പോസ്റ്റർ പങ്കുവെച്ചു, അതേ സിനിമയിലേക്കുള്ള വിളിവന്നു; പ്രണവ് തിയോഫിൻ 'അടിയാർ താമി'യായ കഥ

7 months ago 7

നരിവേട്ട എന്ന ചിത്രത്തിലെ അടിയാർ താമി എന്ന കഥാപാത്രമാവാൻവേണ്ടി പ്രണവ് തിയോഫിൻ എന്ന പാലക്കാട്ടുകാരൻ നടത്തിയ മേക്ക്-ഓവർ ആ സിനിമ കണ്ടവരാരും മറക്കില്ല. ആറ് സിനിമകളിൽ ഇതിനകം വേഷമിട്ട പ്രണവിന്റെ രണ്ടാമത്തെ മലയാള സിനിമയാണ് നരിവേട്ട. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിലൂടെ സിനിമാലോകത്ത് വരവറിയിച്ച പ്രണവ് മലയാളസിനിമയിൽ പുത്തൻ വേഷങ്ങൾക്കായി കാത്തിരിക്കുകയാണ്. സിനിമാ സ്വപ്നങ്ങളേക്കുറിച്ചും നരിവേട്ടയേക്കുറിച്ചും പ്രണവ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

നരിവേട്ടയുടെ മോഷൻ പോസ്റ്റർ ഷെയർ ചെയ്തതിനുപിന്നാലെയാണ് താമിയാവാനുള്ള വന്ന അവസരം വന്നതെന്ന് കേട്ടിട്ടുണ്ട്...

എന്റെ ഏഴാമത്തെ സിനിമയാണ് നരിവേട്ട. ധ്യാൻ ശ്രീനിവാസൻ നായകനായ ഡിയർ സിന്ദ​ഗി എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യം അഭിനയിച്ചത്. ആ സിനിമ കണ്ട് മലയാളസിനിമയിൽനിന്ന് നല്ല വേഷങ്ങൾ വരും എന്ന പ്രതീക്ഷയിലിരിക്കുകയായിരുന്നു. ആ സമയത്താണ് നരിവേട്ടയുടെ മോഷൻ പോസ്റ്റർ റിലീസായത്. ഷൂട്ട് കഴിഞ്ഞ സിനിമയായിരിക്കും എന്നാണ് വിചാരിച്ചത്. ടൈറ്റിലും മോഷൻ പോസ്റ്ററിന്റെ ഉള്ളടക്കവുമാണ് ഏറെ ആകർഷിച്ചത്. അങ്ങനെ ഞാനത് റീ പോസ്റ്റ് ചെയ്തു. അനുരാജ് മനോഹറിനേയും കാസ്റ്റിങ് ഡയറക്ടറേയും ടാ​ഗ് ചെയ്തിട്ടുമുണ്ടായിരുന്നു. കാരണം അനുരാജേട്ടന്റെ ഇഷ്ക് എന്ന ചിത്രം എനിക്ക് വളരെ ഇഷ്ടമാണ്. പുള്ളി എന്റെ പ്രൊഫൈൽ കാണുകയാണെങ്കിൽ ഭാവിയിൽ ഏതെങ്കിലും ചിത്രത്തിൽ എനിക്ക് അവസരം കിട്ടിയാലോ എന്നും വിചാരിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂൾ തുടങ്ങിക്കഴിഞ്ഞ ശേഷമാണ് അവരെന്റെ പ്രൊഫൈൽ കണ്ടത്. കാസ്റ്റിങ് ഡയറക്ടറാണ് എന്നെ വിളിച്ചത്. ഓഡിഷനുണ്ടായിരുന്നു. താമി എന്ന കഥാപാത്രത്തേക്കുറിച്ച് വിശദീകരിച്ചുതരികയുമൊക്കെ ചെയ്തു.

നരിവേട്ട എന്ന ചിത്രത്തിൽ പ്രണവ്

പ്രണവിന്റെ ഏതെങ്കിലും ചിത്രങ്ങൾ നരിവേട്ടയുടെ അണിയറപ്രവർത്തകർ കണ്ടിരുന്നോ? പ്രണവിന്റെ ലുക്ക് അവർക്ക് ഓകെയായിരുന്നോ?

