കട്ടക്ക്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്കു വമ്പൻ വിജയം. 101 റൺസ് വിജയമാണു മത്സരത്തിൽ ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 74 റൺസിന് ഓൾഔട്ടായി. ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്കോറാണിത്. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ചണ്ഡീഗഡിൽ നടക്കും.
ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽ 100 വിക്കറ്റുകളെന്ന നേട്ടത്തിലേക്ക് ഈ മത്സരത്തോടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെത്തി. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡിലേക്കും ഇതോടെ ബുമ്രയെത്തി. കട്ടക്കിലെ പിച്ചിൽ ടോസ് ആനുകൂല്യം ലഭിച്ചിട്ടും അതു മുതലെടുക്കാൻ സാധിക്കാതിരുന്ന ദക്ഷിണാഫ്രിക്കയെയാണു മറുപടി ബാറ്റിങ്ങിൽ കണ്ടത്. 14 പന്തില്‍ 22 റൺസെടുത്ത യുവതാരം ഡെവാൾഡ് ബ്രെവിസാണ് അവരുടെ ടോപ് സ്കോറർ. സ്കോർ ബോർഡിൽ ഒരു റൺ വരും മുൻപേ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീടൊരു തിരിച്ചുവരവ് സാധ്യതമായില്ല.
എയ്ഡന്‍ മാർക്രം (14), ട്രിസ്റ്റൻ സ്റ്റബ്സ് (14), മാർകോ യാന്‍സൻ (12) എന്നിവർ കുറച്ചെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. 50 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ മധ്യനിരയും വാലറ്റവും പേരിനു പോലും പോരാടാതെയാണു മടങ്ങിയത്. ഇതോടെ 100 റൺസിൽ എത്താനാകാതെ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റുകളും നേടി.
തകർത്തടിച്ച് പാണ്ഡ്യ, സേഫായി ഇന്ത്യ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 105 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് ഉയര്‍ത്തിയത് ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്. പരുക്കുമാറി തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ അർധ സെഞ്ചറി നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 28 പന്തുകൾ നേരിട്ട പാണ്ഡ്യ 59 റൺസെടുത്തു പുറത്താകാതെനിന്നു. നാലു സിക്സുകളും ആറു ഫോറുകളുമാണ് ഫിനിഷർ റോളിലെത്തി പാണ്ഡ്യ ബൗണ്ടറി കടത്തിയത്. തിലക് വർമ (32 പന്തിൽ 26), അക്ഷര്‍ പട്ടേൽ (21 പന്തിൽ 23), അഭിഷേക് ശർമ (12 പന്തിൽ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.
പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യയ്ക്കു മത്സരത്തിൽ ലഭിച്ചത്. പരുക്കുമാറി ടീമിലേക്കു തിരിച്ചെത്തിയ ശുഭ്മൻ ഗിൽ മത്സരത്തിന്റെ മൂന്നാം പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞു മടങ്ങി. നാലു റണ്‍സെടുത്ത ഗില്ലിനെ ലുങ്കി എന്‍ഗിഡിയുടെ പന്തിൽ മാർകോ യാൻസൻ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ബാറ്റിങ് പവർപ്ലേയിൽ തന്നെ ഇന്ത്യയ്ക്കു രണ്ടാം വിക്കറ്റും നഷ്ടമായി. 12 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എൻഗിഡിക്കു മുന്നിൽ വീണു. ആദ്യ ആറോവറുകളിൽ 40 റണ്‍സാണ് ഇന്ത്യ നേടിയത്. ഒരു സിക്സും രണ്ട് ഫോറുകളും നേടിയ അഭിഷേക് ശർമ, സ്കോർ 48 ൽ നിൽക്കെ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി.
മധ്യനിര പ്രതിരോധിച്ചു നിന്നപ്പോൾ 13.5 ഓവറുകളിലാണ് ഇന്ത്യ 100 പിന്നിട്ടത്. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച ഹാർദിക് പാണ്ഡ്യ അർധ സെഞ്ചറി നേടിയതോടെ ഇന്ത്യ സുരക്ഷിതമായ സ്കോറിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും ലുതോ സിപാംല രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– ക്വിന്റൻ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എയ്ഡൻ മാര്‍ക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡോനോവൻ ഫെറേറ, മാര്‍കോ യാൻസൻ, കേശവ് മഹാരാജ്, ലുതോ സിപാംല, അൻറിച് നോർട്യ, ലുങ്കി എൻഗിഡി
English Summary:








English (US) ·