Published: October 26, 2025 05:39 PM IST Updated: October 26, 2025 06:07 PM IST
1 minute Read
സിഡ്നി ∙ വിമർശനങ്ങളുടെയും വിവാദങ്ങളുടെയും നടുവിലൂടെ ഓസ്ട്രേലിയയിൽ പറന്നിറങ്ങിയ യുവ പേസർ ഹർഷിത് റാണയുടെ ഡ്രീം സ്പെല്ലിനാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സിഡ്നി ഗ്രൗണ്ട് വേദിയായത്. ആതിഥേയരെ പിടിച്ചുകെട്ടാൻ മുന്നിൽനിന്നത് ഹർഷിതായിരുന്നു. സിഡ്നി പിച്ചിലെ പേസും ബൗൺസും കൃത്യമായി ഉപയോഗപ്പെടുത്തിയ ഹർഷിത് 8.4 ഓവറിൽ 39 റൺസ് വഴങ്ങി വീഴ്ത്തിയ 4 വിക്കറ്റുകളാണ് ഓസീസ് സ്കോർ 236ൽ പിടിച്ചുനിർത്തിയത്.
ഹർഷിതിനെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ പല കോണുകളിൽനിന്നു വിമർശനം ഉയരുന്നതിനിടെയാണ് താരത്തിന്റെ പ്രകടനം. കോച്ച് ഗൗതം ഗംഭീറിൻ്റെ പിന്തുണ കൊണ്ടാണ് ഹർഷിത് ടീമിൽ നിലനിൽക്കുന്നതെന്നാണ് പ്രധാന വിമർശനം. മൂന്നാം ഏകദിനത്തിൽ അർഷ്‍ദീപ് സിങ്ങിനെ ഒഴിവാക്കി ഹർഷിത് റാണയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ടായിരുന്നു. ഇതിനാണ് താരം പന്തുകൊണ്ടു മറുപടി നൽകിയത്. ഇപ്പോഴിതാ, മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ടീമിൽനിന്നു പുറത്താക്കുമെന്ന് ഹർഷിതിന്, ഗംഭീർ മുന്നറിയിപ്പ് നൽകിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഹർഷിതിന്റെ മുൻ കോച്ചായിരുന്ന ശ്രാവൺ കുമാർ.
ഓസീസ് പര്യടനത്തിനുള്ള ടീമിൽ എടുത്തതിനു പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടെ ഗംഭീറും ഹർഷിതും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളാണ് ശ്രാവൺ കുമാർ പങ്കുവച്ചത്. ‘പെർഫോം ചെയ്യുക, അല്ലെങ്കിൽ ഞാൻ നിന്നെ ടീമിൽനിന്നു പുറത്താക്കും’ എന്നായിരുന്നു ഗംഭീറിന്റെ മുന്നറിയിപ്പ് എന്ന് ശ്രാവൺ പറഞ്ഞു. ‘‘ഹർഷിത് എന്നെ വിളിച്ച് പ്രകടനത്തിലൂടെ എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ‘സ്വയം വിശ്വസിക്കൂ’. ഗംഭീറുമായി അടുപ്പമുണ്ടെന്ന് ചില ക്രിക്കറ്റ് താരങ്ങൾ പറയാറുണ്ടെന്ന് എനിക്കറിയാം. പക്ഷേ, കഴിവുള്ളവരെ എങ്ങനെ തിരിച്ചറിയണമെന്ന് ഗംഭീറിന് അറിയാം, അദ്ദേഹം അവരെ പിന്തുണയ്ക്കുന്നു. അദ്ദേഹം നിരവധി ക്രിക്കറ്റ് കളിക്കാരെ പിന്തുണച്ചിട്ടുണ്ട്, അവർ അവരുടെ ടീമിനായി അത്ഭുതങ്ങൾ ചെയ്തിട്ടുമുണ്ട്. വാസ്തവത്തിൽ അദ്ദേഹം ഹർഷിതിനെ ശകാരിച്ചു. മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ടീമിൽനിന്നു പുറത്താക്കുമെന്ന് അദ്ദേഹം നേരിട്ടു പറഞ്ഞു. അത് ആരോടായാലും അദ്ദേഹം പറയും.’’– ശ്രാവൺ കുമാർ പറഞ്ഞു.
മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് ഹർഷിതിനെതിരെ നടത്തിയ പരാമർശങ്ങളെയും ശ്രാവൺ വിമർശിച്ചു. ആദ്യം കൃഷ്ണമാചാരി ശ്രീകാന്ത് ഈ കുട്ടിയുടെ കാര്യം എടുത്തു. വിരമിച്ച ശേഷം, ക്രിക്കറ്റ് താരങ്ങൾ യൂട്യൂബ് ചാനലുകൾ ആരംഭിച്ചത് സമ്പാദിക്കാൻ വേണ്ടിയാണ്, പക്ഷേ കരിയർ തുങ്ങിയ ഒരു കുട്ടിയോടും ദയവായി ഇങ്ങനെ ചെയ്യരുത്. വഴികാട്ടാനും ശകാരിക്കാനും അവകാശമുണ്ട്, പക്ഷേ ദയവായി നിങ്ങളുടെ യൂട്യൂബ് ചാനലിന്റെ മെച്ചത്തിനായി ഒന്നും പറയരുത്.’’– ശ്രാവൺ പറഞ്ഞു.
English Summary:








English (US) ·