അവർക്ക് എന്റെ ശരീരഘടനയും ലുക്കും ഓകെയായിരുന്നു. എന്റേതെന്നു പറയാൻ വിക്രമിലൊക്കെയുള്ള ചെറിയ വേഷങ്ങളായിരുന്നു അവർ കണ്ടിരുന്നത്. അടിയാർ താമി എന്ന കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്നുള്ളത് നോക്കാൻ വേണ്ടി ആ കഥാപാത്രത്തിന്റെ സിനിമയിലെ ഒരു രം​ഗംതന്നെയാണ് അവതരിപ്പിക്കാൻ തന്നത്. ഫസ്റ്റ് ഷെഡ്യൂൾ ആലപ്പുഴയിലായിരുന്നു ചെയ്തത്. ടൊവിനോയുടെ ഫ്ളാഷ്ബാക്ക് രം​ഗങ്ങളായിരുന്നു അത്. ഈ രം​ഗങ്ങളുടെ ചിത്രീകരണം നടക്കുമ്പോൾ അതിന് സമാന്തരമായിട്ടായിരുന്നു എന്റെ ഓഡിഷനും നടന്നത്. ഒരുപാടുപേരെ ഓഡിഷൻ ചെയ്തിട്ടും അവർക്ക് തൃപ്തിയാവാതിരുന്ന കഥാപാത്രമായിരുന്നു. പിന്നെ കഥാപാത്രത്തേക്കുറിച്ചുള്ള വിവരങ്ങൾ അനുരാജേട്ടൻ തന്നെയാണ് വിശദീകരിച്ചുതന്നത്. ആദ്യഷെഡ്യൂൾ കഴിഞ്ഞ് അടുത്തത് തുടങ്ങാൻ വയനാട്ടിലേക്ക് പോകാൻ തുടങ്ങുന്ന സമയത്താണ് ഉരുൾപൊട്ടലുണ്ടാവുന്നത്. അങ്ങനെ ചിത്രീകരണം കുറച്ച് താമസിച്ചു. ഓഡിഷനുശേഷം ഒന്നരമാസത്തോളം കാത്തിരിക്കേണ്ടിവന്നു. സെലക്ടാവുമോ ഇല്ലയോ എന്നറിയാതെ ഒരുപാട് ടെൻഷനടിച്ചു ആ സമയത്ത്. പിന്നീട് സംവിധായകൻതന്നെ പറഞ്ഞു അടിയാർ താമിയെ അവതരിപ്പിക്കണമെന്നും മുന്നോട്ടുപോകാമെന്നും.

നരിവേട്ട എന്ന ചിത്രത്തിൽനിന്നൊരു രം​ഗം

പ്രണവ് ശരിക്കും ​ഗോത്രവിഭാ​ഗത്തിൽപ്പെട്ടയാളാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടോ?

ഇപ്പോഴും ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നത് ഞാൻ ശരിക്കും ​ഗോത്രവിഭാ​ഗത്തിൽപ്പെട്ടയാളാണെന്നാണ്. അങ്ങനെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. നിന്നെ അവർക്കൊപ്പം ആ കൂട്ടത്തിൽ നിർത്തിയാൽ അഭിനയിക്കാൻ വന്ന ഒരാളാണെന്ന് തോന്നരുതെന്നാണ് അനുരാജേട്ടൻ ഓഡിഷന്റെ സമയത്ത് എന്നോട് പറഞ്ഞത്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിന്റെ രൂപത്തിലേക്ക് മാറാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമൽ ചന്ദ്രനായിരുന്നു മേക്കപ്പ്. രാവിലെ ആറുമണിക്ക് ലൊക്കേഷനിൽ വന്നുകഴിഞ്ഞാൽ ഒന്നേകാൽ മണിക്കൂറോളം മേക്കപ്പിടാൻ ചെലവഴിക്കും. അരുൺ മനോഹറിന്റെ കോസ്റ്റ്യൂമും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവരുടെ എല്ലാവരുടേയും കൂട്ടായ പരിശ്രമംതന്നെയാണ് താമി എന്ന കഥാപാത്രം ഇത്രയും എടുത്തുനിൽക്കാൻ ഉപകാരപ്പെട്ടതെന്ന് വിശ്വസിക്കുന്നു.

'നരിവേട്ട'യിൽ പ്രണവ് തിയോഫിൻ

താമിയുടെ കൂടെ നിഴൽപോലെ ഒരു നായയുണ്ടല്ലോ, നായയെ എങ്ങനെയാണ് ഇണക്കിയെടുത്തത്? പ്രത്യേക പരിശീലനം ഉണ്ടായിരുന്നോ?

