പൃഥ്വിരാജിന് അവാർഡ് നിഷേധിക്കപ്പെട്ടത് എമ്പുരാൻ കാരണം, അവാർഡുകളിൽ രാഷ്ട്രീയം കലർത്തരുത് -ഉർവശി

5 months ago 6

Urvashi and Prithviraj

ഉർവശി, ആടുജീവിതത്തിൽ പൃഥ്വിരാജ് | ഫോട്ടോ: എൻ.എം. പ്രദീപ്‌| മാതൃഭൂമി, www.facebook.com/PrithvirajSukumaran

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനത്തിൽ കൂടുതൽ പ്രതികരണവുമായി നടി ഉർവശി. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ തൻ്റെ അതൃപ്തി അവർ രേഖപ്പെടുത്തി. ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ മുഖ്യവേഷത്തിലെത്തിയ ആടുജീവിതത്തിന് പുരസ്കാരം നിഷേധിച്ചതിനെക്കുറിച്ചാണ് അവർ ഇത്തവണ മനസുതുറന്നത്. ആടുജീവിതം എന്ന ചിത്രത്തെ ദേശീയ പുരസ്കാര ജൂറിക്ക് എങ്ങനെ അവ​ഗണിക്കാനായി എന്ന് അവർ ചോദിച്ചു.

'ഉള്ളൊഴുക്ക്' എന്ന സിനിമയിൽ പാർവതിക്കൊപ്പം പ്രധാന കഥാപാത്രങ്ങളിലൊന്ന് ചെയ്തിട്ടും മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ഉർവശിക്ക് ലഭിച്ചത്. ഇതിനെക്കുറിച്ച് കഴിഞ്ഞദിവസംതന്നെ അവർ രം​ഗത്തെത്തിയിരുന്നു. ദ ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിലാണ് ആടുജീവിതത്തിനും പൃഥ്വിരാജിനും അവാർഡ് നിഷേധിക്കപ്പെട്ടതിൽ ഉർവശി അതൃപ്തി പ്രകടിപ്പിച്ചത്. "നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഹൃദയഭേദകമായ സഹനവും കാണിക്കാൻ സമയവും പ്രയത്‌നവും നൽകി ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒരു നടൻ നമുക്കുണ്ട്. 'എമ്പുരാൻ' കാരണമാണ് ഇതെന്ന് നമുക്കെല്ലാവർക്കും അറിയാം. അവാർഡുകളിൽ രാഷ്ട്രീയം കലർത്തരുത്." ഉർവശി പറഞ്ഞു.

താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ചേർന്നുനിൽക്കാത്തതുകൊണ്ടാണ് ശബ്ദമുയർത്താൻ കഴിയുന്നതെന്ന് ഉർവശി പറഞ്ഞു: "എനിക്ക് സംസാരിക്കാൻ കഴിയും, കാരണം ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിക്കുന്നില്ല. ഞാൻ നികുതി അടയ്ക്കുന്നു, എനിക്ക് ഭയമില്ല. ഞാൻ ഇത് ഉന്നയിക്കുന്നത് എനിക്കുവേണ്ടിയല്ല, മറിച്ച് എന്റെ പിന്നാലെ വരുന്നവർക്ക് വേണ്ടിയാണ്. 'അവാർഡ് കിട്ടിയപ്പോൾ ഉർവശി പോലും മിണ്ടാതിരുന്നു, പിന്നെന്തിനാണ് നിങ്ങൾ ബഹളം വെക്കുന്നത്?' എന്ന് ആരും അവരോട് പിന്നീട് പറയാതിരിക്കാനാണ്" അവർ പറഞ്ഞു.

