Published: May 26 , 2025 07:36 AM IST
1 minute Read
അഹമ്മബാദ്∙ ഐപിഎലിൽ തുടരുമോ? അതിനുള്ള മറുപടി ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് എം.എസ്.ധോണി. ഗുജറാത്തിനെതിരായ അവസാന ലീഗ് മത്സരത്തിനു പിന്നാലെ നാൽപത്തിമൂന്നുകാരൻ ധോണി ഐപിഎൽ മതിയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ മത്സരശേഷം ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ധോണി വ്യക്തമായ മറുപടി നൽകിയില്ല. മാത്രമല്ല, താൻ നിർത്തിയെന്നോ തിരിച്ചുവരുമെന്നോ പറയുന്നില്ലെന്നു കൂടി പറഞ്ഞാണ് ധോണി വിരമിക്കൽ അഭ്യൂഹങ്ങളിലെ ‘കൺഫ്യൂഷൻ’ നിലനിർത്തിയത്.
‘‘അടുത്ത സീസണിനെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ല. തീരുമാനമെടുക്കാൻ എന്റെ മുന്നിൽ 4–5 മാസം സമയമുണ്ട്. ഫിറ്റ്നസ് നിലനിർത്തുകയാണ് ആദ്യ ദൗത്യം. റാഞ്ചിയിലേക്കു തിരിച്ചുപോയ ശേഷം അൽപം വിശ്രമം. പിന്നാലെ കുറച്ചു ബൈക്ക് റൈഡുകൾ. അതുകഴിഞ്ഞു വേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ.’ – ധോണി പറഞ്ഞു.
‘‘ഐപിഎലിൽ തുടരുമെന്നോ കളി മതിയാക്കുമെന്നോ ഇപ്പോൾ പറയാൻ സാധിക്കില്ല. പ്രകടനം മാത്രം നോക്കി കളിക്കാർ വിരമിക്കാൻ തീരുമാനിച്ചാൽ ചിലർ 22 വയസ്സിൽ തന്നെ കളി മതിയാക്കേണ്ടി വരും. ഒരാളിൽ എത്രത്തോളം ആവേശമുണ്ട്, കായികക്ഷമതയുണ്ട് തുടങ്ങിയവയാണ് പ്രധാനം. എന്തായാലും എനിക്കു മുന്നിൽ ഇഷ്ടം പോലെ സമയമുണ്ട്. കാത്തിരുന്നു കാണാം’– ധോണി പറഞ്ഞു.
ഐപിഎൽ 18–ാം സീസണിൽ അവസാന സ്ഥാനക്കാരായാണ് മടക്കമെങ്കിലും, അവസാന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ വിജയം നേടിയാണ് ധോണിയും സംഘവും മടങ്ങുന്നത്. ഗുജറാത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 83 റൺസിനാണ് ചെന്നൈ ജയിച്ചുകയറിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തപ്പോൾ, ഗുജറാത്ത് 18.3 ഓവറിൽ 147 റൺസിന് പുറത്തായി.
അതേസമയം, ഗുജറാത്തിനെ 121 റൺസിനുള്ളിൽ എറിഞ്ഞിട്ടാൽ രാജസ്ഥാനെ അവസാന സ്ഥാനത്തേക്ക് പിന്തള്ളി ഒൻപതാം സ്ഥാനത്തേക്ക് കയറാൻ ചെന്നൈയ്ക്ക് അവസരമുണ്ടായിരുന്നു. ഈ സീസണിൽ ചെന്നൈയുടെ ഉയർന്ന സ്കോറാണ് അവസാന മത്സരത്തിലെ 230 റൺസ്. ഈ മത്സരത്തിൽ ചെന്നൈ താരങ്ങൾ അടിച്ചുകൂട്ടിയ 15 സിക്സറുകളും ഈ സീസണിൽ അവരുടെ ഏറ്റവും മികച്ച പ്രകടനമാണ്.
English Summary:








English (US) ·