കേരള ക്രിക്കറ്റ് ലീഗിലൂടെ ആഭ്യന്തര താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ്. സഞ്ജു സാംസണിൻ്റെ വരവ് ലീഗിന് പുത്തൻ ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 21-നാണ് കെസിഎല്ലിന്റെ രണ്ടാം സീസണിന് തുടക്കമാകുന്നത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിൽ കെസിഎ പുതുതായി സ്ഥാപിച്ച എൽഇഡി ഫ്ളഡ്ലൈറ്റുകൾക്ക് കീഴിലാണ് ലീഗ് മത്സരങ്ങൾ നടക്കുക. ഓരോ ദിവസവും രണ്ട് മത്സരങ്ങൾ വീതം ഉണ്ടായിരിക്കും. ടൂർണമെൻ്റിൻ്റെ വിശേഷങ്ങൾ ജയേഷ് ജോർജ് മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
ആദ്യ സീസൺ വിജയകരമായി, ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും
കേരള ക്രിക്കറ്റ് ലീഗിൻ്റെ ആദ്യ സീസൺ വിജയകരമായി പൂർത്തിയാക്കാൻ കെസിഎയ്ക്ക് സാധിച്ചു. അതുകൊണ്ടാണ് രണ്ടാമത്തെ സീസണിൽ കേരളത്തിൻ്റെ ടൂറിസം സാധ്യത കൂടി ഉൾപ്പെടുത്തി വിപുലമായി ലീഗ് നടത്താൻ തീരുമാനിച്ചത്. ഓണക്കാലത്താണ് ലീഗ് നടക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഓണാഘോഷം വിപുലമായതിനാൽ ആ സാധ്യതയും പ്രയോജനപ്പെടുത്താനാകും.
സഞ്ജുവിൻ്റെ വരവ് ഊർജമാകും, താരങ്ങൾക്ക് ഗുണം ചെയ്യും
സഞ്ജു സാംസൻ കേരളത്തിൻ്റെ ഐക്കൺ പ്ലയറാണ്. ആ താരത്തിനുവേണ്ടി ഒരു ടീം തങ്ങൾക്ക് ലേലത്തിന് അനുവദിച്ച പകുതിയിലേറെ തുക ചെലവഴിച്ചു. സഞ്ജു വരുന്നതോടെ ദേശീയതലത്തിലും ലീഗിന് ശ്രദ്ധ കിട്ടും. ലീഗിൻ്റെ മൂല്യം ഉയർത്താൻ സഞ്ജുവിൻ്റെ വരവിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അനുഭവസമ്പത്ത് പുതിയ താരങ്ങൾക്കും ഗുണം ചെയ്യും. സാധാരണ രഞ്ജി ട്രോഫിയിലൊക്കെയാണ് സഞ്ജുവിനൊപ്പം കളിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്.
കേരളത്തിലെ താരങ്ങൾക്ക് പുത്തനവസരമാണ് കെസിഎല്ലിലൂടെ ലഭിക്കുന്നത്. ഫ്ലഡ്ലെെറ്റിൽ കാണികളുടെ മുന്നിൽ കളിക്കാൻ സാധിക്കുന്നത് കളിക്കാർക്ക് ഗുണം ചെയ്യും.
ലീഗ് ആരംഭിക്കാൻ വെെകിയിട്ടില്ല, കെസിഎ മുന്നൊരുക്കം നടത്തുകയായിരുന്നു
കഴിഞ്ഞ തവണ വാശിയേറിയ പോരാട്ടങ്ങളും മികച്ച പ്രകടനങ്ങളും നമ്മൾ കണ്ടതാണ്. കെസിഎൽ പോലൊരു ടൂർണമെന്റ് ആരംഭിക്കാൻ വെെകിയെന്ന് തോന്നുന്നില്ല. കഴിഞ്ഞ വർഷങ്ങളിലായി നിരവധി ആഭ്യന്തര ടൂർണമെൻ്റുകൾ കെസിഎ സംഘടിപ്പിച്ചിട്ടുണ്ട്. ആറ് മികച്ച ടീമുകൾ ഉണ്ടെങ്കിലേ വിപുലമായൊരു ലീഗായി നടത്താൻ സാധിക്കൂ. കുറച്ച് ടീമുകൾ മികച്ച് നിൽക്കുകയും ബാക്കിയുള്ളവ നിറം മങ്ങുകയും ചെയ്താൽ ടൂർണമെൻ്റിൻ്റെ ശോഭ കുറയും. ഇപ്പോഴാണ് ശക്തരായ ആറ് ടീമുകളെ ഒരുക്കിയെടുക്കാനായത്. കെസിഎൽ ആരംഭിക്കാൻ വെെകിയിട്ടില്ല, കേരള ക്രിക്കറ്റ് അതിൻ്റെ പിറകിൽ തന്നെയായിരുന്നു.
