ്പെടുത്തി.
‘‘ടീം മീറ്റിങ്ങുകളിൽ പൂജാരയായിരുന്നു സ്ഥിരം ചര്‍ച്ചാ വിഷയം. അദ്ദേഹത്തെ പുറത്താക്കിയില്ലെങ്കിൽ ഞങ്ങൾ കളി തോൽക്കുന്ന അവസ്ഥയായിരുന്നു. പൂജാരയ്ക്കെതിരെ രാവിലെ കളിക്കാൻ പോയിട്ട് വൈകിട്ട് വീട്ടിലെത്തുമ്പോൾ എന്റെ മുഖത്തിന്റെ നിറം തന്നെ മാറിയിട്ടുണ്ടാകും. കാരണം പൂജാര ദിവസം മുഴുവൻ ബാറ്റു ചെയ്യുകയാണ്. രണ്ടോ മൂന്നോ ദിവസം ഒക്കെ ഞങ്ങൾ വെയിലത്തു നിൽക്കുന്ന അവസ്ഥയാണ്. അമ്മ ചോദിക്കുമ്പോൾ മൂന്നു ദിവസം ഒക്കെ ബാറ്റു ചെയ്യുന്ന ചേതേശ്വർ പൂജാര എന്നൊരു ബാറ്ററുണ്ടെന്നു ഞാൻ പറയാറുണ്ട്.’’
കരിയറിന്റെ തുടക്കത്തിൽ എസിഎൽ ഇൻജറി സംഭവിച്ചിട്ടും 100 ടെസ്റ്റോളം കളിച്ച പൂജാരയെ രോഹിത് അഭിനന്ദിച്ചു. 2006 ൽ അണ്ടർ 19 ലോകകപ്പിൽ റണ്ണറപ്പായ ഇന്ത്യൻ ടീമിൽ ഒരുമിച്ചു കളിച്ചവരാണ് രോഹിത് ശർമയും പൂജാരയും. ഇന്ത്യൻ സീനിയർ ടീമിലും ഇരുവരും സഹതാരങ്ങളായി. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകൾ കളിച്ചിട്ടുള്ള പൂജാര 19 സെഞ്ചറികൾ ഉൾപ്പടെ 7195 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. 2023ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് പൂജാര ഒടുവിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ താരമാണ് പൂജാര.
English Summary:








English (US) ·