പോയി മോദിയോട് പറയാനാവശ്യപ്പെട്ടില്ലേ? അദ്ദേഹം കേട്ടിരിക്കുന്നു; 'ഓപ്പറേഷൻ സിന്ദൂറി'ൽ കങ്കണ

8 months ago 7

10 May 2025, 07:55 PM IST

Kangana Ranaut

കങ്കണ റണൗട്ട് | ഫോട്ടോ: ANI

ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കയ്യടിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. ഏപ്രിൽ 22-ലെ പഹൽ​ഗാം ആക്രമണത്തിൽ ഒരു ഭീകരൻ കർണാടക സ്വദേശിയായ മഞ്ജുനാഥിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യയോട് നിങ്ങളെ വെറുതെവിടുന്നത് മോദിയോട് പറയാനാണെന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയായിരുന്നു കങ്കണയുടെ പോസ്റ്റ്. ഒരു വീഡിയോയും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പഹൽ​ഗാമിൽ കൊല്ലപ്പെട്ട മഞ്ജുനാഥിന്റെ ഭാര്യ പല്ലവിയുടെ സംഭാഷണത്തോടെയാണ് കങ്കണ പങ്കുവെച്ച വീഡിയോ ആരംഭിക്കുന്നത്. ദീർഘനേരം കാത്തിരിക്കാൻ തനിക്കാവില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിന്റെ ശകലവും പാകിസ്താന് സായുധസേന തിരിച്ചടി നൽകുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളാണ് തുടർന്ന് കാണാനാവുക. വീഡിയോക്ക് കങ്കണ നൽകിയിരിക്കുന്ന തലക്കെട്ടാണ് ശ്രദ്ധേയം. "മോദി അത് കേട്ടു, #ഓപ്പറേഷൻസിന്ദൂർ." കങ്കണ എഴുതിയതിങ്ങനെ.

വിനോദസഞ്ചാരികളുൾപ്പെടെ 26 പേരാണ് പഹൽ​ഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടാഴ്ചയ്ക്ക് ശേഷം, ഇന്ത്യൻ സായുധ സേന ഈ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ നാലും പാക് അധീന കശ്മീരിലെ (പിഒകെ) അഞ്ചും ഉൾപ്പെടെ ഒൻപത് ഭീകര ഒളിത്താവളങ്ങളിൽ ലക്ഷ്യമിട്ട ആക്രമണങ്ങൾ നടത്തി. 'ഓപ്പറേഷൻ സിന്ദൂർ' എന്നാണ് ഈ നീക്കത്തിന് പേരിട്ടത്. തുടർന്ന് ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്താൻ പലതവണ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ മുന്നിൽ അതെല്ലാം നിഷ്ഫലമായി.

ശനിയാഴ്ചയാണ് പാകിസ്താനുമായുള്ള വെടിനിര്‍ത്തലിന് ധാരണയായതായി ഇന്ത്യ അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയതെന്നും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 3.35-ന്‌ പാകിസ്താന്റെ ഡയറക്ടേഴ്‌സ് ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ ബന്ധപ്പെട്ടതായും കരയിലൂടെയും ആകാശമാര്‍ഗവും സമുദ്രത്തിലൂടെയും ഉള്ള പൂര്‍ണവെടിനിര്‍ത്തലിന് ഇരുവരും തമ്മില്‍ തീരുമാനത്തിലെത്തിയതായും ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക്‌ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Content Highlights: Pahalgam Attack: Kangana Ranaut's Powerful Tribute to Victims and Operation Sindoor

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article