Published: June 07 , 2025 10:29 AM IST
1 minute Read
കൊച്ചി ∙ പിച്ചിന്റെ രണ്ടു വശത്തുനിന്നും ഓരോ ന്യൂബോൾ കൊണ്ടു ബോളിങ്. അവസാന 16 ഓവർ ബോളിങ് ഇവയിൽ ഒരു പന്തു മാത്രം ഉപയോഗിച്ച്. ഏകദിന ക്രിക്കറ്റിനെ കൂടുതൽ ജീവസ്സുറ്റതും ആവേശകരവുമാക്കാൻ ലക്ഷ്യമിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഇരുപതോ ഇരുപത്തഞ്ചോ ഓവർ കഴിയുമ്പോഴേക്കു പന്തു പഴകി ഔട്ട്ഫീൽഡിലെ നീക്കം കുറയുന്നതും റണ്ണൊഴുക്കിനെ ബാധിക്കുന്നതുമെല്ലാം ഇനി പഴങ്കഥയാകും. ജൂലൈ മുതലുള്ള മത്സരങ്ങളിൽ പുതിയ നിയമം പ്രാബല്യത്തിലാകുമെന്നു ഐസിസി അറിയിച്ചു.
അടിമുടി മാറും ഏകദിനം
ഏകദിന ക്രിക്കറ്റിൽ ഇനി ഒരു ഇന്നിങ്സ് തുടങ്ങുമ്പോൾ രണ്ടു വശത്തുനിന്നും ഓരോ ന്യൂബോൾ വീതം ഉപയോഗിക്കും. 34-ാം ഓവർ കഴിയും വരെ ഈ രണ്ടു പന്തുകൾ ഉപയോഗിച്ചാകും ബോളിങ്. അതായത് ഓരോ ന്യൂ ബോൾ ഉപയോഗിച്ചു 17 ഓവർ ബോളിങ്. 35 മുതൽ 50 വരെയുള്ള ഓവർ എറിയാൻ ഇതിൽ ഏതെങ്കിലും ഒരു പന്തു മാത്രമേ ഉപയോഗിക്കാനാകൂ. അത് ഏതാകണമെന്നു ഫീൽഡിങ് ടീമിന്റെ ക്യാപ്റ്റനു തീരുമാനിക്കാം. മഴയടക്കമുള്ള കാരണങ്ങളാൽ മത്സരം ഇരുപത്തഞ്ചോ അതിൽ കുറവോ ഓവറുകളായി ചുരുക്കിയാൽ ഇരു ടീമുകൾക്കും ഓരോ ന്യൂബോൾ മാത്രമേ അനുവദിക്കൂ.
സബ്സ്റ്റിറ്റ്യൂട്ട് നിയമത്തിലും പരിഷ്കാരം
ഏതു ഫോർമാറ്റിലും ഗുരുതരമായ പരുക്കു പോലുള്ള അടിയന്തര സാഹചര്യത്തിൽ ഒരു കളിക്കാരനെ മാറ്റി പകരം കളിക്കാരനെ ഇറക്കുന്നതിനുള്ള നിയമത്തിലും ഐസിസി മാറ്റം വരുത്തുന്നു. ഇത്തരത്തിൽ പകരക്കാരായി പരിഗണിക്കാനുള്ള 5 കളിക്കാരുടെ പട്ടിക കളി ആരംഭിക്കും മുൻപു ടീം മാച്ച് റഫറിക്കു കൈമാറണം. വിക്കറ്റ് കീപ്പർ, ബാറ്റർ, പേസ് ബോളർ, സ്പിൻ ബോളർ, ഓൾ റൗണ്ടർ എന്നിവരുൾപ്പെടുന്നതാകണം ഈ പട്ടിക. ഇതിൽനിന്നു മാത്രമാകും പകരക്കാരനെ തീരുമാനിക്കാനാകുക.സബ്സ്റ്റിറ്റ്യൂഷൻ നിയമം ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനെ ബാധിക്കില്ല. ശ്രീലങ്കയിലെ ഗോളിൽ ഈ മാസം 17ന് ആരംഭിക്കുന്ന ശ്രീലങ്ക–ബംഗ്ലദേശ് ടെസ്റ്റിലൂടെയാണ് നിയമം പ്രാബല്യത്തിലാകുക. 20നു ലീഡ്സിൽ ആരംഭിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിലും ഇതു ബാധകമാകും.
പേസർമാർക്ക് ഗുണകരം
ഏകദിനത്തിലെ പുതിയ മാറ്റം പേസ് ബോളർമാർക്ക് ഏറെ ഗുണകരമാകുമെന്നു കേരള രഞ്ജി ടീമിലെ മുൻ പേസ് ബോളർ പി.മനോജ് പറയുന്നു. പേസർമാർക്ക് പ്രാരംഭ ഓവറുകളിൽ കിട്ടുന്ന മുൻതൂക്കം ആദ്യ 20 ഓവറിനു ശേഷം പലപ്പോഴും കിട്ടാറില്ല. അപ്പോഴേക്കും പന്തിന്റെ സ്വിങ്ങും തിളക്കവുമെല്ലാം നഷ്ടമായിട്ടുണ്ടാകും. രണ്ടു ന്യൂബോൾ വരുന്നതോടെ ആദ്യ 30 ഓവറെങ്കിലും പേസ് ബോളർമാർക്കു മികവു കാട്ടാനാകും. അതേസമയം, ഇതു ബാറ്റർമാർക്കും ഗുണകരമാകും. ഇരുപതും ഇരുപത്തഞ്ചും ഓവറുകൾക്കുശേഷം പന്തു പഴകുമ്പോൾ നല്ല കാർപെറ്റ് ഷോട്ടുകൾപോലും പലപ്പോഴും അതിർത്തിയിലേക്കെത്തില്ല. അതു മാറാനും റണ്ണൊഴുക്കിനും പുതിയ നിയമം ഉപകരിക്കും– മനോജ് പറയുന്നു.
English Summary:








English (US) ·