വളരെ സന്തോഷം തോന്നിയ അനുഭവമായിരുന്നു അത്. എനിക്കും സ്വന്തമായി ഒരു വളർത്തുനായുണ്ട്. അതുകൊണ്ടുതന്നെ നായയെ ഇണക്കുക എന്നത് അത്ര ബുദ്ധമുട്ടായി തോന്നിയില്ല. എങ്കിലും ഓരോ നായയ്ക്കും അവരവരുടേതായ രീതിയുണ്ടാവും. പുതിയ ഒരാളെ കാണുമ്പോൾ അവരുമായി ഇടപഴകാൻ ബുദ്ധിമുട്ടുണ്ടാവും. ഈ ചിത്രത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്നത് ലക്കി എന്ന നായയാണ്. അരുൺ ചേട്ടനായിരുന്നു ട്രെയിനർ. ലക്കി രണ്ട്, മൂന്ന് സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. ഷൂട്ട് തുടങ്ങുന്നതിന് മൂന്നാഴ്ച മുൻപ് ഞാൻ വയനാട്ടിൽപ്പോയി. ലക്കിക്ക് ഭക്ഷണം കൊടുക്കുക, നടക്കാൻ കൊണ്ടുപോവുകയൊക്കെ ചെയ്തു. ലക്കിയുമായുള്ള ആശയവിനിമയം ആ രീതിയിൽ വളർത്തിയെടുക്കാൻ പറ്റി. ആയിരത്തിലേറെപ്പേരുള്ള സെറ്റിൽ നമ്മൾ ഒരു സീക്വൻസെടുക്കുമ്പോൾ ഞാൻ എവിടെനിന്ന് വിളിച്ചാലും ലക്കി എന്റെയടുത്തേക്ക് വരിക എന്നത് കുറച്ച് റിസ്കുള്ള കാര്യമായിരുന്നു. അതിനുള്ള പരിശീലനത്തിന് അരുൺ ചേട്ടൻ നന്നായി സഹായിച്ചു. വലിയ താരങ്ങളുള്ള സെറ്റിൽ ഈയൊരു കാര്യത്തിനുവേണ്ടി കൂടുതൽ സമയം ചെലവഴിക്കരുതെന്ന് ആദ്യമേ മനസിലുറപ്പിച്ചിരുന്നു.

പ്രണവും ലക്കിയും

ടൊവിനോ തോമസ് എന്ന നടൻ പ്രണവിൽ പ്രചോദനം ഉണ്ടാക്കിയതെങ്ങനെയാണ്?

വളരെ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ടൊവിനോയ്ക്കൊപ്പമുള്ള രം​ഗങ്ങളെടുത്ത ദിവസങ്ങളിൽ ഞാൻ കടന്നുപോയത്. എന്റെ പ്രചോദനമായി ഞാൻ കാണുന്ന വ്യക്തിയാണ് ടൊവിച്ചേട്ടൻ. കാരണം പുള്ളി കടന്നുവന്ന പാതകളുമായി സാമ്യമുണ്ട് എന്റേതും. ഞങ്ങൾ തമ്മിൽ നല്ലൊരു ബന്ധം ഉടലെടുത്തിരുന്നു. നമ്മൾ മനസിൽ വിചാരിക്കുന്ന ഒരു കാര്യം അദ്ദേഹം ഊഹിച്ച് ഇങ്ങോട്ട് പറയുമായിരുന്നു. അദ്ദേഹം നല്ല പിന്തുണ നൽകിയതുകൊണ്ട് കാര്യങ്ങളെല്ലാം നന്നായി വന്നു. ഞങ്ങളുടെ കഥാപാത്രങ്ങൾ തമ്മിൽ സംഘട്ടനമുണ്ടെങ്കിലും അത് ചെയ്യാനുള്ള ധൈര്യം കിട്ടിയത് അദ്ദേഹം നമ്മളെ കംഫർട്ട് സോണിൽ നിർത്തിയതുകൊണ്ടാണ്. ഫൈറ്റ് ചെയ്യുന്ന സമയത്ത് യാതൊരുവിധ പരിക്കുകളോ വേദനയോ ഉണ്ടാവാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രദ്ധിച്ചിരുന്നു. ഇതിന് ഫൈറ്റ് മാസ്റ്ററായ ഫീനിക്സ് പ്രഭുവും ഏറെ സഹായിച്ചു. ടൊവിനോ ചെയ്തത് പോലീസിന്റെ ശരീരഭാഷയിലുള്ള ഫൈറ്റാണെങ്കിൽ എന്റേത് വളരെ സാധാരണക്കാരനായ ഒരാളുടേതാണ്. അത് വളരെ പെർഫെക്റ്റായി എത്തിക്കുന്നതിന് അനുരാജേട്ടൻ തന്ന സ്വാതന്ത്ര്യവും ഏറെ ഉപകരിച്ചു.

ടൊവിനോ തോമസും പ്രണവും 'നരിവേട്ട'യിൽ

നരിവേട്ടയിലെ മറ്റൊരു പ്രധാന താരമായ ചേരൻ ഒരു സംവിധായകൻ കൂടിയാണ്. അദ്ദേഹം പ്രണവിന്റെ അഭിനയം ശ്രദ്ധിച്ചിരുന്നോ?

