ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്കെതിരേ കളിക്കാനിറങ്ങിയതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാക് നായകനോടും ടീം മാനേജറോടും പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞെന്ന് പാകിസ്താന്‍ പ്രസ്താവനയില്‍ അറിയിച്ചു. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ബോർഡിന്റെ ആവശ്യം നിരസിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഎഇക്കെതിരായ മത്സരത്തിൽനിന്ന് ടീം പിന്മാറുമെന്ന പ്രതീതിയുയർത്തിയിരുന്നു. എന്നാൽ, പിന്നീട് കളിക്കാൻ തീരുമാനിച്ചു. പാക് ക്രിക്കറ്റ് ബോർഡിന്റെ ഉന്നതതല ചർച്ചകൾക്കൊടുവിലാണ് ടീം കളിക്കാനെത്തിയത്. ഒരു മണിക്കൂർ വൈകി പാകിസ്താൻ-യുഎഇ മത്സരം ആരംഭിക്കുകയും ചെയ്തു. ആൻഡി പൈക്രോഫ്റ്റ് തന്നെയായിരുന്നു മാച്ച് റഫറി.
ഐസിസിയുടെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ്, പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മാനേജറോടും ക്യാപ്റ്റനോടും ക്ഷമാപണം നടത്തി. മത്സരത്തിനിടെ ഇന്ത്യയുടെയും പാകിസ്താന്റെയും ക്യാപ്റ്റൻമാരെ ഹസ്തദാനം ചെയ്യുന്നതിൽ നിന്ന് ആൻഡി പൈക്രോഫ്റ്റ് വിലക്കിയിരുന്നു. - പിസിബി പ്രസ്താവനയിൽ അറിയിച്ചു.
ആൻഡി പൈക്രോഫ്റ്റിന്റെ നടപടിക്കെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ശക്തമായി പ്രതികരിച്ചിരുന്നതായും പ്രസ്താവനയിൽ വിശദീകരിച്ചു. സെപ്റ്റംബർ 14-ലെ സംഭവം ആശയക്കുഴപ്പം മൂലമുണ്ടായതാണെന്ന് ആൻഡി പൈക്രോഫ്റ്റ് വിശേഷിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. സെപ്റ്റംബർ 14-ലെ മത്സരത്തിനിടെയുണ്ടായ പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഐസിസി സന്നദ്ധത അറിയിച്ചിട്ടുണ്ട്. - പിസിബി അറിയിച്ചു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്‌വി, മുൻ പാക് ബോർഡ് ചെയർമാന്മാരായ റമീസ് രാജ, നജം സേത്തി എന്നിവരുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് പാക് ടീം സ്റ്റേഡിയത്തിലേക്കുവന്നത്. മത്സരം ഒരു മണിക്കൂർ വൈകി തുടങ്ങണമെന്ന പാക് ബോർഡിന്റെ അപേക്ഷ ഐസിസി അംഗീകരിക്കുകയും ചെയ്തു. അതേസമയം സംഭവത്തിൽ പാക് ബോർഡ് തെളിവുനൽകിയാൽ മാത്രം അന്വേഷിക്കാമെന്നാണ് ഐസിസി നിലപാട്.
യുഎഇ ടീം സ്റ്റേഡിയത്തിലേക്ക് എത്തുകയും പാകിസ്താൻ ടീം എത്താതിരിക്കുകയും ചെയ്തതോടെയാണ് ബഹിഷ്‌കരിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നത്. ഇന്ത്യക്കെതിരായ മത്സരത്തിലെ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കൈകൊടുക്കുന്നതിൽനിന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഘയെ മാച്ച് റഫറി പൈക്രോഫ്റ്റ് വിലക്കിയിരുന്നു. മാച്ച് റഫറി ഇന്ത്യൻ അനുകൂല നിലപാട് സ്വീകരിച്ചെന്നു കാണിച്ചാണ് പാക് ക്രിക്കറ്റ് ബോർഡ് രംഗത്തുവന്നത്.
Content Highlights: Andy Pycroft Apologises To Pakistan Captain Salman Ali Agha pcb statement








English (US) ·