പേടിക്കാതെയും പൊട്ടിച്ചിരിക്കാതെയും കടക്കാനാകില്ല, ഈ സുമതി വളവ് | Sumathi Valavu Movie Review

5 months ago 6

തിരുവനന്തപുരം ജില്ലയിലെ പാലോട് നിന്നും മൈലുംമൂടെന്ന സ്ഥലത്തേക്ക് പോകുമ്പോള്‍ കാടിന് നടുവിലായി റോഡില്‍ ഒരു കൊടുംവളവുണ്ട്. പേര് പറഞ്ഞാല്‍ മലയാളികള്‍ക്ക് സുപരിചിതമായൊരു വളവ്. പണ്ട് അന്നാട്ടുകാര്‍ വാമൊഴിയായി പറഞ്ഞ് തലമുറകളിലേക്ക് കൈമാറിയ, ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ അറിയുന്ന മുത്തശ്ശിക്കഥയുറങ്ങുന്ന സുമതി വളവ്.

അക്കഥയറിയുന്നവര്‍ ഭീതിയോടെ മാത്രം ഓര്‍ക്കുന്ന ആ വളവ് പ്രധാനകഥാപാത്രമായെത്തുന്ന സിനിമയാണ് സുമതി വളവ്. വായിച്ചും കേട്ടുമെല്ലാം നമ്മള്‍ പേടിച്ച സുമതി വളവ് വെള്ളിത്തിരയിലെത്തിയപ്പോള്‍ അത് അക്ഷരാര്‍ഥത്തില്‍ കിടിലംകൊള്ളിക്കുന്നതായി മാറി. ഹൊറര്‍-കോമഡി ജോണറില്‍ പെട്ട ചിത്രം രണ്ടരമണിക്കൂര്‍ സമയം പ്രേക്ഷകരെ പേടിച്ച് വിറപ്പിക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്നതിലും പൂര്‍ണമായി വിജയിച്ചു.

കുളത്തൂപ്പുഴ ഡിവിഷനിലെ കല്ലേലിയിലേക്ക് സ്ഥലം മാറിയെത്തുന്ന ഫോറസ്റ്റ് ഓഫീസറിലൂടെയാണ് കഥ തുടങ്ങുന്നത്. സൈജു കുറുപ്പ് അവതരിപ്പിച്ച ഫോറസ്റ്റ് ഓഫീസര്‍ക്കൊപ്പം പ്രേക്ഷകരും പതുക്കെ ആ നാടിനേയും അവിടുത്തുകാരുടെ പേടിസ്വപ്‌നമായ സുമതി വളവിനേയും അടുത്തറിയും.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, അഭിലാഷ് പിള്ള, ബോബി കുര്യന്‍ ('പണി'യിലെ വാറണ്ട് ഡേവി), കോട്ടയം രമേശ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, ജെസ്‌നിയ ജയദീഷ് തുടങ്ങി വലിയ താരനിരയാണ് നാട്ടുകാരായി എത്തുന്നത്. മികച്ച പ്രകടനങ്ങളിലൂടെ വിസ്മയിപ്പിക്കാന്‍ ഓരോ അഭിനേതാക്കള്‍ക്കും കഴിഞ്ഞു.

ആദ്യപകുതി ഏതാണ്ട് പൂര്‍ണമായി ഹൊറര്‍ മൂഡിലാണ് ചിത്രം പുരോഗമിക്കുന്നത്. സുമതി വളവിലും സമീപത്തെ കാട്ടിലുമെല്ലാമുള്ള രംഗങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ ഇരിപ്പിടത്തില്‍ നിന്ന് തുള്ളിപ്പിക്കുന്ന തരത്തില്‍ ഭയപ്പെടുത്തും. ഒരുപക്ഷേ കുറേ കാലത്തിന് ശേഷമാകും മലയാളത്തില്‍ ഇങ്ങനെയൊരു 'ജമ്പ് സ്‌കെയര്‍' ചിത്രം എത്തുന്നത്. പ്രേക്ഷകരെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആകാംക്ഷ നിറയ്ക്കുന്നതാണ് ഇന്റര്‍വെല്‍ ബ്ലോക്ക്.

രണ്ടാം പകുതിയില്‍ ഹൊററില്‍ നിന്ന് കോമഡി-റൊമാന്റിക് ട്രാക്കിലേക്ക് ചിത്രം മാറുന്നുണ്ട്. ഭയത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് കരുതുന്ന പ്രേക്ഷകര്‍ക്കായി ക്ലൈമാക്‌സില്‍ ഒന്നൊന്നര സംഭവം തന്നെയാണ് സംവിധായകന്‍ ഒരുക്കിവെച്ചിരിക്കുന്നത്. അവസാനഭാഗത്ത് അപ്രതീക്ഷിതമായി എത്തുന്ന അതിഥി താരം സര്‍പ്രൈസായിരുന്നു. ഒപ്പം ചില ട്വിസ്റ്റുകളും എന്‍ഡ് ക്രെഡിറ്റിന് മുമ്പായി ഉണ്ട്.

ടെക്‌നിക്കല്‍ സൈഡിലും മികച്ചുനില്‍ക്കുന്ന ചിത്രമാണ് സുമതി വളവ്. കല്ലേലി എന്ന തനി നാട്ടുമ്പുറത്തിന്റെ സൗന്ദര്യവും രാത്രി രംഗങ്ങളും നന്നായി തന്നെ ഒപ്പിയെടുക്കാന്‍ ശങ്കര്‍ പി.വിയുടെ ക്യാമറയ്ക്ക് കഴിഞ്ഞു. രഞ്ജിന്‍ രാജ് ഒരുക്കിയ പാട്ടുകളും മികച്ചതായിരുന്നു. ഹൊറര്‍ ചിത്രങ്ങളില്‍ സുപ്രധാന സ്ഥാനമുള്ള പശ്ചാത്തല സംഗീതവും അനുയോജ്യമായിരുന്നു. ചിത്രത്തിന്റെ ആര്‍ട്ട് വിഭാഗം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്. തൊണ്ണൂറുകളില്‍ നടക്കുന്ന കഥയുടെ പശ്ചാത്തലം തനിമയോടെ ഒരുക്കാന്‍ അജയ് മങ്ങാടിനും സംഘത്തിനും കഴിഞ്ഞു.

1953-ല്‍ നടന്ന സംഭവകഥയാണ് സുമതി വളവിന് ഭീതിയുടെ പരിവേഷമേകിയ ചരിത്രമായി നമ്മള്‍ വായിച്ചും കേട്ടുമെല്ലാം അറിഞ്ഞത്. ഗര്‍ഭിണിയായ യുവതി കൊല്ലപ്പെടുന്ന ആ ചരിത്രത്തിന് പകരം മറ്റൊരു സിനിമാറ്റിക് കഥയാണ് ചിത്രത്തിലെ സുമതി വളവിന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നല്‍കിയിരിക്കുന്നത്. നന്നായൊന്ന് പേടിക്കാനുള്ള ധൈര്യവും പൊട്ടിച്ചിരിക്കാനുള്ള മൂഡുമുണ്ടെങ്കില്‍ ടിക്കറ്റെടുക്കാം സുമതി വളവിന്.

Content Highlights: Sumathi Valavu: Malayalam Movie Review

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article