ചേരൻ സാറുമായി ചിത്രീകരണസമയത്തുതന്നെ നല്ലൊരു ബന്ധം വളർത്തിയെടുക്കാൻ സാധിച്ചു. കോയമ്പത്തൂരിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ കോളേജിൽ ഒരു പരിപാടിക്ക് ചേരൻ സാർ ചീഫ് ​ഗസ്റ്റായി വന്നിട്ടുണ്ട്. ഞാനന്ന് ആദ്യവർഷ വിദ്യാർത്ഥിയാണ്. സെമസ്റ്റർ കഴിഞ്ഞുനിൽക്കുന്ന സമയം. സാറിന്റെ കയ്യിൽനിന്ന് ഒരു അവാർഡും അന്ന് വാങ്ങാൻ സാധിച്ചു. ദേശീയ പുരസ്കാരമടക്കം വാങ്ങിയ പ്രതിഭയാണ് അദ്ദേഹം. അങ്ങനെയൊരാൾക്കൊപ്പം ഒരു സിനിമ ചെയ്യും എന്നൊന്നും അന്ന് കരുതുന്നില്ലല്ലോ. എത്താനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് കൃത്യമായി യാത്ര ചെയ്തുകഴിഞ്ഞാൽ നമുക്ക് അതുപോലുള്ള ആളുകൾക്കൊപ്പം പ്രവർത്തിക്കാനാകും എന്ന് എന്റെ കാര്യത്തിൽ പ്രകൃതിതന്നെ തെളിയിച്ചു എന്നുള്ളതാണ്. അവാർഡ് തന്ന വിവരം ഞാൻ ചേരൻ സാറിനോട് പറഞ്ഞിരുന്നു. വിക്രം സിനിമയിൽ അദ്ദേഹം എന്നെ കണ്ടിട്ടുണ്ട്. നരിവേട്ടയുടെ സെറ്റിൽവെച്ച് ഒരുപാട് അഭിനന്ദിച്ചു. എല്ലാവരോടും എന്നെക്കുറിച്ച് നല്ലതുപറഞ്ഞു അദ്ദേഹം. അങ്ങനെയൊരു മനസുണ്ടായി സാറിന്.

നടനും സംവിധായകനുമായ ചേരനൊപ്പം

ആര്യാ സലിമുമൊത്തായിരുന്നല്ലോ കൂടുതൽ രം​ഗങ്ങൾ. സി.കെ. ശാന്തി എന്ന കഥാപാത്രമാവാൻ ആര്യാ സലിം നടത്തിയ തയ്യാറെടുപ്പുകൾ നേരിട്ടുകണ്ടയാളെന്ന നിലയ്ക്ക് ആര്യ എന്ന നടിയെ എങ്ങനെ വിലയിരുത്തുന്നു?

ആര്യ ചേച്ചിയുമായി നേരത്തേ പരിചയമൊന്നും ഉണ്ടായിരുന്നില്ല. വയനാട്ടിലെ ചിത്രീകരണം തുടങ്ങുന്നതിന് ഒരുദിവസം മുൻപാണ് ചേച്ചി സെറ്റിലേക്ക് വരുന്നത്. ഹോട്ടലിൽ എന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലായിരുന്നു അവരും താമസിച്ചിരുന്നത്. ഈ.മ.യൗ മുതൽ ഞാൻ ഫോളോ ചെയ്യുന്ന നടിയാണ് അവർ. ഏത് കഥാപാത്രം കൊടുത്താലും അതിനെ ഭം​ഗിയാക്കാനുള്ള കഴിവുള്ള നടിയാണ് ചേച്ചി. അത് നരിവേട്ടയിലെത്തിയപ്പോഴാണ് ഞാൻ ശരിക്ക് അറിയാൻ തുടങ്ങിയത്. പരിചയപ്പെട്ടതിനുശേഷം സഹോദരനും സഹോദരിയുമെന്നപോലെയായിരുന്നു ഞങ്ങൾ. രാത്രി ഏഴരയൊക്കെയാവും ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്താൻ. എന്നിട്ട് ചേച്ചി ഡയലോ​ഗ് പറഞ്ഞ് പഠിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. രാത്രി രണ്ടുമണിവരെയൊക്കെ ഡയലോ​ഗ് ഉറക്കെ പറഞ്ഞുപഠിക്കുന്നത് കേട്ടിട്ടുണ്ട്.

