പോരാട്ടച്ചൂടിൽ മുൻ ടീമംഗം സായ് കിഷോറിനെതിരെ പാണ്ഡ്യ; തുറിച്ചുനോക്കി യുവതാരം, ക്യാപ്റ്റന്റെ ചീത്തവിളി ‘ഒപ്പിയെടുത്ത്’ ക്യാമറ – വിഡിയോ

9 months ago 9

ഓൺലൈൻ ഡെസ്‌ക്

Published: March 30 , 2025 08:24 AM IST

1 minute Read

ഹാർദിക് പാണ്ഡ്യ, സായ് കിഷോർ
ഹാർദിക് പാണ്ഡ്യ, സായ് കിഷോർ

അഹമ്മദാബാദ്∙ ഐപിഎൽ പോരാട്ടച്ചൂടിനിടെ പരസ്പരം കൊമ്പുകോർത്ത് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയും, താരം മുൻപ് ക്യാപ്റ്റനായിരുന്ന ഗുജറാത്ത് ടൈറ്റൻസ് ടീമംഗം സായ് കിഷോറും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിത്തിൽ നടന്ന മത്സരത്തിനിടെയാണ് ഇരുവരും കൊമ്പുകോർത്തത്. തന്നെ തുറിച്ചുനോക്കിയ ഗുജറാത്ത് താരത്തെ, ഹാർദിക് പാണ്ഡ്യ ചീത്ത വിളിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാണ്ഡ്യ ഉപയോഗിച്ച വാക്ക് ക്യാമറയിൽ പതിഞ്ഞില്ലെങ്കിലും, ആ വാക്ക് ഏതാണെന്ന് എല്ലാവർക്കും വിഡിയോയിൽ പതിഞ്ഞ ദൃശ്യങ്ങളിലെ ചുണ്ടനക്കത്തിൽനിന്ന് മനസ്സിലായി.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 196 റൺസാണ്. മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസ് 14 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിൽ നിൽക്കെ, അടുത്ത ഓവർ ബോൾ ചെയ്യാനെത്തിയത് സായ് കിഷോർ. ക്രീസിൽ ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും.

ആദ്യ രണ്ടു പന്തുകളിൽ വമ്പൻഷോട്ടിനു ശ്രമിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് പിഴച്ചു. രണ്ടു പന്തും ഡോട്ട് ബോൾ. മൂന്നാം പന്തിൽ ഹാർദിക് തിരിച്ചടിച്ചു. തകർപ്പൻ ഷോട്ടിലൂടെ പന്ത് ഫൈൻ ലെഗിൽ ബൗണ്ടറി കടന്നു. നാലാം പന്തിൽ ബൗണ്ടറി ലക്ഷ്യമിട്ട് ഹാർദിക് മുന്നോട്ടു കയറിയെങ്കിലും പന്ത് പ്രതിരോധിച്ചതോടെ റൺസില്ല. 

ഇതിനു പിന്നാലെയാണ് മുന്നിൽ വീണ പന്തെടുക്കാൻ വരുന്നതിനിടെ സായ് കിഷോർ പാണ്ഡ്യയെ തറപ്പിച്ചു നോക്കിയത്. പൊതുവെ എതിർ ടീമംഗങ്ങൾക്കെതിരെ താൻ പുറത്തെടുക്കുന്ന ശൈലി ഒരു യുവതാരം തനിക്കെതിരെ ‘പയറ്റിയത്’ പാണ്ഡ്യയെ കുപിതനാക്കി. സായ് കിഷോറിനെ തിരിച്ചും തുറിച്ചുനോക്കിയ പാണ്ഡ്യ, ചീത്തവിളിയോടെയാണ് കലിപ്പ് തീർത്തത്.

എന്നാൽ, പാണ്ഡ്യയുടെ ചീത്തവിളിയിൽ പതറാതെ സായ് കിഷോർ നോട്ടം തുടർന്നതോടെ, അംപയർ ഇടപെട്ടാണ് ഇരുവരെയും ‘പിരിച്ചുവിട്ടത്’. മത്സരത്തിൽ സായ് കിഷോർ നാല് ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഹാർദിക് പാണ്ഡ്യയാകട്ടെ, 17 പന്തിൽ ഒരേയൊരു ഫോർ സഹിതം 11 റൺസെടുത്ത് പുറത്തായ മത്സരം മുംബൈ ഇന്ത്യൻസ് 36 റൺസിനു തോൽക്കുകയും ചെയ്തു. മത്സരശേഷം പരസ്പരം ആലിംഗനം ചെയ്ത് സ്നേഹത്തോടെയാണ് ഇരുവരും പിരിഞ്ഞത്.

English Summary:

Hardik Pandya uses expletive aft disfigured staredown successful on-field heated speech with Sai Kishore

Read Entire Article