Published: November 17, 2025 10:43 AM IST
1 minute Read
ദോഹ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിനിടെ പാക്ക് പേസർ ഉബൈദ് ഷായെ വിറപ്പിച്ച് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. മത്സരത്തിന്റെ ആദ്യ പന്തിൽ ഉബൈദ് ഷായെ ബൗണ്ടറി കടത്തിയാണ് വൈഭവ് തുടങ്ങിയത്. എന്നാൽ മത്സരത്തിന്റെ മൂന്നാം ഓവറിനിടെ ഉബൈദ് ഷാ വൈഭവിനെ ചൊറിയാൻ പോകുകയായിരുന്നു. വൈഭവിന് പന്തിനു മേൽ നിയന്ത്രണം നഷ്ടമായപ്പോഴായിരുന്നു, പാക്ക് പേസർ താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്.
എന്നാൽ ‘‘പോ, പോയി പന്തെറിയ്’’ എന്നാണ് വൈഭവ് പാക്ക് താരത്തോടു പറഞ്ഞത്. മത്സരത്തിനിടെ സ്റ്റംപ് മൈക്കിലാണ് വൈഭവിന്റെ പ്രതികരണം പതിഞ്ഞത്. തൊട്ടടുത്ത പന്തിൽ ഉബൈദിനെ കവറിനു മുകളിലൂടെ ബൗണ്ടറിയിലെത്തിച്ചും വൈഭവ് സൂര്യവംശി മറുപടി നൽകി. മത്സരത്തിൽ 28 പന്തുകൾ നേരിട്ട വൈഭവ് 45 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സുകളും അഞ്ചു ഫോറുകളും താരം ബൗണ്ടറി കടത്തി.
സുഫിയാൻ മുഖീം എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ഫൈഖ് ക്യാച്ചെടുത്താണു വൈഭവിന്റെ പുറത്താകൽ. വൈഭവ് സിക്സിനു ശ്രമിച്ചപ്പോൾ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് പാക്ക് ഫീൽഡർ പന്ത് പിടിച്ചെടുക്കുകയായിരുന്നു. റീപ്ലേ പരിശോധനകൾക്കു ശേഷമാണ് തേർഡ് അംപയർ ഔട്ട് അനുവദിച്ചത്. പുറത്തായി മടങ്ങുന്നതിനിടെ ബാറ്റു കൊണ്ട് ഗ്രൗണ്ടിൽ അടിച്ചാണ് വൈഭവ് രോഷം തീർത്തത്.
വൈഭവിന്റെ പുറത്താകലിനു പിന്നാലെ ഇന്ത്യന്‍ ബാറ്റിങ് നിര തകർന്നു. 19 ഓവറിൽ 136 റൺസടിച്ചാണ് ഇന്ത്യ പുറത്താകുന്നത്. 20 പന്തിൽ 35 റൺസെടുത്ത നമൻ ധീറും പാക്കിസ്ഥാനെതിരെ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ 13.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയത്തിലെത്തി. 40 പന്തുകൾ ബാക്കിനിൽക്കെയാണ് പാക്കിസ്ഥാൻ എട്ടു വിക്കറ്റ് വിജയം സ്വന്തമാക്കിയത്.
English Summary:








English (US) ·