പ്രണവും ആര്യാ സലീമും

മലർവാടി ആർട്സ് ക്ലബിൽ സുരാജുള്ള രം​ഗത്തിൽ ജൂനിയർ ആർട്ടിസ്റ്റായി. ഇപ്പോൾ അദ്ദേഹത്തിനൊപ്പം മുഖ്യവേഷത്തിൽ. എന്തുതോന്നുന്നു?

ഞാൻ ആദ്യമായി സിനിമയിൽ എത്തിയത് മലർവാടി ആർട്സ് ക്ലബിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു. പ്ലസ് ടുവിന് പഠിക്കുകയായിരുന്നു അപ്പോൾ. ഞാൻ സിനിമാ സെറ്റ് എന്ന നിലയ്ക്ക് നേരിട്ടുകാണുന്നത് മലർവാടിയുടേതാണ്. മുഖം കണ്ടാൽത്തന്നെ ചിരിവരുന്ന കഥാപാത്രങ്ങൾ അദ്ദേഹം ചെയ്യുന്ന കാലഘട്ടമായിരുന്നു അത്. ജൂനിയർ ആർട്ടിസ്റ്റായി പിന്നെ ഞാൻ ചെയ്തത് പോക്കിരി രാജയായിരുന്നു. അതിലും സുരാജേട്ടനുണ്ടായിരുന്നു. അന്നൊക്കെ എനിക്കും ക്യാമറയ്ക്കും തമ്മിലുള്ള അകലം വളരെ കൂടുതലാണെന്ന് തോന്നിയിരുന്നു. അതിനടുത്തേക്കെത്താൻ ഇവിടെ നിന്നാൽ പറ്റില്ല, വേറെന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് തമിഴ്നാട്ടിലേക്ക് പോയതും വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ചതും. കുറേ ഷോർട്ട് ഫിലിം ചെയ്തു. പിന്നെ ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന ചിത്രത്തിൽ മുഖം കാണിച്ചു. പിന്നെ വിക്രമും ഡിയർ സിന്ദ​ഗിയും ചെയ്തു. നരിവേട്ടയുടെ സെറ്റിൽവെച്ച് സുരാജേട്ടനെ കണ്ടപ്പോൾ ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞു. ഇപ്പോൾ നീയൊരു ആർട്ടിസ്റ്റായില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. പുതിയ അഭിനേതാക്കൾ വന്ന് പെർഫോം ചെയ്യുമ്പോൾ അതുകാണാനും നമ്മളെക്കുറിച്ചൊക്കെ അറിയാനും അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. ഞാനെങ്ങനെയാണ് ലോകേഷ് കനകരാജിന്റെ പടത്തിൽ അഭിനയിച്ചതെന്നൊക്കെ അന്വേഷിക്കുകയും ചെയ്തു. ഷോട്ടുകളുടെ റഫ് കട്ട് സെറ്റിൽവെച്ച് പ്രധാന താരങ്ങൾക്കൊക്കെ കാണിച്ചുകൊടുത്തിരുന്നു. അതുകണ്ടിട്ട് സുരാജേട്ടൻ എന്നെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. നരിവേട്ട കഴിയുമ്പോൾ നിനക്ക് നല്ല ഭാവിയുണ്ടാവുമെന്നും പറഞ്ഞു. കോഴിക്കോട് വെച്ച് വേടന്റെ ഒരു ഷൂട്ടുണ്ടായിരുന്നു. ജയിലർ 2-ന്റെ ഭാ​ഗമായി സുരാജേട്ടൻ ആ സമയത്ത് അവിടെയുണ്ടായിരുന്നു. ഹോട്ടലിൽവെച്ച് കണ്ടപ്പോൾ എന്നെ കെട്ടിപ്പിടിച്ച് നീയാണ് ഈ പടത്തിലെ ഹീറോ എന്ന് വളരെ വൈകാരികമായി പറഞ്ഞു.

'നരിവേട്ട' ടീം മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ


സിനിമയ്ക്കുവേണ്ടി ആര്യ പണിയ ഭാഷ പഠിച്ചിരുന്നല്ലോ. പ്രണവ് എന്തെല്ലാമാണ് ഭാഷ പഠിക്കാനായി ചെയ്തത്?

