മുജീബുര്‍റഹ്മാന്‍ കരിയാടന്‍
അവര്‍ രണ്ടുപേരും ഒന്നിച്ചാല്‍ എന്തു സംഭവിക്കും?- ബ്ലാസ്റ്റ്! തിയേറ്ററുകളില്‍ സ്‌ഫോടനുമുണ്ടാക്കുകയാണ് പേട്രിയറ്റ്. വെറുതെയല്ല ഇവര്‍ പതിറ്റാണ്ടുകളായി താരദ്വയങ്ങളായി മലയാള സിനിമയെ അടക്കിവാഴുന്നത്. അഭിനയത്തിലും വേഷത്തിലും അവര്‍ പരസ്പരം മത്സരിക്കുമ്പോഴും പരസ്പരമുള്ള ബന്ധത്തിലും ബഹുമാനത്തിലും ആര്‍ക്കും മാതൃകയായി നിലനില്‍ക്കുന്നു. നാലു പതിറ്റാണ്ടിലേറെ മലയാളം സിനിമയെ താങ്ങിനിര്‍ത്തുന്ന രണ്ട് നെടുംതൂണുകള്‍ ഒന്നിച്ചു വരുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അതാണ്- ബ്ലാസ്റ്റ്, സ്‌ഫോടനം.
അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ചൊരു സംഭവത്തെ ഇന്ത്യന്‍ സാഹചര്യത്തിലേക്കും മലയാളത്തിലേക്കും കൂട്ടിയിണക്കിയാണ് പേട്രിയറ്റ് രചിച്ചിരിക്കുന്നത്. ഒരുപക്ഷേ, ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന്ന ഒരു സംഭവമാണതെന്ന് മലയാളി പ്രേക്ഷകര്‍ക്ക് വ്യക്തമായി മനസ്സിലാകുക പോലുമില്ല. എങ്കിലും ആ സംഭവമാണ് സിനിമയുടെ ട്വിസ്റ്റിനുള്ള പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.
ഉയര്‍ന്ന ശബ്ദത്തിലും അളവിലും തയ്യാറാക്കിയ തിരക്കഥയും അതിനനുസരിച്ച് കഥാപാത്രങ്ങളെ തോളില്‍ താങ്ങാനാവുന്ന താരങ്ങളേയും പാന്‍ ഇന്ത്യ തലത്തിലുള്ള അവതരണവുമായി പേട്രിയറ്റ് ഒരുകാര്യം ഇന്ത്യന്‍ സിനിമയോട് പറയുന്നുണ്ട്- മലയാളം സിനിമ വ്യവസായമെന്നത് പഴയതുപോലെ ചെറിയ ഇന്‍ഡസ്ട്രിയല്ല. രചനയിലും മേക്കിംഗിലും അഭിനയത്തിലും മാത്രമല്ല നിര്‍മാണത്തിലും ഏതൊരു ഇന്ത്യന്‍ ഭാഷയോടും കിടപിടിക്കുന്ന തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.
മമ്മൂട്ടിയുടെ ഡോ. ഡാനിയല്‍ ജെയിംസിനും മോഹന്‍ലാലിന്റെ കേണല്‍ റഹീം നായിക്കിനും പുറമേ പുതിയ തലമുറയില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്റെ മൈക്കിള്‍ ദേവസ്സിയും ഫഹദ് ഫാസിലിന്റെ ശക്തിസുന്ദരവും രാജീവ് മേനോന്റെ ജെ പി സുന്ദരവും രേവതിയുടെ നന്ദിനിയും നയന്‍താരയുടെ ലതികയും സറിന്‍ ഷിഹാബിന്റെ ആയിഷയും ദര്‍ശന രാജേന്ദ്രനും ഗ്രേസ് ആന്റണിയും ഷഹീന്‍ സിദ്ദീഖും കൂടി ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാനാവുന്നതിനും മേലെയാണ് സിനിമയുടെ കിടപ്പ്. കൂടാതെ ഇന്ദ്രന്‍സും ജിനു ജോസഫും കന്നഡ, ഹിന്ദി തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് പ്രകാശ് ബെലവാദിയെയുമെല്ലാം വെള്ളിത്തിരയിലെത്തിച്ച് ക്ലാസും മാസുമാണ് മഹേഷ് നാരായണന്‍ സൃഷ്ടിച്ചിരിക്കുന്നത്.
നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. അതിന്റെ മികവ് ഈ സിനിമയ്ക്ക് കാണാനുമുണ്ട്. മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്ക് അനുഗുണമായ തരത്തിലുള്ള മേക്കിംഗ്, സുഷിന്‍ ശ്യാമിന്റെ സംഗീതം, മനുഷ് നന്ദന്റെ ക്യാമറ, അന്‍വര്‍ അലിയും വിനായക് ശശികുമാറും എഴുതിയ വരികള്‍ തുടങ്ങി സിനിമാ പ്രേമികളെ ആഹ്ലാദത്തിലാറാടിക്കാന്‍ ആവശ്യമായതെല്ലാം പേട്രിയറ്റ് ഒരുക്കിവെച്ചിരിക്കുന്നു.
