Published: November 06, 2026 03:08 PM IST
1 minute Read
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനം പോർച്ചുഗലിൽ എന്തൊക്കെ ചലനമുണ്ടാക്കി– പോർച്ചുഗലിൽ ഗവേഷകനായ മലയാളിയുടെ കുറിപ്പ്
അപ്രതീക്ഷിതമായ ഒരു വിഡിയോ. അതിലെ ഉള്ളടക്കം പക്ഷേ, പ്രതീക്ഷിച്ചിരുന്നതു പോലൊന്ന് – രാജ്യാന്തര ഫുട്ബോളിൽനിന്നു വിടവാങ്ങൽ പ്രഖ്യാപിച്ചുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിഡിയോ ലോകമെമ്പാടുമുള്ള സമൂഹമാധ്യമങ്ങളിൽ പടരുമ്പോൾ ലിസ്ബണിലെ കാഴ്ചയെ ഇങ്ങനെ ചുരുക്കാമെന്നു തോന്നുന്നു. ലിസ്ബൻ നഗരത്തിന്റെ തിരക്കിനും വേഗത്തിനുമൊന്നും ഒരു ചലനവും സൃഷ്ടിക്കാത്ത ഒന്നായിരുന്നു ആ വിഡിയോ.
കഴിഞ്ഞ മാസം ദേശീയ ടീമിന്റെ ക്യാംപിൽനിന്നു നാടകീയമായി പടിയിറങ്ങിയത് ഇതിഹാസതാരത്തിന്റെ വിടവാങ്ങലിന്റെ ലക്ഷണങ്ങളായി കടുത്ത ആരാധകർ പോലും കണ്ടതാകാം കാരണം. റൊണാൾഡോയുടെ വിടവാങ്ങൽ പ്രഖ്യാപനം വന്നതു പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ്. നിരത്തിലും മെട്രോയിലുമൊക്കെയായി ആളനക്കം തുടങ്ങുന്ന നേരമേയായിട്ടുള്ളൂ. മഞ്ഞുകാലത്തിന്റെ തുടക്കമായതിനാൽ തെല്ലൊരു ആലസ്യവും പ്രകടം. ലിസ്ബൻ നഗരത്തിന്റെ വടക്കു ഭാഗത്തുള്ള കാംപോ ഗ്രാൻഡെ സ്റ്റേഷനിൽനിന്നായിരുന്നു എനിക്കു യാത്ര തുടങ്ങേണ്ടത്. ക്രിസ്റ്റ്യാനോയുടെ ഫുട്ബോൾ യാത്രയുടെ തുടക്കവും ഇവിടെ നിന്നായിരുന്നു.
സ്പോർട്ടിങ് ലിസ്ബൻ എന്ന ഫുട്ബോൾ ക്ലബ്ബിന്റെ തട്ടകമാണിത്. പച്ചയും വെള്ളയും നിറഞ്ഞ സ്പോർട്ടിങ്ങിന്റെ കുപ്പായത്തിലായിരുന്നു ലോക ഫുട്ബോളിലെ ക്രിസ്റ്റ്യാനോയുടെ ഫസ്റ്റ് ടച്ച്. ഞാൻ കയറിയ മെട്രോ സ്റ്റേഷന്റെ അതിരിനോടു ചേർന്നുള്ള കാഴ്ചയാണു സ്പോർട്ടിങ് ക്ലബ്. ‘ഞാനൊരു ഫാൻ ആണ്. റൊണാൾഡോ ഇപ്പോഴും നന്നായി കളിക്കുന്നുണ്ട്. പക്ഷേ, പഴയ ആ മികവ് ഇനിയുണ്ടാകില്ല’ – ഒരു പ്രാദേശിക ക്ലബ്ബിന്റെ പരിശീലകനായ ജാവോ ഡിയോഗോയുടെ വാക്കുകളിൽ റൊണാൾഡോയുടെ വിടവാങ്ങൽ ഉചിതമായ സമയത്താണെന്നു വ്യക്തം.
(ലിസ്ബണിലെ നോവ സർവകലാശാലയിൽ ആർക്കിയോളജി ഗവേഷകനാണ് ജോബ് റിനോൾ )
English Summary:






English (US) ·