ന്യൂഡൽഹി ∙ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ ഷൂട്ടിങ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെ കേസെടുത്തു. പതിനേഴുകാരിയായ ഷൂട്ടിങ് താരത്തെ ഫരീദാബാദിലെ ഒരു ഹോട്ടലിൽ വച്ചു പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹരിയാന പൊലീസ് കേസെടുത്തത്. താരത്തിന്റെ കുടുംബമാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നതും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
എഫ്ഐആർ പ്രകാരം, ഡിസംബർ 16നു ന്യൂഡൽഹിയിലെ ഡോ. കർണി സിങ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ദേശീയ ഷൂട്ടിങ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. താരത്തെ ഫരീദാബാദിലെ ഒരു ഹോട്ടൽ മുറിയിലേക്കു വിളിച്ചുവരുത്തി അങ്കുഷ് ഭരദ്വാജ് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഹോട്ടലിന്റെ ലോബിയിൽ വച്ചു കാണാമെന്ന് താരം പറഞ്ഞെങ്കിലും പ്രകടനം വിലയിരുത്താനെന്ന പേരിൽ മുറിയിലേക്ക് വരാൻ നിർബന്ധിക്കുകയായിരുന്നു.
പീഡനവിവരം പുറത്തു പറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു. ഹോട്ടലിൽനിന്നു തിരികെ പോയ താരം, വീട്ടുകാരോടു വിവരം പറയുകയും ഇവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മറ്റൊരു വനിതാ താരത്തിനും ഇതേ പരിശീലകനിൽനിന്നു സമാനമായ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.
നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ) നിയമിച്ച 13 ദേശീയ പിസ്റ്റൾ പരിശീലകരിൽ ഒരാളാണ് അങ്കുഷ് ഭരദ്വാജ്. പൊലീസ് കേസെടുത്തതിനു പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തതായി എൻആർഎഐ സെക്രട്ടറി ജനറൽ പവൻ കുമാർ സിങ് പറഞ്ഞു.
ഹരിയാനയിലെ അംബാല സ്വദേശിയായ അങ്കുഷ് ഭരദ്വാജ്, 2005ൽ എൻസിസി ക്യാംപിൽ നിന്നാണ് ഷൂട്ടിങ് കരിയർ ആരംഭിച്ചത്. പിന്നീട് ഡെറാഡൂണിലെ ജസ്പാൽ റാണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷൂട്ടിങ് ആൻഡ് സ്പോർട്സിൽ ചേർന്നു പരിശീലിച്ചു. 2007ൽ ആഗ്രയിൽ നടന്ന ഓൾ-ഇന്ത്യ ജിവി മാവ്‌ലങ്കർ ഷൂട്ടിങ് മത്സരത്തിൽ മൂന്നു സ്വർണ മെഡലുകൾ നേടി. 2008ൽ പുണെയിൽ നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ 50 മീറ്റർ പിസ്റ്റളിൽ സ്വർണം നേടി.
2010ൽ ബീറ്റാ ബ്ലോക്കർ ഉപയോഗിച്ചതിന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അങ്കുഷിന് വിലക്ക് ഏർപ്പെടുത്തി. ജർമനിയിലെ സുഹ്‌ലിൽ നടന്ന ജൂനിയർ മത്സരത്തിനിടെ ഹൃദയമിടിപ്പും കൈ വിറയലും നിയന്ത്രിക്കുന്നതിനു സാധാരണയായി ഉപയോഗിക്കുന്ന പദാർഥം ഉപയോഗിച്ചതിനാണ് വിലക്കേർപ്പെടുത്തിയത്. 2012ൽ തിരിച്ചുവരവ് നടത്തിയ അങ്കുഷ്, 2016ൽ ഹാനോവറിൽ നടന്ന രാജ്യാന്തര ഷൂട്ടിംഗ് മത്സരത്തിൽ 25 മീറ്റർ സെന്റർ-ഫയർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണം നേടി. നിലവിൽ ദേശീയ പിസ്റ്റൾ പരിശീലകനായ അങ്കുഷ്, മൊഹാലിയിൽ സാൽവോ ഷൂട്ടിങ് റേഞ്ചും നടത്തുന്നുണ്ട്.
English Summary:








English (US) ·