Published: June 28 , 2025 07:15 PM IST Updated: June 28, 2025 07:24 PM IST
1 minute Read
ഡാലസ്∙ ഐപിഎലിൽ ഫോം കണ്ടെത്താനാകാതെ പോയ രാജസ്ഥാൻ റോയൽസ് ഫിനിഷർ ഷിമ്രോൺ ഹെറ്റ്മിയർ യുഎസ് ട്വന്റി20 ലീഗിൽ അടിച്ചുതകർക്കുന്നു. സിയാറ്റിൽ ഒർകാസിന്റെ താരമായ ഹെറ്റ്മിയർ എംഐ ന്യൂയോര്‍ക്കിനെതിരായ പോരാട്ടത്തിൽ 40 പന്തിൽ 97 റൺസടിച്ചു പുറത്താകാതെ നിന്നു. അവസാന പന്തിൽ ജയിക്കാന്‍ ആറു റൺസ് ആവശ്യമുള്ളപ്പോൾ ന്യൂയോർക്കിന്റെ കീറൺ പൊള്ളാർഡിനെ നിലംതൊടാതെ ബൗണ്ടറി കടത്തിയാണ് ഹെറ്റ്മിയർ ടീമിന്റെ വിജയമാഘോഷിച്ചത്. മത്സരത്തിൽ സിയാറ്റിൽ മൂന്നു വിക്കറ്റ് വിജയം നേടി.
ആദ്യം ബാറ്റു ചെയ്ത ന്യൂയോർക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 237 റൺസാണു മത്സരത്തിൽ നേടിയത്. മറുപടിയിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ സിയാറ്റിൽ ഓർകസ് വിജയലക്ഷ്യത്തിലെത്തി. ആദ്യ എട്ടോവറിൽ നാലിന് 107 റൺസെന്ന നിലയിൽനിന്ന്, സിയാറ്റിലിനെ ഹെറ്റ്മിയർ വിജയത്തിലെത്തിക്കുകയായിരുന്നു. 22 പന്തുകളിലാണ് ഹെറ്റ്മിയർ അർധ സെഞ്ചറി പിന്നിട്ടത്. ഒൻപതു സിക്സുകളും അഞ്ചു ഫോറുകളും താരം ബൗണ്ടറി കടത്തി.
യുഎസ് ട്വന്റി20 ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റൺ ചേസാണിത്. ഐപിഎലിന്റെ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി തിളങ്ങാൻ ഹെറ്റ്മിയറിനു സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങൾ കളിച്ച താരം 239 റൺസ് മാത്രമാണു നേടിയത്. ഫിനിഷറുടെ റോളിൽ കളിക്കാനിറങ്ങുന്ന താരത്തിന്റെ പിഴവുകൾ കാരണം രാജസ്ഥാൻ തുടർച്ചയായി തോറ്റതോടെ, വൻ വിമർശനമാണ് ഹെറ്റ്മിയർ നേരിടേണ്ടിവന്നത്. 11 കോടി രൂപയാണ് ഹെറ്റ്മിയറിന് രാജസ്ഥാന്‍ ഒരു സീസണിൽ നൽകുന്നത്.
English Summary:








English (US) ·