
Photo Courtesy: instagram.com/vedanwithword
തൃപ്പൂണിത്തുറ: കഞ്ചാവുമായി പിടിയിലായ റാപ്പ് ഗായകൻ ‘വേടൻ’ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ ചൊവ്വാഴ്ച പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിൽ തിങ്കളാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഒൻപതരലക്ഷംരൂപയുമായിരുന്നു കണ്ടെടുത്തത്. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും, വേടൻ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
നിലവിൽ മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലാണ് വേടനുള്ളത്. അതേസമയം, പോലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിനുള്ളിൽ തിങ്കളാഴ്ച പരിശോധനയ്ക്ക് എത്തിയപ്പോൾ, മുറിക്കകത്ത് വേടനും എട്ടു സുഹൃത്തുക്കളും മേശയ്ക്ക് ചുറ്റുമിരുന്ന് കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് ഹില്‍പാലസ് പോലീസിന്റെ എഫ്ഐആറിലുള്ളത്.
എരൂർ കണിയാമ്പുഴയിലെ ഫ്ലാറ്റിൽ തിങ്കളാഴ്ച 11-ഓടെയാണ് പോലീസ് എത്തിയത്. ഹിൽ പാലസ് എസ്എച്ച്ഒ യേശുദാസ്, എസ്ഐ കെ. അനില എന്നിവരുടെ നേതൃത്വത്തിൽ 4.30 വരെ പരിശോധന തുടർന്നു. അതിനിടെ, വനം-വന്യജീവി വകുപ്പധികൃതരെത്തി ലോക്കറ്റ് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചു. വേടന്‍ ധരിച്ചിരുന്നത് അഞ്ചുവയസ്സ് പ്രായമുള്ള പുലിയുടെ പല്ലാണെന്നാണ് വനംവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
തമിഴ്‌നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. നേരത്തേ, തായ്‌ലാന്‍ഡില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസില്‍ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.
യുവതയുടെ ഹരമായ വേടൻ
'വോയ്‌സ് ഓഫ് വോയ്സ്ലെസ്' എന്ന മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധ നേടിയ വേടന്‍ എന്ന തൃശ്ശൂര്‍ സ്വദേശി ഹിരണ്‍ ദാസ് മുരളി അടുത്ത കാലത്തിറങ്ങിയ വിജയചിത്രങ്ങളിലെ ഗാനങ്ങളിലൂടെയും ശ്രദ്ധേയനാണ്. 25-ാം വയസ്സിലാണ് ആദ്യ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നിര്‍മാണ മേഖലയില്‍ ജോലിചെയ്ത വേടന്‍ പിന്നീട് എഡിറ്റര്‍ ബി. അജിത് കുമാറിന്റെ സ്റ്റുഡിയോ ബോയ് ആയി പ്രവര്‍ത്തിച്ചിരുന്നു.
അമേരിക്കന്‍ റാപ്പറായ ടൂപാക് ഷാക്കൂറില്‍നിന്ന് പ്രചോദിതമായാണ് സ്വതന്ത്ര സംഗീതരംഗത്തേക്ക് എത്തുന്നത്. ആദ്യ വീഡിയോയ്ക്കു ശേഷം വന്ന വേടന്റെ മറ്റ് റാപ്പുകളും ശ്രദ്ധ നേടി. 2021-ല്‍ പുറത്തിറങ്ങിയ നായാട്ട്, 2023-ല്‍ പുറത്തിറങ്ങിയ കരം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയിലെ പാട്ടുകള്‍ ശ്രദ്ധേയമായി. നേരത്തേ മീ ടു ആരോപണവും വേടനെതിരേ ഉയര്‍ന്നിരുന്നു.
മുഖംമൂടികള്‍ അഴിയുന്നു
ലഹരിക്കെതിരേ പോലീസും എക്‌സൈസും തുറന്ന യുദ്ധം പ്രഖ്യാപിച്ചതോടെ പല താരങ്ങളുടെയും മുഖംമൂടി അഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ-സംഗീത രംഗത്തെ പ്രമുഖരാണ് കഞ്ചാവുമായി പിടിയിലായത്. പോലീസിന്റെ പി-ഹണ്ടും എക്‌സൈസിന്റെ ക്ലീന്‍ സ്റ്റേറ്റും കടുപ്പിച്ചതോടെ കേസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. യുവസംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ കഞ്ചാവുമായി പിടികൂടിയത് ശനിയാഴ്ച രാത്രിയാണ്. ആലപ്പുഴയില്‍ 1.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് യുവ നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതും തിങ്കളാഴ്ചയായിരുന്നു.
Content Highlights: rapper Vedan kochi cannabis case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·