അൻപത് വർഷം മുൻപ് ഷോലേ കണ്ട് മൈസൂരിലെ തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഒരു മെലിഞ്ഞ താടിക്കാരനും കൂടെ പോന്നു; ഒപ്പം മൂന്ന് വാക്കുകളും: "പൂരെ പച്ഛാസ് ഹജാർ..." താടിക്കാരന്റെ സിനിമാപ്പേര് "സാംബാ". കൊള്ളത്തലവൻ ഗബ്ബർ സിംഗിന്റെ വിശ്വസ്ത അനുയായി. ഒളിസങ്കേതത്തിന് ചുറ്റുമുള്ള പാറക്കൂട്ടത്തിന് മേൽ നിറതോക്കുമായി കാവലിരിക്കുന്ന സാംബായെ നോക്കി ഗബ്ബർ അലറുന്നു:
"അരേ ഓ സാംബാ, കിത്ത്നാ ഇനാം രഖേ ഹേ സർക്കാർ ഹം പർ ?" എന്റെ തലയ്ക്ക് സർക്കാർ ഇട്ടിരിക്കുന്ന വിലയെത്ര?
താഴേക്ക് നോക്കി താടിക്കാരൻ സാംബായുടെ ഇൻസ്റ്റന്റ് മറുപടി: "പൂരെ പച്ഛാസ് ഹജാർ..."
കഴിഞ്ഞു. ഷോലെയിൽ സാംബാ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് അത്രമാത്രം. എങ്കിലെന്ത്? ആ മൂന്നേ മൂന്ന് വാക്കുകൾ മതിയായിരുന്നല്ലോ എന്നെപ്പോലുള്ള സാധാരണ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സാംബായെ അനശ്വരനാക്കാൻ. മൈസൂരിലെ ഏതോ തിയേറ്ററിൽ നിന്നാണ് ഷോലേ ആദ്യം കണ്ടത്. പടം റിലീസായി അധികമായിരുന്നില്ല അപ്പോൾ. പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു എട്ടാം ക്ലാസുകാരന്റെ മൈസൂർ സന്ദർശനം. ഭാഷ ഹിന്ദി ആയതുകൊണ്ട് അത്ര ഉത്സാഹത്തോടെയല്ല തിയേറ്ററിലെ ഇരുട്ടിൽ ചെന്നിരുന്നത്. എന്നാൽ സെവന്റി എംഎം സ്‌ക്രീനിൽ പടം ഓടിത്തുടങ്ങിയതോടെ കഥ മാറി; ഭാഷ അപ്രസക്തമായി. അംജദ് ഖാന്റെ ഗബ്ബർ സിംഗിനെപ്പോലൊരു കിടിലൻ വില്ലനെ വെള്ളിത്തിരയിൽ അതുവരെ കണ്ടിട്ടില്ല ഞങ്ങൾ. എം.എൻ. നമ്പ്യാർ, അശോകൻ, മനോഹർ, ജോസ് പ്രകാശ്, ഗോവിന്ദൻകുട്ടി, കെ.പി.ഉമ്മർ, ജി.കെ. പിള്ള ഇവരെയൊക്കെയായിരുന്നു കണ്ട് ശീലം. എന്നാൽ ഗബ്ബർ ഒറ്റയടിക്ക് സകലരേയും നിഷ്പ്രഭരാക്കിക്കളഞ്ഞു; സിനിമയിലെ മുഖ്യവേഷക്കാരായ ഠാക്കൂർ ബൽദേവ് സിംഗിനേയും (സഞ്ജീവ് കുമാർ) വീരുവിനേയും (ധർമേന്ദ്ര) ജയദേവിനെയും (അമിതാഭ് ബച്ചൻ) വരെ.
ആദ്യ കാഴ്ചയിൽത്തന്നെ ഗബ്ബറിനൊപ്പം മനസ്സിൽ കയറിവന്നതാണ് കാലിയയും സാംബായും. ഗബ്ബറിന്റെ വിശ്വസ്തർ. വിജു ഖോട്ടെ അവതരിപ്പിച്ച കാലിയക്ക് അധികം ആയുസ്സുണ്ടായില്ല സിനിമയിൽ. ഗബ്ബറിന്റെ പിസ്റ്റളിൽ നിന്നുള്ള വെടിയുണ്ടയേറ്റ് തുടക്കത്തിലേ മൃതിയടയാനായിരുന്നല്ലോ പാവത്തിന് യോഗം. എന്നാൽ സാംബായുടെ ജീവിതം കുറച്ചു കൂടി നീണ്ടു. കഥാവസാനം വരെ സാംബാ ഗബ്ബറിന്റെ കൂടെ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. അതുകൊണ്ടുതന്നെ അമിതാഭിന്റെ വെടിയേറ്റ് സാംബാ പാറപ്പുറത്തുനിന്ന് നിലത്തു തെറിച്ചുവീണു കഥാവശേഷനായപ്പോൾ ശരിക്കും സങ്കടം വന്നു. അങ്ങനെ എളുപ്പം മരിച്ചുപോകേണ്ടയാളായിരുന്നില്ല പാവം സാംബാ.