വിനായക് ശശികുമാര്‍ രചിച്ച മനുഷ്യന്‍ എന്ന ഗാനത്തിന് മമ്മൂട്ടിയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. അതിനെ പാട്ടെന്ന് വിളിക്കാനാവില്ലെങ്കിലും സിനിമയുടെ മുഴുവന്‍ സത്തയും ആ വരികള്‍ക്ക് പറയാനുണ്ട്.
രചനയക്കും സംവിധാനത്തിനും പുറമേ രാധാകൃഷ്ണനുമായി ചേര്‍ന്ന് സിനിമയുടെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട് മഹേഷ് നാരായണന്‍.
അന്തര്‍ദേശീയമായ രീതിയില്‍ കഥ പറയുന്നതിനാല്‍ അന്തര്‍ദേശീയ നിലവാരത്തില്‍ തന്നെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. കാഴ്ചാ സമ്പന്നതയോട് യാതൊരു സമവായവും സ്വീകരിക്കാതെ കഥ ആവശ്യമായതെല്ലാം കാഴ്ചക്കാര്‍ക്കു മുമ്പിലേക്ക് വന്നു നില്‍ക്കുന്നുണ്ട്. ഇത്ര വിശാലമായി മലയാള സിനിമ നിര്‍മിക്കാനാവുമോ എന്ന് പ്രേക്ഷകരെ സിനിമ അത്ഭുതപ്പെടുത്തും.
![]()
പേട്രിയറ്റിന്റെ ആദ്യ പകുതിയില്‍ മമ്മൂട്ടിയുടെ മാസ് പ്രകടനങ്ങളാണുള്ളത്. ഇന്റര്‍വെല്‍ പഞ്ച് സൃഷ്ടിക്കുന്ന ആകാംക്ഷയും രണ്ടാം പകുതിയിലെ മോഹന്‍ലാലും കൂടി ചേരുന്നതോടെ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരെ സിനിമ തൃപ്തിപ്പെടുത്തും. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സംഘട്ടനങ്ങളും ചേസിംഗ് രംഗങ്ങളും സിനിമയിലെ മികവുറ്റ കാഴ്ചകളാണ്.
മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ സിദ്ദീഖ് വില്ലനായി കട്ടക്ക് നില്‍ക്കാറുള്ളതു പോലെ മമ്മൂട്ടിക്കും മോഹന്‍ലാലിനും കുഞ്ചാക്കോ ബോബനുമെതിരെ ഷഷീന്‍ സിദ്ദീഖും തന്റെ ഗരിമ പ്രകടമാക്കുന്നുണ്ട്.
ആരാധകരെ സന്തോഷിപ്പിക്കും എന്നതിനോടൊപ്പം മികച്ച മേക്കിംഗ് കൊണ്ട് സിനിമാസ്വാദകരേയും പേട്രിയറ്റ് ഓരോ നിമിഷവും കാണാന്‍ പ്രേരിപ്പിക്കും.
ഒരാള്‍ രാജ്യസ്‌നേഹിയോ രാജ്യദ്രോഹിയോ ആകുന്നത് ഭരണകര്‍ത്താക്കളുടെ കാഴ്ചപ്പാടുകളിലാണെന്ന് സിനിമ വ്യക്തമാക്കുന്നു. രാജ്യം ഭരിക്കുന്നതിന്റെ മറവില്‍ രാജ്യദ്രോഹം ചെയ്യുന്നവരേയും രാജ്യസ്‌നേഹം പ്രകടമാക്കിയിട്ടും രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട് നാടുവിടേണ്ടി വരുന്നവരുടേയുമെല്ലാം സംഭവങ്ങളെ സമകാലികമായ പല സംഭവങ്ങളുമായി കൂട്ടിയിണക്കിയാണ് പേട്രിയറ്റ് അവതരിപ്പിക്കുന്നത്.
കൊച്ചിക്കു പുറമേ ഹൈദരബാദ്, ന്യൂഡല്‍ഹി, കശ്മീര്‍, കോയമ്പത്തൂര്‍ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലും യു കെ, അസര്‍ബൈജാന്‍, ശ്രീലങ്ക തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലുമാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
തിയേറ്ററിന്റെ മാസ്മരികതയില്‍ ആസ്വദിച്ച് കാണാനാവുന്ന ചലച്ചിത്രം തന്നെയാണ് പേട്രിയറ്റ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുമ്പോള്‍ സ്വാഭാവികമായും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമൊക്കെ നിഴലാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്നാല്‍ ഒരു കഥാപാത്രത്തിനു പോലു നിഴല്‍ ജീവിതം നല്‍കാതെ വ്യക്തിത്വവും അസ്ഥിത്വവും നല്‍കുകയും നിലനിര്‍ത്തുകയും മാത്രമല്ല ഓരോരുത്തരുടേയും സ്‌പേസിന് അതിന്റേതായ പ്രാധാന്യവും ചലച്ചിത്രം നല്‍കിയിരിക്കുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്, കിച്ചാപ്പുസ് എന്റര്‍ടയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍ കുമാര്‍, സി ആര്‍ സലീം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.





English (US) ·