Published: May 12 , 2025 09:08 AM IST Updated: May 12, 2025 09:39 AM IST
1 minute Read
ന്യൂഡൽഹി∙ ഐപിഎൽ നിർത്തിവച്ചതിനു പിന്നാലെ സുരക്ഷാ ഭീതിയിൽ രാജ്യം വിടാനൊരുങ്ങിയ വിദേശ താരങ്ങളെ പിടിച്ചുനിർത്തിയത് പഞ്ചാബ് കിങ്സ് ഹെഡ് കോച്ച് റിക്കി പോണ്ടിങ്ങിന്റെ ഇടപെടൽ. ശനിയാഴ്ച രാത്രി ഇന്ത്യ–പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നപ്പോൾ ഓസ്ട്രേലിയയിലേക്ക് മടങ്ങാനായി പോണ്ടിങ് വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ സംഘർഷ സാഹചര്യത്തിൽ അയവുണ്ടായെന്നു മനസ്സിലാക്കിയ പോണ്ടിങ് യാത്രാ പദ്ധതി ഉപേക്ഷിച്ചു.
നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ ഓസ്ട്രേലിയൻ താരങ്ങളായ ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയ്നിസ്, ആരോൺ ഹാർഡി എന്നിവരും പോണ്ടിങ്ങിന്റെ ഉപദേശ പ്രകാരം തീരുമാനം മാറ്റുകയായിരുന്നെന്ന് പഞ്ചാബ് കിങ്സ് സിഇഒ സതീഷ് മേനോൻ പറഞ്ഞു. പഞ്ചാബ് ടീം ക്യാംപിലെ വിദേശ താരങ്ങളിൽ ദക്ഷിണാഫ്രിക്കൻ താരം മാർക്കോ യാൻസൻ മാത്രമാണ് ഇന്ത്യ വിട്ടുപോയത്. ഇപ്പോൾ ദുബായിലുള്ള യാൻസൻ ഏതു നിമിഷവും മടങ്ങിയെത്തുമെന്നും പഞ്ചാബ് ടീം അറിയിച്ചു.
അതേസമയം, സുരക്ഷാ കാരണങ്ങളാൽ നിർത്തി വയ്ക്കേണ്ടിവന്ന ഐപിഎൽ വീണ്ടും പുനരാരംഭിക്കുമ്പോൾ മത്സരക്കളമൊരുങ്ങുന്നത് ദക്ഷിണേന്ത്യയിൽ. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ 3 വേദികളിലായി ഐപിഎൽ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷാവസ്ഥ പൂർണമായും ഒഴിവാകാത്തതാണ് വേദികൾ ചുരുക്കാൻ കാരണം. ഈ മാസം 16, 17 തീയതികളിലൊന്നിൽ ഐപിഎൽ പുനരാരംഭിക്കുമെന്നും പുതുക്കിയ മത്സരക്രമം ബിസിസിഐ ഇന്നു പ്രഖ്യാപിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഐപിഎൽ നിർത്തിവച്ചതിനെത്തുടർന്ന് നാട്ടിലേക്കു മടങ്ങിയ വിദേശ താരങ്ങളെ ചൊവ്വാഴ്ചയ്ക്കകം തിരിച്ചെത്തിക്കണമെന്നാണ് ടീം ഫ്രാഞ്ചൈസികൾക്കു നൽകിയ നിർദേശം. 17 മത്സരങ്ങൾ ഇനിയും ബാക്കിയുള്ളതിനാൽ ഈ മാസം ഇരുപത്തഞ്ചിന് നിശ്ചയിച്ചിരുന്ന ഫൈനൽ മുപ്പതിലേക്ക് നീണ്ടേക്കും. മിക്ക ദിവസങ്ങളിലും 2 മത്സരങ്ങൾ വീതമുണ്ടാകും. ഐപിഎൽ ജൂണിലേക്ക് നീണ്ടാൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുക്കില്ലെന്നതാണ് പ്രതിസന്ധി. അതിനിടെ നാട്ടിലേക്കു മടങ്ങിയ മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്‌സൽവുഡ് എന്നിവർ ഐപിഎലിനായി ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
10 ടീമുകൾ മത്സരിക്കുന്ന ഇത്തവണത്തെ ഐപിഎൽ സീസൺ അവസാന ഘട്ടത്തോട് അടുക്കുമ്പോൾ പ്ലേഓഫ് സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ്. ഹൈദരാബാദ്, രാജസ്ഥാൻ, ചെന്നൈ ടീമുകൾ പ്ലേഓഫ് കാണാതെ പുറത്തായപ്പോൾ ബാക്കിയുള്ള 7 ടീമുകളിൽ ആർക്കും ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ഗുജറാത്ത്, ബെംഗളൂരു (16 പോയിന്റ് വീതം), പഞ്ചാബ് (15) ടീമുകളാണ് പോയിന്റ് പട്ടികയിലെ ആദ്യ 3 സ്ഥാനങ്ങളിൽ.
English Summary:








English (US) ·