'പൃഥ്വി ഷായെ പോലെ സ്വയം നശിക്കരുത്'; വൈഭവ് സൂര്യവംശിക്ക് ആരാധകരുടെ മുന്നറിയിപ്പ്

6 months ago 7

അടുത്തിടെ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളിലൊന്നാണ് ഇന്ത്യയുടെ 14-കാരന്‍ വൈഭവ് സൂര്യവംശിയുടേത്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് വൈഭവിനെ ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധയിലെത്തിക്കുന്നത്. പിന്നാലെ ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 1.10 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തതോടെ വൈഭവിന്റെ പേര് ആഗോളതലത്തില്‍ ചര്‍ച്ചയായി. തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 35 പന്തില്‍ നിന്ന് സെഞ്ചുറി നേടിയതോടെ ഈ 14-കാരന്‍ ആരാധകരുടെ പ്രിയപ്പെട്ടവനായി. ഐപിഎല്ലില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറികൂടിയായിരുന്നു ഇത്.

എന്നാല്‍ വൈഭവിന്റെ വൈഭവം അവിടംകൊണ്ടും തീര്‍ന്നില്ല. ഐപിഎല്‍ അവസാനിച്ചതിനു പിന്നാലെ അണ്ടര്‍ 19 തലത്തിലും വൈഭവ് മികവ് തുടര്‍ന്നു. ഇംഗ്ലണ്ടിനെതിരായ യൂത്ത് ഏകദിന പരമ്പരയില്‍ 48, 45, 86, 143, 33 എന്നീ സ്‌കോറുകളുമായി താരം തിളങ്ങി.

ഇത്രയും ചെറു പ്രായത്തില്‍ തന്നെ വൈഭവിന്റെ ആരാധകവൃന്ദം വളരെ വലുതാണ്. ഐപിഎല്ലില്‍ നിന്നടക്കം ലഭിക്കുന്ന കോടിക്കണക്കിന് രൂപയും. ഈ സാഹചര്യത്തില്‍ വൈഭവിനോട് വളരെ ശ്രദ്ധിക്കണമെന്ന് പറയുകയാണ് ഒരുകൂട്ടം ആരാധകര്‍. ഇന്ത്യന്‍ താരം പൃഥ്വി ഷായുടെ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് ഇവര്‍ വൈഭവിനോട് ശ്രദ്ധിക്കണമെന്ന് പറയുന്നത്. പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പോയി ക്രിക്കറ്റിനെ മറന്നുകളയരുതെന്നാണ് ആരാധകര്‍ വൈഭവിനോട് പറയുന്നത്.

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സച്ചിന്‍ എന്ന് പേരെടുത്ത താരമായിരുന്നു മഹാരാഷ്ട്ര സ്വദേശി പൃഥ്വി ഷാ. 2013-ല്‍ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയാണ് താരത്തെ ആദ്യം പ്രശസ്തനാക്കുന്നത്. പിന്നീട് അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി പൃഥ്വി വളര്‍ന്നു. പിന്നാലെ ദേശീയ ടീമിനായുള്ള ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയും നേടി. എന്നാല്‍ പെട്ടെന്നുണ്ടായ പണത്തിലും പ്രശസ്തിയിലും അഭിരമിച്ച പൃഥ്വി പതിയെ ക്രിക്കറ്റില്‍ നിന്ന് തിരസ്‌കൃതനാകുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കറക്കവും പാര്‍ട്ടിയും ഫിറ്റ്‌നസ് ശ്രദ്ധിക്കാതെയുള്ള ഭക്ഷണക്രമവുമെല്ലാം താരത്തിന്റെ കളിയെ ബാധിച്ചു. മോശം ഫോമും ഫിറ്റ്നസ് പ്രശ്നങ്ങളും ഇന്ത്യന്‍ ടീമിന് പുറത്തെത്തിച്ചപ്പോഴും ഷാ, പാര്‍ട്ടിയും മറ്റുമായി കുത്തഴിഞ്ഞ ജീവിതം തുടര്‍ന്നു. ഒടുവില്‍ മുംബൈ ടീമും താരത്തെ ഒഴിവാക്കി. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ താരത്തെ ആരും ടീമിലെടുത്തിരുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഷാ.

പൃഥ്വി ഷായുടേതിന് സമാനമായ വിധി അനുഭവിക്കേണ്ടി വരരുതെന്നാണ് ആരാധകര്‍ വൈഭവിനോട് പറയുന്നത്. അടുത്തിടെ വൈഭവിനൊപ്പം ഫോട്ടോ എടുക്കാന്‍വേണ്ടി മാത്രം രണ്ട് പെണ്‍കുട്ടികള്‍ ആറു മണിക്കൂര്‍ യാത്ര ചെയ്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. പണവും പ്രശസ്തിയും ഉള്ളപ്പോള്‍ ചുറ്റിലും എല്ലാവരും ഉണ്ടാകുമെന്നും അതിനുവേണ്ടി ക്രിക്കറ്റിനെ മറന്നാല്‍ പിന്നെ കൂടെ ആരും കാണില്ലെന്നും ആരാധകര്‍ വൈഭവിന് മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തേ വൈഭവിന്റെ കരിയര്‍ സംബന്ധിച്ച് ബിസിസിഐക്ക് ഗ്രെഗ് ചാപ്പല്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിസിസിഐക്കും ഫ്രാഞ്ചൈസികള്‍ക്കുമെല്ലാം വൈഭവിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് ചാപ്പല്‍ തന്റെ ഇഎസ്പിഎന്‍ കോളത്തില്‍ കുറിച്ചു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിജയിച്ചത് മികച്ച പിന്തുണ ലഭിച്ചതിനാലാണെന്ന് പരാമര്‍ശിച്ച ചാപ്പല്‍ വിനോദ് കാംബ്ലി, പൃഥ്വി ഷാ എന്നിവരുടെ അനുഭവങ്ങളും അന്ന് ഓര്‍മപ്പെടുത്തിയിരുന്നു.

Content Highlights: 14-year-old cricket sensation Vaibhav Suryavanshi receives proposal from fans to prioritize his career

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article