പണിയ ഭാഷയെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. നമ്മൾ പറയാൻ പോകുന്ന വിഷയം എന്താണെന്നും അതുകൊണ്ട് ഭാഷ നന്നായി വശപ്പെടുത്തിയെടുക്കണമെന്നും സംവിധായകനുൾപ്പെടെ എല്ലാവരും പറഞ്ഞിരുന്നു. നായയ്ക്കൊപ്പമുള്ള പരിശീലനം നടത്തുന്നതിനിടെ എനിക്ക് ആ മേഖലയിലെ ആദിവാസിക്കുടികളിൽ സന്ദർശനം നടത്താൻ പറ്റിയിരുന്നു. ആ ജനവിഭാ​ഗത്തോടൊപ്പം മൂന്നാഴ്ച ഇടപഴകാനും ആശയവിനിമയം നടത്താനും സാധിച്ചു. പ്രസാദ് എന്ന ചേട്ടൻ എന്തുസഹായം ചെയ്യാനും തയ്യാറായുണ്ടായിരുന്നു. ആ ഊരുകളിലെ കുട്ടികളെ കലോത്സവങ്ങൾക്കും മറ്റ് സാംസ്കാരികപരിപാടികൾക്കും എത്തിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് എനിക്കും ആര്യ ചേച്ചിക്കും പണിയ ഭാഷ ഇത്രയും നന്നായി കൈകാര്യം ചെയ്യാൻ പറ്റിയത്. ഞാൻ ആദിവാസിവിഭാ​ഗത്തിൽപ്പെട്ട ഒരാളാണെന്ന് കരുതിയാണ് പലരും എന്നോട് സംസാരിച്ചത്. ഡബ്ബിങ് ഉൾപ്പെടെ ഏത് കാര്യത്തിനും വിളിച്ചാൽ പ്രസാദേട്ടൻ വയനാട്ടിൽനിന്ന് കൊച്ചിക്ക് വന്ന് സഹായിക്കും. എന്റെ രംഗങ്ങളടങ്ങിയ തിരക്കഥ കയ്യിലുണ്ടായിരുന്നു. സംഭാഷണങ്ങൾ എങ്ങനെ പറയണമെന്ന് ചോദിക്കാൻ ആദിവാസി ഊരിലെ ഒരാളുടെ നമ്പർ തന്നിരുന്നു. ഞാൻ സംഭാഷണങ്ങൾ അവർക്ക് അയച്ച് കൊടുക്കും. അവരത് വോയിസ് നോട്ടായി തിരിച്ചയക്കും. മനസിലാവാത്ത കാര്യങ്ങൾ സെറ്റിൽവെച്ചാണ് ശരിയാക്കിയെടുത്തത്. പ്രസാദേട്ടൻ സെറ്റിൽ ഇല്ലെങ്കിൽ അഭിനയിക്കാനെത്തിയ കൊച്ചുകുട്ടിപോലും നമ്മുടെ സംശയങ്ങൾക്ക് ഉത്തരം തരുമായിരുന്നു.

പ്രണവ് 'നരിവേട്ട'യുടെ സെറ്റിൽ

അനുരാജ് എന്ന സംവിധായകനെ പ്രണവ് എങ്ങനെ വിലയിരുത്തുന്നു?

ഇഷ്ക്ക് എന്ന ചിത്രം അദ്ദേഹം അവതരിപ്പിച്ച ഒരു ശൈലിയുണ്ട്. നമ്മൾ കണ്ടുപരിചയിച്ച സിനിമകളിൽനിന്നെല്ലാം വ്യത്യസ്തമാണ് ഇഷ്ക്ക്. ആർക്കും ഒരു മുഷിപ്പില്ലാതെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ പ്രേക്ഷകരിലേക്കെത്തിച്ചു അദ്ദേഹം ഈ ചിത്രത്തിലൂടെ. അങ്ങനെയൊരു ചിത്രം ചെയ്തതിന് അദ്ദേഹത്തോട് എന്നും നന്ദിയുണ്ട്. അങ്ങനെയൊരു ചിത്രം സമ്മാനിച്ച സംവിധായകൻ നരിവേട്ടയിലേക്കെത്തുമ്പോൾ വലിയ ഒരു വിഷയമാണ് സംസാരിക്കുന്നത്. ഈ വിഷയം എടുക്കാൻ വലിയ ധൈര്യം വേണം. ആ ധൈര്യം ഈയൊരു കാലഘട്ടത്തിൽ പ്രകടിപ്പിക്കുകയും അബിൻ ചേട്ടനെപ്പോലൊരു എഴുത്തുകാരനൊപ്പം ടിപ്പുഷാനെയും ഷിയാസ് ഇക്കയേയും പോലുള്ള നിർമാതാക്കളുടേയും കൂട്ടുകെട്ടിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അനുരാജേട്ടന്റെ ഫിലിം മേക്കിങ് വളരെ വ്യത്യസ്തമാണ്. വളരെ സമാധാനത്തിലാണ് അദ്ദേഹം ഓരോ രം​ഗവും വിവരിച്ചുതരുന്നത്. സിനിമയിൽ അഭിനയിച്ച വലിയൊരു സംഘം ആളുകൾ ആദിവാസി വിഭാ​ഗത്തിൽനിന്നുള്ളവരാണ്. സിനിമാ സെറ്റ് ആദ്യമായി കാണുന്നവരുണ്ടായിരുന്നു അക്കൂട്ടത്തിൽ. മൈക്കിലൂടെ ഒറ്റ പ്രാവശ്യം നിർദേശം നൽകുകയേ വേണ്ടിയിരുന്നുള്ളൂ. ആ സീനിന്റെ ഉള്ളറിഞ്ഞ് ആരും അഭിനയിച്ചുപോകുന്ന വിധത്തിലുള്ള സംവിധാനമാണ് അദ്ദേഹം നിർവഹിച്ചത്. എന്റെ കാര്യമെടുത്താൽ താമിയെ എനിക്ക് അവതരിപ്പിക്കാൻ പറ്റുമെന്ന് ചിത്രീകരണം തീരുംവരെ അദ്ദേഹത്തിന് ഒരു വിശ്വാസമുണ്ടായിരുന്നു. ക്യാമറയ്ക്കുമുന്നിൽ നിൽക്കുമ്പോൾ എവിടെയെങ്കിലും ഒരു പൊടിക്ക് മുകളിലാവുകയോ, താഴെപ്പോവുകയോ ചെയ്താൽ പുള്ളി വന്ന് പതിയെ കൈയിൽ പിടിക്കും. അത്തരം ഇടപെലുകൾ താമി എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഇതുപോലൊരു കഥാപാത്രം ഭാവിയിൽ കിട്ടുമോ എന്നുപോലും സംശയമുണ്ട്. അങ്ങനെയൊരു കഥാപാത്രത്തെ ഞാൻ വഴി ജനങ്ങളിലേക്കെത്തിക്കാൻ അനുരാജേട്ടന്റെ വലിയ സഹായമുണ്ടായിരുന്നു. ആ കടപ്പാടും നന്ദിയും സ്നേഹവും ആദരവും എന്നും എന്റെയുള്ളിലുണ്ടാവും.

