മാഞ്ചസ്റ്റർ∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ സംഭവിച്ച നിർഭാഗ്യകരമായ പരുക്കിന്, ഋഷഭ് പന്ത് സ്വയം പഴിക്കുകയേ നിർവാഹമുള്ളൂവെന്ന് മുൻ ഇംഗ്ലണ്ട് താരം ജെഫ് ബോയ്കോട്ട്. ഒരു കാര്യവുമില്ലാത്ത ഷോട്ടിനു ശ്രമിച്ചാണ് പന്തിന് പരുക്കേറ്റതെന്ന് ബോയ്കോട്ട് തുറന്നടിച്ചു. ഒരു പേസ് ബോളർക്കെതിരെ റിവേഴ്സ് സ്വീപ്പിനു ശ്രമിക്കേണ്ട സാഹചര്യം പന്തിന് ഉണ്ടായിരുന്നില്ലെന്ന് ബോയ്കോട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യ മത്സരത്തിൽ പിടിമുറുക്കുന്ന സമയത്താണ് പന്ത് അത്തരമൊരു ഷോട്ടിനു ശ്രമിച്ചതെന്നും, പന്തിനു സംഭവിച്ച പരുക്ക് ഈ മത്സരത്തിൽ ഇന്ത്യയുടെ വിജയസാധ്യതയെത്തന്നെ ബാധിച്ചേക്കാമെന്നും ബോയ്കോട്ട് പറഞ്ഞു.
‘‘മത്സരത്തിനിടെ കളിക്കാരന് പരുക്കേൽക്കുന്നതും കളിക്കാനാകാതെ പോകുന്നതും തീർത്തും നിർഭാഗ്യകരമാണ്. പ്രത്യേകിച്ചും ഋഷഭ് പന്തിനേപ്പോലെ പ്രതിഭാധനനായ ഒരു താരം. പക്ഷേ, ഇത്തവണ പരുക്കേറ്റതിൽ പന്തിന് സ്വയം കുറ്റപ്പെടുത്തുകയേ നിർവാഹമുള്ളൂ. പന്ത് ക്രീസിലുള്ള സമയത്ത് ഇന്ത്യയ്‌ക്കായിരുന്നു മത്സരത്തിൽ ആധിപത്യമെന്ന് ബോയ്കോട്ട് ചൂണ്ടിക്കാട്ടി. ആ സമയത്ത് ഒരു പേസ് ബോളർക്കെതിരെ റിവേഴ്സ് സ്വീപ്പിനു ശ്രമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. മുൻപ് പന്ത് ഇത്തരം ഷോട്ടുകൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ഇത്തരം തിരിച്ചടികൾക്കും സാധ്യതയുണ്ടെന്ന് ബോയ്കോട്ട് ചൂണ്ടിക്കാട്ടി.
‘‘ഇന്ത്യ മത്സരത്തിൽ പിടിമുറുക്കുന്ന സമയത്താണ് പന്ത് അത്തരമൊരു ഷോട്ടിനു ശ്രമിച്ചതും പരുക്കിന്റെ പിടിയിലായതും. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇത്തരം ഷോട്ടുകൾ കളിക്കാൻ എല്ലായ്പ്പോഴും ശ്രമിക്കുന്ന താരം തന്നെയാണ് പന്ത്. അത് വിജയകരമാകുമ്പോൾ ആളുകൾ പന്തിനായി കയ്യടിക്കും. അതാണ് അദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകത’ – ബോയ്കോട്ട് പറഞ്ഞു.
‘‘പക്ഷേ അത്തരം പരീക്ഷണ ഷോട്ടുകൾ പാളിയാൽ അതിന്റെ ഒരാവശ്യവും ഇല്ലായിരുന്നുവെന്ന് ആളുകൾ പറയും. ഇന്നലെത്തന്നെ ഇന്ത്യ മികച്ച രീതിയിൽ മുന്നേറുകയായിരുന്നു. ആ ഷോട്ട് പന്തിന്റെ ശൈലിയാണെന്ന് പറഞ്ഞാൽ പോലും, പന്തിന് തുടർന്ന് ബാറ്റു ചെയ്യാനായില്ലെങ്കിൽ അത് ഇന്ത്യയുടെ സാധ്യതയെത്തന്നെ ബാധിക്കും. ഇന്ത്യയ്‌ക്ക് നേടാനാകുമായിരുന്ന സ്കോറിനേപ്പോലും അത് ബാധിക്കും. അത്ര നല്ല ബാറ്ററല്ലേ പന്ത്’ – ബോയ്‌ക്കോട്ട് പറഞ്ഞു.
മാഞ്ചസ്റ്റർ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് പന്തിന് പരുക്കേറ്റത്. ആദ്യ ദിവസം പരുക്കേറ്റു പുറത്തായ ഋഷഭ് പന്ത്, രണ്ടാം ദിനം വീണ്ടും ബാറ്റിങ്ങിനിറങ്ങി അർധ സെഞ്ചറി തികച്ച ശേഷമാണു പുറത്തായത്. 75 പന്തുകളിൽ 54 റൺസടിച്ച താരം, 113–ാം ഓവറിൽ ജോഫ്ര ആർച്ചറുടെ പന്തിൽ ഋഷഭ് ബോൾഡാകുകയായിരുന്നു. കാലിലെ പരുക്കുമൂലം ഓടാൻ സാധിക്കാതിരുന്ന പന്ത്, സിംഗിൾ ഉപേക്ഷിച്ച് ബൗണ്ടറികളിലൂടെ സ്കോർ നേടാനാണ് ശ്രമിച്ചത്. ബോഡി ലൈൻ ബൗൺസറുകളും യോർക്കറുകളുമായി ഇംഗ്ലിഷ് ബോളർമാർ പന്തിനെ പലകുറി പരീക്ഷിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച ഇന്ത്യൻ താരം അർധസെഞ്ചറി പൂർത്തിയാക്കി.
അതേസമയം, ഋഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ എൻ.ജഗദീശനെ ബിസിസിഐ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. സ്കാനിങ്ങിൽ കാലിനു പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെ അഞ്ചാം ടെസ്റ്റിൽ ഇരുപത്തിയേഴുകാരൻ താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് വിവരം.
English Summary:








English (US) ·