പെഡ്ഡി വിവാദം; മൗനം വെടിഞ്ഞ് ജാൻവി കപൂർ, തെറ്റ് തിരുത്താൻ വൈകിയെന്ന് തുറന്നുപറച്ചിൽ

3 weeks ago 3
സിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ അവതരണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ ദിശ നൽകുകയാണ് നടി ജാൻവി കപൂറിന്റെ വെളിപ്പെടുത്തൽ. രാം ചരൺ നായകനാകുന്ന പെഡ്ഡി സിനിമയിൽ തന്റെ കഥാപാത്രമായ അചിയമ്മയെ അവതരിപ്പിച്ച രീതിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് താരം. വിവാദത്തിൽ കൂടുതൽ ശക്തമായി പ്രതികരിക്കാമായിരുന്നുവെന്നും അന്ന് അതിന് കഴിയാത്തതിൽ ഇപ്പോഴും കുറ്റബോധമുണ്ടെന്നും ജാൻവി വ്യക്തമാക്കി.

കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ സീസൺ 9-ൽ സംസാരിക്കവെയാണ് താരം വിവാദത്തെക്കുറിച്ച് മനസ് തുറന്നത്. ചിത്രത്തിലെ നായികയുടെ അവതരണം വിമർശനവിധേയമായപ്പോൾ പ്രതികരിക്കാൻ മടിച്ചതിന്റെ കാരണവും ജാൻവി വിശദീകരിച്ചു. സിനിമയ്ക്കുവേണ്ടി നിരവധി ആളുകൾ കഠിനാധ്വാനം ചെയ്തതിനാൽ പരസ്യമായി പ്രതികരിക്കുന്നത് എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നാണ് താരം പറഞ്ഞത്. എന്നാൽ, അതുകൊണ്ട് സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ജാൻവി കൂട്ടിച്ചേർത്തു.

“സമൂഹത്തിൽ, പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച്, ഇത്തരം കുറ്റപ്പെടിത്തുലുകൾ സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യം എന്റെ മനസിനെ വല്ലാതെ അലട്ടുന്നുണ്ട്. ആ നാണക്കേട് എന്നും ഞാൻ പേറേണ്ടിവരും,” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ചിത്രത്തിലെ അവതരണം പ്രശ്നകരമായിരുന്നുവെന്നും കഥാപാത്രം അമിതമായി ലൈംഗികവൽക്കരിക്കപ്പെട്ടുവെന്നും സമ്മതിച്ച ജാൻവി, അത്തരം ദൃശ്യങ്ങൾക്കെതിരെ കൂടുതൽ ശക്തമായി നിലകൊള്ളേണ്ടതായിരുന്നുവെന്നും ഇനിയും ഈ തെറ്റ് ആവതിക്കാതിരിക്കാൻ തൻ ശ്രെമിക്കുമെന്നും വ്യക്തമാക്കി.

സിനിമയുടെ ചിത്രീകരണത്തിനിടെ നേരിട്ട പല സാഹചര്യങ്ങളും തന്റെ പ്രതികരണത്തെ സ്വാധീനിച്ചിരുന്നുവെന്ന് ജാൻവി പറഞ്ഞു. സൗത്ത് ഇന്ത്യൻ സിനിമകളിൽ പലപ്പോഴും ചിത്രീകരണത്തിന് മുമ്പ് പൂർണ സ്ക്രിപ്റ്റോ, ക്യാമറ ആംഗിളുകളും ദൃശ്യങ്ങളുടെ അവതരണവും സംബന്ധിച്ച വിശദാംശങ്ങൾ പൂർണമായി അറിയാൻ കഴിയാറില്ലെന്നാണ് താരത്തിന്റെ വിശദീകരണം. സംവിധായകൻ നിർദേശിക്കുന്ന രീതിയിൽ പ്രൊഫഷണലായി പ്രവർത്തിക്കണമെന്ന ചിന്തയും തനിക്കുണ്ടായിരുന്നുവെന്ന് ജാൻവി കൂട്ടിച്ചേർത്തു. എന്നിരുന്നാലും, തനിക്കുള്ള താരപദവിയും സ്വാധീനവും ഉപയോഗിച്ച് കൂടുതൽ ശക്തമായി എതിർപ്പ് അറിയിക്കാമായിരുന്നുവെന്നാണ് ഇപ്പോഴത്തെ തിരിച്ചറിവ്.

ഈ വിവാദത്തിൽനിന്ന് ഭാവിയിലേക്കുള്ള ഒരു പാഠം ഉതൻ മനസിലാക്കിയെന്നും താരം വ്യക്തമാക്കി. ഒരു നായികയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ് സിനിമാപ്രവർത്തകർ രണ്ടുതവണ ചിന്തിക്കണം. സ്വന്തം നിലപാട് തുറന്നുപറയുന്ന മറ്റൊരു നടിയെ ആരും തെറ്റായി വിലയിരുത്താത്ത സാഹചര്യം ഉണ്ടാകണമെന്നും ജാൻവി ആഗ്രഹം പ്രകടിപ്പിച്ചു.


ബുച്ചി ബാബു സന സംവിധാനം ചെയ്ത ഈ സിനിമയിൽ ജാൻവിയുടെ വസ്ത്രധാരണവും ചില ക്യാമറ ആംഗിളുകളും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദം ശക്തമായതിനെത്തുടർന്ന് സംവിധായകൻ ക്ഷമാപണം നടത്തുകയും വിമർശിക്കപ്പെട്ട ദൃശ്യങ്ങൾ ചിത്രത്തിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇപ്പോഴത്തെ തുറന്നുപറച്ചിലിലൂടെ വിവാദത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നതിനൊപ്പം, സിനിമയിൽ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതി ഇനിയെങ്കിലും മാറണമെന്നാണ് താരം ആഗ്രഹിക്കുന്നത്. കൂടാതെ ഈ കാര്യത്തെപ്പറ്റിയുള്ള ഗൗരവമായ ചർച്ചയ്ക്കും ജാൻവി വഴിയൊരുക്കുകയാണ്.
Read Entire Article