പ്രണവും സംവിധായകൻ അനുരാജ് മനോ​ഹറും

പ്രണവ് എങ്ങനെയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകന്റെയടുത്ത് എത്തുന്നത്?

മാജിക്കൽ ആയ കാര്യം എന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ. സിനിമ എന്നുവിചാരിച്ച് ഞാൻ ഇറങ്ങിയ ശേഷം നമ്മൾ അനുഭവിക്കേണ്ട കഷ്ടപ്പാടുകളും വെല്ലുവിളികളും കടന്നുപോകുന്ന വികാരങ്ങളും എല്ലാം നേരിട്ടാണ് ആദ്യത്തെ സിനിമയിൽ മുഖം കാണിച്ചത്. അതായിരുന്നു വിജയ് നായകനായ മാസ്റ്റർ. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ സിനിമയിൽ വരണമെന്ന് ആ​ഗ്രഹിച്ച നല്ല മനസുകളുണ്ട്. എന്റെ ഇപ്പോഴത്തെ വിജയം അവരുടെകൂടി വിജയമായി ഞാൻ കാണുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ഒരുപാട് ഹ്രസ്വചിത്രങ്ങൾ ചെയ്യുമായിരുന്നു. കോളേജിൽ എന്റെ ബാച്ചിൽ പഠിച്ച സന്തോഷാണ് പിന്നീട് ലോകേഷ് സാറിന്റെ അസോസിയേറ്റ് ഡയറക്ടറായി ചേർന്നത്. കൈതി കഴിഞ്ഞാണ് മാസ്റ്റർ വരുന്നത്. മാസ്റ്ററിലേക്ക് കുറേ കോളേജ് വിദ്യാർത്ഥികളെ ആവശ്യമുണ്ടായിരുന്നു. സന്തോഷാണ് എന്നെ മാസ്റ്ററിലേക്ക് വരാനാവശ്യപ്പെട്ട് വിളിച്ചത്. അങ്ങനെ ആ ചിത്രത്തിൽ ജോയിൻ ചെയ്തു. അതിനുശേഷം വിക്രമിലും അവസരം കിട്ടി. അതും മാജിക്കൽ എന്നേ പറയാനാവൂ. കാരണം മാസ്റ്ററിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ നല്ല കഴിവുള്ള ചെറുപ്പക്കാരുണ്ടായിരുന്നു. എന്നാൽ ലോകേഷ് സാർ എന്നെ വിക്രമിലേക്ക് തിരഞ്ഞെടുക്കാൻ കാരണം എന്താണെന്നറിയില്ല. ആ സിനിമയുടെ ഇന്റർവെൽ ബ്ലോക്കിൽ കമൽ സാർ അവതരിപ്പിക്കുന്ന കഥാപാത്രം ജീവനോടെയുണ്ടെന്ന് പറയുന്ന വേഷമായിരുന്നു അത്. ഫഹദ് സാറിന്റെയും ​ഗായത്രി മാഡത്തിനുമനൊപ്പമായിരുന്നു ആ രം​ഗം. അതിനുശേഷം ലോകേഷ് സാറുമായുള്ള ബന്ധം വീണ്ടും ദൃഢമായി. വിക്രം ഇറങ്ങിയ ശേഷമാണ് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. വിക്രമിലെ ഈ കഥാപാത്രത്തേക്കുറിച്ച് പറയുമ്പോൾത്തന്നെ ആളുകൾക്ക് മനസിലാവാറുണ്ട്.