കഴിഞ്ഞ തവണ വിഗ്നേഷ്, ഇത്തവണയുമുണ്ടാകും താരോദയം
കഴിഞ്ഞ തവണ കുറച്ച് തിടുക്കത്തിലാണ് ടൂർണമെൻ്റ് നടത്തിയത്. കുറച്ച് സമയം കൊണ്ടാണ് ടീമുകൾ സെറ്റാക്കിയതും ലേലമൊക്കെ നടത്തിയതും. തിടുക്കത്തിൽ നടത്തിയിട്ടും രാജ്യാന്തരതലത്തിൽ ലീഗ് ചർച്ചയായി. ബിസിസിഐ അംഗങ്ങൾ ലീഗിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.
ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് നമുക്ക് നിലവിൽ ഫ്ലഡ് ലെെറ്റ് സംവിധാനമുള്ളത്. ബാക്കിയുള്ളിടത്ത് അതിനുള്ള ഒരുക്കങ്ങൾ നടത്താൻ പദ്ധതിയുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ ഗ്രൗണ്ടുകളിലേയ്ക്ക് മത്സരങ്ങൾ എത്തും.
കഴിഞ്ഞ തവണ ലീഗ് കാണാൻ പല ഐപിഎൽ ഫ്രാഞ്ചെെസികളിലും നിന്നുള്ള ആളുകളെത്തിയിരുന്നു. അങ്ങനെയാണല്ലോ വിഗ്നേഷ് പുത്തൂർ മുംബെെ ഇന്ത്യൻസിൽ എത്തിയത്. അതുപോലെ ഇത്തവണയും സംഭവിക്കുമെന്നാണ് പ്രതീക്ഷ. ടൂർണമെൻ്റിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ ധാരാളം വരുന്നുണ്ട്.
വരും, വനിതകളുടെ പ്രീമിയർ ലീഗ്
കഴിഞ്ഞ തവണ വനിതകളുടെ ഒരു സന്നാഹ മത്സരം നടത്താൻ പദ്ധതിയുണ്ടായിരുന്നു. സമയക്കുറവുമൂലം അത് നടന്നില്ല. ഇത്തവണ മത്സരം നടത്താൻ ആലോചനയുണ്ട്. വനിതകളുടെ പ്രീമിയർ ലീഗും താമസിക്കാതെ സംഭവിക്കും.
കഴിഞ്ഞ വർഷം 35 ലക്ഷമായിരുന്നു ലേലത്തുക. അത് വർധിപ്പിക്കണമെന്ന ആവശ്യം വന്നതോടെയാണ് ഇത്തവണ 50 ലക്ഷം ആയത്. ടൂർണമെൻ്റ് മുന്നോട്ട് പോകുന്തോറും ഇതിലും മാറ്റം വന്നേക്കാം.
പൃഥ്വിരാജ് ടീമിനായി സമീപിച്ചു, താരങ്ങളും ലീഗിൻ്റെ ഭാഗം
ഷാരൂഖ് ഖാൻ, പ്രീതി സിൻ്റ തുടങ്ങിയവരൊക്കെ ഉടമകളായിട്ടുള്ള ലീഗാണ് ഐപിഎൽ. ഇന്ത്യയിൽ ക്രിക്കറ്റും സിനിമയും പണ്ടു മുതലേ ഇത്തരത്തിലൊരു ബന്ധമുണ്ട്. നമ്മുടെ ലീഗിലും സിനിമാക്കാരുടെ സാന്നിധ്യം നിർണായകമാണ്. മോഹൻലാലാണ് ലീഗിൻ്റെ ബ്രാൻഡ് അംബാസിഡർ. ഉടമകളിൽ ധാരാളം സിനിമാക്കാരുണ്ട്. സഹ ഉടമകളിൽ ഒരാളാണ് പ്രിയദർശൻ ഒക്കെ ചെറുപ്പം മുതൽ ക്രിക്കറ്റ് കളിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ്.
ഫുട്ബോളിലും സിനിമാക്കാരുടെ സാന്നിധ്യമുണ്ട്. പൃഥ്വിരാജിന് ഒരു ഫുട്ബോൾ ടീമുണ്ടല്ലോ. നമ്മുടെ ലീഗിലെ ഒരു ടീമിനായി താത്പര്യം പ്രകടിപ്പിച്ച് അദ്ദേഹം വന്നിരുന്നു. സുപ്രിയ ഞങ്ങളെ കഴിഞ്ഞ തവണ ബന്ധപ്പെട്ട സമയത്ത് ആറ് ടീമുകളും തയ്യാറായിരുന്നു. വരുംവർഷങ്ങളിൽ ലീഗിലെ ടീമിൻ്റെ എണ്ണം വർധിക്കുമ്പോൾ കൂടുതൽ പേർക്ക് ടൂർണമെൻ്റിൻ്റെ ഭാഗമാകാൻ സാധിക്കും.
Content Highlights: Kca president jayesh george astir kerala cricket league








English (US) ·