സാംബായുടെ യഥാർത്ഥ പേര് മാക്മോഹൻ ആണെന്നറിഞ്ഞത് ബന്ധുക്കളിലാരോ വീട്ടിൽ കൊണ്ടുവന്നിട്ട ഫിലിം ഫെയറിൽ നിന്നാണ്. ഇരുപത്തഞ്ചു തവണയെങ്കിലും പിന്നീട് കണ്ടിട്ടുണ്ടാകും ഷോലെ; തിയേറ്ററിലും മിനി സ്‌ക്രീനിലുമായി. നൊമ്പരമുണർത്തുന്ന ഓർമ്മയായി അപ്പോഴെല്ലാം മനസ്സിനെ പിന്തുടർന്നു മാക്മോഹൻ. തിരക്കഥയിൽ സാംബാക്ക് കുറച്ചു കൂടി പ്രാധാന്യം നൽകാമായിരുന്നില്ലേ സലിം - ജാവേദിന് എന്ന് തോന്നിയിട്ടുണ്ട്. പിന്നെ സമാധാനിച്ചു. ഒരൊറ്റ ഡയലോഗ് കൊണ്ട് എന്തോരു മൈലേജാണ് ഈ, മനുഷ്യൻ നമ്മുടെയൊക്കെ മനസ്സുകളിൽ നേടിയത്.

പടത്തിന്റെ പ്രീവ്യൂ കണ്ടപ്പോൾ ആകെ തകർന്നുപോയ അനുഭവം അഭിനേത്രിയും അവതാരകയുമായ തബസ്സുമിന് നൽകിയ പഴയൊരു അഭിമുഖത്തിൽ മാക്മോഹൻ അയവിറക്കിയതോർക്കുന്നു. ഷൂട്ടിംഗിനായി 27 തവണയാണത്രെ മുംബൈയിൽ നിന്ന് ബംഗളൂരുവിൽ അദ്ദേഹം വന്നുപോയത്. പറയാൻ ഡയലോഗുകളും യഥേഷ്ടം. പക്ഷേ പടം സെൻസറിംഗ് കഴിഞ്ഞു വന്നപ്പോൾ ബാക്കിയായത് ഈ ഒരൊറ്റ സംഭാഷണ ശകലം മാത്രം. ആദ്യ പ്രദർശനം കണ്ട് ശരിക്കും നിരാശനായിപ്പോയി മാക്മോഹൻ. കരഞ്ഞില്ലെന്നേയുള്ളൂ. തീർത്തും അപ്രസക്തമായി മാറിയ തന്റെ കഥാപാത്രത്തെ ഒഴിവാക്കുകയായിരുന്നില്ലേ ഇതിലും ഭേദം എന്ന് വേദനയോടെ ചോദിച്ചപ്പോൾ സംവിധായകൻ രമേഷ് സിപ്പി പറഞ്ഞു: "പേടിക്കണ്ട. ഈ പടം ഹിറ്റാകുകയാണെങ്കിൽ കൊച്ചുകുട്ടികളുടെ ചുണ്ടിൽ പോലുമുണ്ടാകും സാംബാ എന്ന പേര്."
വെറുതെ ഒരു ഭംഗിവാക്കെന്നേ കരുതിയുള്ളൂ മാക്മോഹൻ. എന്നാൽ പടം പുറത്തിറങ്ങി ചരിത്രമായതോടെ സിപ്പിയുടെ നാക്ക് പൊന്നായി. പ്രവചനം സത്യമായി. മാക്മോഹൻ എന്ന പേര് പോലും വിസ്മൃതമാകും വിധം പ്രശസ്തി നേടി സാംബാ. "ഷോലേ"ക്ക് പിന്നാലെ കുറെയേറെ ഹിറ്റ് ചിത്രങ്ങൾ കൂടി: ഡോൺ, ഷാൻ, ഖൂൻ പസീന, കർസ്, ഗംഗാ കി സൗഗന്ധ്, ബേണിംഗ് ട്രെയിൻ, ഖുർബാനി എന്നിങ്ങനെ. മിക്ക പടങ്ങളിലും വില്ലന്റെ സന്തതസഹചാരിയുടെ വേഷമായിരുന്നു. വില്ലൻ പ്രേംചോപ്രയോ അജിത്തോ മദൻപുരിയോ രൺജീത്തോ കുൽഭൂഷൺ ഖർബന്ധയോ ആരുമാവട്ടെ; പ്രധാന "ചംച്ച" മാക്മോഹൻ തന്നെ. ഒരേ തരത്തിലുള്ള വേഷങ്ങൾ ചെയ്തു മടുക്കുന്നതിനിടെ അപൂർവമായിചില വ്യത്യസ്ത കഥാപാത്രങ്ങളും മാക്മോഹനെ തേടിയെത്തി. "കാലാ പത്ഥറി"ലെ റാണ അത്തരത്തിലൊന്നായിരുന്നു. ചെറുതെങ്കിലും അഭിനയിച്ചവയിൽ മാക്മോഹന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന വേഷം.
