പൊക്കമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കണം, മൈതാനത്തിനടുത്ത് വീടു വേണം: ഉവൈസിന്റെ പിതാവിന്റെ വിയർപ്പുവഴികളിലൂടെ...

4 months ago 5

കെ.എൻ.എസ്

Published: August 27, 2025 12:38 PM IST

2 minute Read

ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഉവൈസ് കുടുംബത്തോടൊപ്പം (Photo Arranged)
ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഉവൈസ് കുടുംബത്തോടൊപ്പം (Photo Arranged)

മലപ്പുറം ∙ മുഹമ്മദ് ഉവൈസിന്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം പിതാവിനുള്ള ഗുരുദക്ഷിണ കൂടിയാണ്. ഹൃദ്രോഗവും ജീവിതപ്രാരബ്ധവും കാരണം ഫുട്ബോൾ കരിയർ ഉപേക്ഷിക്കേണ്ടിവന്ന താരമാണ് ഉവൈസിന്റെ പിതാവ് പൂക്കോട്ടുംപാടം സ്വദേശി കമാലുദ്ദീൻ മോയിക്കൽ.  ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കമാലുദ്ദീന്റെ ഹൃദയവാൽവിന് തകരാർ കണ്ടെത്തുന്നത്. അന്നു മുതൽ ചികിത്സ തുടങ്ങി. മാസാമാസം കുത്തിവയ്പെടുക്കണം.

ശ്വാസമെടുക്കാനുള്ള പ്രയാസത്തെക്കാൾ അന്നു കമാലിനെ വിഷമിപ്പിച്ചത് പുറത്തു കളിക്കാൻ പോകുന്നതിനു പിതാവ് ഏർപ്പെടുത്തിയ വിലക്കായിരുന്നു. എങ്കിലും പിതാവ് ജോലിക്കുപോകുമ്പോൾ കണ്ണുവെട്ടിച്ച് കളിക്കളത്തിലെത്തും. മറ്റു കുട്ടികളെപ്പോലെ ഓടാനാവില്ലെന്നതിനാൽ ഗോൾകീപ്പറായി. പ്രായം കൂടിവരുംതോറും ഹൃദയാസ്വസ്ഥതകൾ കുറഞ്ഞുവന്നു. ‘ഇനി കുഴപ്പമൊന്നും വരില്ല, അവനെ അവന്റെ പാട്ടിനു വിട്ടോ’ എന്നു ഡോക്ടർ പറയുമ്പോൾ കമാലുദ്ദീനു വയസ്സ് 18. പിന്നീടങ്ങോട്ട് ഗോളിയായി സെവൻസിൽ കളിച്ചു തിമിർക്കലായിരുന്നു പ്രധാന പണി. അതിനും ആയുസ്സുണ്ടായിരുന്നില്ല.

uvais1

ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഉവൈസ് (Photo Arranged)

രണ്ടു സഹോദരിമാരുടെ വിവാഹം ചോദ്യചിഹ്നമുയർത്തിയപ്പോൾ 21–ാം വയസ്സിൽ കമാലുദ്ദീൻ പ്രവാസിയായി. ഏകദേശം മൂന്നുവർഷത്തോളം അവിടെ നിന്നു. സഹോദരിമാരുടെ വിവാഹം നടത്തി. അതിനു വാങ്ങേണ്ടി വന്ന കടമെല്ലാം വീട്ടിയതിന്റെ പിറ്റേന്നു തന്നെ നാട്ടിലേക്കു തിരിച്ചെത്തി. ഒരു ഇലക്ട്രോണിക്സ് സ്ഥാപനം നിലമ്പൂരിൽ തുടങ്ങുകയായിരുന്നു ആദ്യം ചെയ്തത്. ഒപ്പം നിലമ്പൂർ യുണൈറ്റഡ് എന്ന ക്ലബ്ബിനും തുടക്കമിട്ടു.

ഇപ്പോഴും സജീവമായ ഈ ക്ലബ്ബിനു വേണ്ടിയാണ് വരുമാനത്തിന്റെ ഭൂരിഭാഗവും കമാലുദ്ദീൻ ചെലവഴിക്കുന്നത്. വിവാഹത്തിനു സമയമായപ്പോൾ കമാലുദ്ദീൻ മുന്നോട്ടുവച്ച ഏക നിബന്ധന പെൺകുട്ടിക്ക് നല്ല ഉയരം വേണമെന്നായിരുന്നു. കാരണം ജനിക്കുന്ന കുട്ടികൾ ഉയരമുള്ളവരായിരിക്കണം. ഫുട്ബോളിൽ ഉയരക്കൂടുതലുള്ളവർക്ക് ലഭിക്കുന്ന മുൻതൂക്കത്തെക്കുറിച്ച് ആറടി രണ്ടിഞ്ചുകാരനായ കമാലുദ്ദീന് അറിയാമായിരുന്നു. അങ്ങനെ നിലമ്പൂർ സ്വദേശി സൽമത്ത് അദ്ദേഹത്തിന്റെ നല്ലപാതിയായി.

