23 March 2025, 10:06 AM IST

ഡേവിഡ് വാർണർ| photo:PTI
എയർ ഇന്ത്യക്കെതിരേ രൂക്ഷവിമർശനവുമായി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. പൈലറ്റുമാർക്കായി മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്നതാണ് വാർണറെ ചൊടിപ്പിച്ചത്.
'ഞങ്ങൾ പൈലറ്റുമാരില്ലാത്ത ഒരു വിമാനത്തിൽ കയറി മണിക്കൂറുകളോളം കാത്തിരുന്നു. വിമാനത്തിൽ പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്'? ഡേവിഡ് വാർണർ എക്‌സിൽ പോസ്റ്റ് ചെയ്തു.
വാർണർക്ക് മറുപടിയുമായി പിന്നീട് എയർ ഇന്ത്യ രംഗത്തുവന്നു. 'പ്രിയപ്പെട്ട വാർണർ, ബെംഗളൂരുവിലെ ഇന്നത്തെ മോശം കാലാവസ്ഥ എല്ലാ എയർലൈനുകളിലും യാത്രാ തടസ്സങ്ങൾക്കും കാലതാമസത്തിനും കാരണമായി. ഈ കാരണങ്ങളാൽ നിങ്ങളുടെ വിമാനത്തിലേക്ക് നിശ്ചയിച്ചിരുന്ന ജീവനക്കാർ പുറപ്പെടാൻ വൈകി. നിങ്ങളുടെ ക്ഷമയെ ഞങ്ങൾ അഭിനന്ദിക്കുന്നു', എയർ ഇന്ത്യ എക്സിൽ കുറിച്ചു.
അടുത്തിടെ, ഇന്ത്യൻ-കനേഡിയൻ നടി ലിസ റേയും എയർഇന്ത്യക്കെതിരേ രംഗത്തുവന്നിരുന്നു. താൻ റദ്ദാക്കേണ്ടി വന്ന ടിക്കറ്റിന് മെഡിക്കൽ ഇളവ് നിഷേധിച്ചതിനായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ എയർ ഇന്ത്യയെ വിമർശിച്ച് പോസ്റ്റിട്ടത്.
92 വയസ്സുള്ള തന്റെ പിതാവിന് സുഖമില്ലാതിരുന്നതിനാൽ യാത്ര റദ്ദാക്കേണ്ടിവന്നുവെന്നും ഒരു ഡോക്ടറുടെ കത്ത് ഉണ്ടായിരുന്നിട്ടും തന്റെ ടിക്കറ്റ് റദ്ദാക്കൽ ഫീസ് ഒഴിവാക്കിയില്ലെന്നും അവർ പറഞ്ഞു. വിഷയം പരിശോധിച്ചുവരികയാണെന്നായിരുന്നു ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ മറുപടി.
Content Highlights: David Warner Blasts Air India








English (US) ·