അവസാനമഭിനയിച്ച പടങ്ങളിലൊന്നായ സോയാ അഖ്തറിന്റെ "ലക്ക് ബൈ ചാൻസി"ൽ താനായിത്തന്നെ പ്രത്യക്ഷപ്പെടാനും ഭാഗ്യമുണ്ടായി മാക്മോഹന്. ആക്ടിങ് സ്‌കൂളിന്റെ വാർഷികച്ചടങ്ങിനെത്തിയ മാക്മോഹനോട് സദസ്സ് ആവശ്യപ്പെടുകയാണ്; അനശ്വരമായ ആ ഷോലേ ഡയലോഗ് ഒന്നുകൂടി കേൾപ്പിക്കാൻ. സസന്തോഷം മക്മോഹൻ പഴയ സാംബാ ആകുന്നു; സംഭാഷണം ആവർത്തിക്കുന്നു: "പൂരെ പച്ഛാസ് ഹജാർ..." അധികമാർക്കും വീണുകിട്ടാത്ത ഇത്തരം സൗഭാഗ്യങ്ങളാണ് ആവർത്തനവൈരസ്യത്തിനിടയിലും തന്നിലെ നടനെ ജീവിപ്പിച്ചുനിർത്തിയതെന്ന് വിശ്വസിച്ചു മാക്മോഹൻ.
അടുത്ത സുഹൃത്തിനെ കാണാൻ മുംബൈ നഗരപ്രാന്തത്തിലെ ഒരു ഫ്‌ളാറ്റിലെത്തിയ മാക്മോഹനെ കണ്ട് "കള്ളൻ, കള്ളൻ, ആരെങ്കിലും ഇയാളെ പൊലീസിന് പിടിച്ചുകൊടുക്കൂ" എന്ന് വിളിച്ചുകൂവിയ സ്ത്രീയുടെ കഥ മക്മോഹൻ വിവരിച്ചുകേട്ടിട്ടുണ്ട്. നിനച്ചിരിക്കാതെ ഷോലെയിലെ കൊള്ളക്കാരനെ കണ്മുന്നിൽ കണ്ടു നടുങ്ങിപ്പോയതായിരുന്നു ആ വീട്ടമ്മ. മറ്റൊരിക്കൽ പൂനെയിൽ വെച്ച് "അരേ ഓ സാംബാ' എന്ന് ആർത്തുവിളിച്ചു പിന്നാലെ കൂടിയ ജനക്കൂട്ടത്തിൽ നിന്ന് ഓടിരക്ഷപ്പെടേണ്ടി വന്നത് മറ്റൊരു ഓർമ്മ.
ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചിയിൽ ജനിച്ച മോഹൻ മാക്കിജാനി എന്ന മാക്മോഹൻ മുംബൈയിലേക്ക് വണ്ടി കയറിയത് ക്രിക്കറ്ററാകാനാണ്. എന്നാൽ വിധി അദ്ദേഹത്തെ ഹക്കീഖത്തിലൂടെ (1964) സിനിമാനടനാക്കി. അമിതാഭ് ബച്ചൻ ചിത്രമായ "മജ്‌ബൂറി"ലാണ് ആദ്യത്തെ ശ്രദ്ധേയ വില്ലൻ വേഷം. പക്ഷേ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടത് "ഷോലേ" തന്നെ. മക്കളിൽ മൂത്തയാളായ മഞ്ജരി മാക്കിൻജാനി അറിയപ്പെടുന്ന സംവിധായികയാണ്.
കരൾ രോഗം ബാധിച്ച് 2010 മേയിലായിരുന്നു മാക്മോഹന്റെ വിയോഗം. മരണവാർത്തയറിഞ്ഞ് ഷോലെയിലെ സംബായുടെ "അന്തകൻ" ജയദേവ് (അമിതാഭ് ബച്ചൻ) ട്വിറ്ററിൽ കുറിച്ചതിങ്ങനെ: "അഭിനയിച്ച കഥാപാത്രങ്ങളുടെ നേരെ എതിർധ്രുവത്തിലായിരുന്നു യഥാർത്ഥ മാക്മോഹൻ. നന്മയുടെ ആൾരൂപം. മെലിഞ്ഞ ശരീരത്തിനുള്ളിൽ ഒരുപാട് കരുതലും സ്നേഹവും കാത്തുവെച്ച മനുഷ്യൻ...."
Content Highlights: Beyond gabbars shadiness remembering MacMohans interaction connected hindi cinema
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·