മൂന്ന് ആൺകുട്ടികളായിരുന്നു ഇവർക്ക്. അതിൽ മൂത്തയാളാണ് മുഹമ്മദ് ഉവൈസ്. വീടുവയ്ക്കുന്ന കാര്യം വന്നപ്പോഴും ഫുട്ബോളിനായിരുന്നു പ്രധാന പരിഗണന. മൈതാനത്തിനു തൊട്ടടുത്തു തന്നെ വേണം വീട്. മൈതാനത്തിനടുത്തു വീടുള്ള കുട്ടികളാണ് പിന്നീട് വലിയ ഫുട്ബോൾ താരങ്ങളായി മാറിയതെന്നാണ് കമാലുദ്ദീന്റെ കണ്ടെത്തൽ. ഇന്ത്യൻ മുൻ ക്യാപ്റ്റനും നിലവിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു.ഷറഫലിയുടെ വീട് തെരട്ടമ്മൽ മൈതാനത്തിനു തൊട്ടടുത്താണെന്ന ഉദാഹരണവും പറഞ്ഞു.

അങ്ങനെ നിലമ്പൂർ ചന്തക്കുന്ന് മയ്യംതാനി മൈതാനത്തിനോടു ചേർന്ന് വീടുവച്ചു. വീടിന്റെ പ്രധാന ഹാൾ വലുപ്പത്തിൽ പണിതതും കുട്ടികൾക്കു പന്തുതട്ടാനുള്ള സൗകര്യത്തിനു വേണ്ടിത്തന്നെ. ഈ ഹാളിനകത്ത് എപ്പോഴും ചിതറിക്കിടക്കുന്ന രീതിയിൽ പന്തുകളിടാനും കമാലുദ്ദീൻ മറന്നില്ല. പോകുമ്പോഴും വരുമ്പോഴുമെല്ലാം കുട്ടികൾ പന്തു തട്ടണം. അങ്ങനെ ടച്ച് വർധിപ്പിക്കണം. അതായിരുന്നു ഉദ്ദേശ്യം. മക്കളുടെ ആദ്യ ഗുരുവും അദ്ദേഹം തന്നെയായിരുന്നു.

uvais

ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഉവൈസ് (Photo Arranged)

നിലമ്പൂരിൽ നല്ല ഫുട്ബോൾ അക്കാദമികൾ അന്നില്ലാതിരുന്നതിനാൽ എട്ടര വയസ്സുമുതൽ 3 വർഷം ഉവൈസിനെ കോഴിക്കോട്ടു കൊണ്ടുപോയി സെപ്റ്റിനു കീഴിലായിരുന്നു പരിശീലനം. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും പുലർച്ചെ നാലിന് ഉവൈസിനെയും കൊണ്ട് കമാലുദ്ദീൻ നിലമ്പൂരിൽനിന്ന് കോഴിക്കോട്ടേക്ക് യാത്രതിരിക്കും. പരിശീലനം പൂർത്തിയാക്കി നിലമ്പൂരിലേക്കുതന്നെ മടങ്ങും. ഇങ്ങനെ ഓരോ കാര്യവും മക്കളുടെ ഫുട്ബോൾ വളർച്ചയ്ക്കായി ചെയ്ത ഈ പിതാവിന്റെ സ്വപ്നമാണ് ഇന്ത്യൻ ടീമിലിടം പിടിച്ച് മുഹമ്മദ് ഉവൈസ് യാഥാർഥ്യമാക്കിയത്. രണ്ടാമത്തെ മകനായ മുഹമ്മദ് ഉനൈസ് കുടക് എഫ്സിക്കായി ബെംഗളൂരു സൂപ്പർ ഡിവിഷനിൽ കളിക്കുന്നു. ഇളയമകൻ മുഹമ്മദ് ഉമൈസ് ബിടെക് ആദ്യവർഷ വിദ്യാർഥി. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് കമാലുദ്ദീൻ മോയിക്കൽ.

English Summary:

Mohammed Uwais' travel to the Indian squad is simply a tribute to his father's sacrifices. His father, a erstwhile footballer, overcame bosom issues and fiscal hardships to enactment his son's dreams. Now, Mohammed Uwais is representing India, fulfilling his father's unfulfilled aspirations.

Read Entire Article