"ഇങ്ങനെയാണോ കാര്യങ്ങൾ വേണ്ടത്? പ്രധാന കഥാപാത്രങ്ങളെ സഹനടിക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുകയാണെങ്കിൽ, യഥാർത്ഥ സഹനടീനടന്മാർക്ക് എന്ത് സംഭവിക്കും? അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ അവർക്ക് എവിടെ നിന്നാണ് പ്രചോദനം ലഭിക്കുക? ഒരു കഥാപാത്രം പ്രധാനപ്പെട്ടതാണോ സഹ കഥാപാത്രമാണോ എന്ന് തീരുമാനിക്കാൻ അവർ അഭിനയത്തെ എങ്ങനെയാണ് അളന്നത്? ഒന്നാം സ്ഥാനം എന്നാൽ അത് ഒരാൾക്ക് മാത്രമുള്ളതാണ്. ഇതെല്ലാം വളരെ വിചിത്രമായി തോന്നുന്നു. എന്തൊരു പ്രകടനമായിരുന്നു വിജയരാഘവന്റേത്! പതിറ്റാണ്ടുകളായി അദ്ദേഹം ഈ രംഗത്തുണ്ട്. അദ്ദേഹത്തിന് ഇനിയൊരിക്കൽ ഇങ്ങനെയൊരു വേഷം ലഭിക്കുമോ? ജൂറിയിൽ നിന്ന് ഞാൻ ഒരു മറുപടി ആഗ്രഹിക്കുന്നു.

പരീക്ഷകളിൽ പോലും നിങ്ങൾ പുനർമൂല്യനിർണ്ണയത്തിനും റീടോട്ടലിങ്ങിനും അപേക്ഷിക്കാറുണ്ട്. ദേശീയ പുരസ്‌കാരങ്ങളുടെ കാര്യത്തിലും അവർ ഇത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ജൂറിയെ തരൂ, നീതി മാത്രം നടപ്പാകുന്ന തരത്തിൽ ഈ സംവിധാനം മാറ്റൂ.

53-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പർസാനിയ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് സരികയ്ക്കായിരുന്നു, വ്യക്തിപരമായ ഒരു പ്രയാസഘട്ടത്തിന് ശേഷം അവർ തിരിച്ചുവരവ് നടത്തുകയാണെന്ന് എനിക്കറിയാമായിരുന്നു, അതിനാൽ പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ട് അന്ന് ഞാൻ ശബ്ദമുയർത്തിയില്ല. പക്ഷെ ഇത്തവണ എനിക്ക് സംസാരിക്കണം, എനിക്ക് വേണ്ടി മാത്രമല്ല, എന്റെ യുവ സഹപ്രവർത്തകർക്കും വേണ്ടി. നമ്മൾ ഇപ്പോൾ ശബ്ദമുയർത്തിയില്ലെങ്കിൽ, ദക്ഷിണേന്ത്യയിലെ കഴിവുറ്റ ഒരുപാട് നടന്മാർക്ക് ഇത്തരം അംഗീകാരങ്ങൾ ഇനിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ദേശീയ പുരസ്‌കാരങ്ങൾ പ്രാദേശിക പരിഗണനകൾക്കപ്പുറം കഴിവിന് മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കണം." ഉർവശി അഭിപ്രായപ്പെട്ടു.

ഇവിടെ കൂടുതൽ വിദ്യാഭ്യാസമുണ്ട്, ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് ചോദ്യം ചെയ്യുകതന്നെ ചെയ്യും. പ്രത്യാഘാതങ്ങൾ ഉണ്ടാകുമെങ്കിലും അത് സാരമില്ല. പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമല്ലോ. ദേശീയ പുരസ്‌കാരങ്ങൾ കഴിവിന് മാത്രം നൽകേണ്ടതാണ്, മറ്റൊന്നിനുമല്ല. താൻ പുരസ്‌കാരങ്ങൾക്കായി കൊതിക്കുന്നില്ല, പക്ഷേ അവ ലഭിക്കുമ്പോൾ നല്ലൊരു അനുഭവമാണ് നൽകേണ്ടത്, ഇതുപോലെയല്ല. ജൂറി ദക്ഷിണേന്ത്യയെ നിസ്സാരമായി കാണരുത്. അവർ തരുന്നത് വാങ്ങി ഞങ്ങൾ സന്തോഷിക്കുമെന്ന് കരുതുകയും അരുതെന്നും ഉർവശി കൂട്ടിച്ചേർത്തു.

Content Highlights: Veteran histrion Urvashi criticizes National Film Awards for overlooking `Aadujeevitham`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article