വിജയ്, ലോകേഷ് കനകരാജ് എന്നിവർക്കൊപ്പം പ്രണവ്

പ്രണവിന്റെ ​ഗുരുസ്ഥാനത്താണോ ലോകേഷ് കനകരാജ്? നരിവേട്ട ഇറങ്ങിയതിനെക്കുറിച്ച് ലോകേഷിന് അറിയാമോ?

ലോകേഷ് സാറിനോട് ഞാനിതുവരെ ചാൻസ് ചോദിച്ചിട്ടില്ല. എനിക്കെന്താണ് വേണ്ടതെന്ന് മനസിലാക്കി കണ്ടറിഞ്ഞ് അദ്ദേഹം തന്നിട്ടുണ്ട്. എന്റെ ​ഗുരുസ്ഥാനത്ത് തന്നെയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. നല്ല രീതിയിൽ നമ്മളെ നയിച്ചുകൊണ്ടുപോവും. എന്നെ ഒരു സ്ഥലത്തേക്ക് എത്തിച്ച വ്യക്തിയെന്ന നിലയിൽ ആജീവനാന്തമായ ​ഗുരുഭക്തിയുണ്ട്. ഞങ്ങൾ തമ്മിൽ ഇപ്പോഴും നല്ല ബന്ധമുണ്ട്. നരിവേട്ടയുടെ പ്രചാരണത്തിന് പോയ സമയത്ത് അദ്ദേഹത്തെ ചെന്നൈയിൽവെച്ച് കണ്ടിരുന്നു. നരിവേട്ടയേക്കുറിച്ച് സാർ അന്വേഷിച്ചു. സിനിമ കണ്ടിട്ട് എന്തായാലും വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ കൂലി ചെയ്യുന്ന തിരക്കിലാണ്. ചിത്രീകരണമൊക്കെ കഴിഞ്ഞു, ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്.

പ്രണവിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ

പ്രണവിന്റെ ഭാവി പരിപാടികൾ എന്തെല്ലാമാണ്?

ഒരു കലാകാരൻ എന്ന നിലയിൽ ഒരു കഥാപാത്രം ചെയ്ത് ആളുകളിലേക്കെത്തിച്ചു. താമിയെന്ന കഥാപാത്രത്തേക്കുറിച്ച് ഇതുവരെ ആരും മോശമായി പറഞ്ഞിട്ടില്ല. എന്നെക്കൊണ്ട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുമെന്നൊരു വിശ്വാസം വന്നിട്ടുണ്ട്. തമിഴിൽനിന്ന് രണ്ടുമൂന്ന് വിളികൾ വന്നിട്ടുണ്ട്. കൂടാതെ തമിഴിൽത്തന്നെ ഒരു പ്രോജക്റ്റ് ചെയ്യുന്നുണ്ട്. അതിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു. തുടരെത്തുടരെ സിനിമകൾ ചെയ്യണമെന്ന് ആ​ഗ്രഹമില്ല. വർഷത്തിൽ ഒരു സിനിമ ചെയ്താലും വൃത്തിയുള്ള വേഷം ചെയ്യണം. ഇപ്പോൾ ചെയ്തതിനേക്കാൾ നന്നായി ഒരു ചുവടുകൂടി മുകളിലേക്കെടുത്തുവെയ്ക്കണം. താമിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്നും ആ​ഗ്രഹിക്കുന്നു. ഇക്കാര്യങ്ങളിൽ ശ്രദ്ധകൊടുത്താണ് മുന്നോട്ടുപോവാൻ തീരുമാനിച്ചിട്ടുള്ളത്.

Content Highlights: Pranav Teophine`s unthinkable translation for the relation of Thami successful Narivetta

ABOUT THE AUTHOR

മാതൃഭൂമി ഡോട്ട് കോമിൽ സീനിയർ കണ്ടന്റ് റൈറ്റർ. സിനിമ, യാത്ര, സംഗീതം ഇഷ്ടവിഷയങ്ങൾ

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article