പ്രതികാര നടപടിക്ക് ബംഗ്ലദേശ്, ലോകകപ്പിന് ഇന്ത്യയിലേക്കില്ല? മുസ്തഫിസുറിനെ പുറത്താക്കി കെകെആർ; വൻ തുക നഷ്ടപരിഹാരം ചോദിക്കും?

2 weeks ago 2

ഗുവാഹത്തി ∙ ബിസിസിഐ നിർദേശത്തിനു പിന്നാലെ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽനിന്ന് ഒഴിവാക്കി ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് താരത്തെ ടീമിൽനിന്ന് ഒഴിവാക്കാനുള്ള നിർദേശം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു നൽകിയത്. ഇതുപ്രകാരം താരത്തെ ടീമിൽനിന്നു റിലീസ് ചെയ്തതായി കൊൽക്കത്ത ടീം മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചു.

ഡിസംബറിൽ നടന്ന ഐപിഎൽ മിനി താരലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത ടീം സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവരോടു മത്സരിച്ചാണ് കൊൽക്കത്ത ടീമിലെത്തിച്ചത്. ഐപിഎലിൽ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. താരത്തെ ഒഴിവാക്കിയതോടെ ആവശ്യമെങ്കിൽ പകരമൊരാളെ ടീമിൽ ഉൾപ്പെടുത്താൻ കൊൽക്കത്തയെ അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മാർച്ച് 26നാണ് ഐപിഎൽ ആരംഭിക്കുന്നത്.

വിഷയം ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച രാത്രി അടിയന്തര യോഗം ചേരുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് അമിനുൽ ഇസ്‌ലാം ബുൾബുൾ അറിയിച്ചു. ബംഗ്ലദേശിൽ അടുത്തിടെ ഹിന്ദു വിഭാഗത്തിൽപ്പെട്ട ഒരാൾ കൊലപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎലിൽ ബംഗ്ലാദേശ് താരത്തിന്റെ പങ്കാളിത്തവും ചോദ്യം ചെയ്യപ്പെട്ടത്.

ബംഗ്ലദേശ് താരത്തെ ടീമിലെടുത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ബിസിസിഐ അസാധാരണ ഇടപെടൽ നടത്തിയത്. മുസ്തഫിസുർ റഹ്മാനെ ഐപിഎൽ താരലേലത്തിൽ വാങ്ങിയതിന്റെ പേരിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഒരു ബംഗ്ലദേശി താരത്തെ വാങ്ങിയ ഷാറുഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്തു തുടരാൻ ഇനി അവകാശമില്ലെന്നും സംഗീത് സോം പറഞ്ഞു.

2016 മുതൽ എട്ടു ഐപിഎൽ സീസണുകളിൽ മുസ്തഫിസുർ റഹ്മാൻ പങ്കെടുത്തിട്ടുണ്ട്. 2019ലും 2020ലും മാത്രമാണ് താരം കളിക്കാതിരുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കുവേണ്ടിയാണ് മുസ്തഫിസുർ കളിച്ചിട്ടുള്ളത്. 2026ൽ ഐപിഎലിൽ ആദ്യമായി കൊൽക്കത്ത ജഴ്സി അണിയാൻ ഒരുങ്ങുന്നതിനിടെയാണ് അസാധാരണ സംഭവവികാസങ്ങൾ. ‘‘അവർ എന്നെ ഒഴിവാക്കിയാൽ എനിക്ക് എന്തുചെയ്യാൻ കഴിയും’’ എന്നായിരുന്നു സംഭവത്തിൽ ഒരു ബംഗ്ലദേശ് സ്പോർട്സ് മാധ്യമത്തോട് മുസ്തഫിസുറിന്റെ പ്രതികരണം. നടപടിയിൽ താരം കടുത്ത നിരാശനാണെന്നും റിപ്പോർട്ടുണ്ട്.

മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽനിന്ന് ഒഴിവാക്കിയതോടെ, പാക്കിസ്ഥാൻ താരങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന രീതിയിലുള്ള വിലക്ക് ബംഗ്ലദേശ് താരങ്ങൾക്കും ഏർപ്പെടുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനവും അനിശ്ചിതത്വത്തിലായി. തൽക്കാലം പര്യടനം നടത്തേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചെന്നും അന്തിമതീരുമാനത്തിനു മുൻപ് കേന്ദ്രസർക്കാരുമായി ആലോചിക്കുമെന്നുമാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പര മാറ്റിവച്ചിരുന്നു. ഈ വർഷം സെപ്റ്റംബറിൽ പരമ്പര അവിടെ നടക്കുമെന്നും തീയതികളടക്കം ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വെള്ളിയാഴ്ച പ്രഖ്യാപിച്ചതിനും തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറിയത്. ഫെബ്രുവരി 7ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലുള്ള ബംഗ്ലദേശിന്റെ പങ്കാളിത്തവും ചോദ്യചിഹ്നമായി.

എന്നാൽ തൽക്കാലം ഐപിഎൽ സംബന്ധിച്ച് മാത്രമാണ് തീരുമാനമെന്നും ലോകകപ്പ് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻ‌ഹാസ് അറിയിച്ചു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയിൽ നാലു മത്സരങ്ങളാണ് ബംഗ്ലാദേശിനുള്ളത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലുമാണ്.

∙ കൊൽക്കത്തയ്ക്ക് 9.2 കോടി തിരിച്ചുകിട്ടുമോ ?ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബോളർമാരിൽ ഒരാളെയാണ് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു നഷ്ടമാകുന്നത്. 9.2 കോടി രൂപയ്ക്കാണ് താരത്തെ,കൊൽക്കത്ത ടീമിലെത്തിച്ചത്. സാധാരണഗതിയിൽ ഈ തുക അപ്പോൾ തന്നെ ടീമിന്റെ പഴ്സിൽനിന്ന് നഷ്ടമാകും. താരം സ്വമേധയാ പിൻവാങ്ങിയാലോ പരുക്കേറ്റാലോ ഈ തുക തിരിച്ചു ലഭിക്കാറില്ല. എന്നാൽ മുസ്തഫിസുറിന്റെ അസാധാരണ സാഹചര്യമായതിനാൽ ഈ തുക, കൊൽക്കത്തയുടെ പഴ്സിലേക്കു തിരികെ ലഭിക്കും. അതേസമയം, കൊൽക്കത്തയോടോ ബിസിസിഐയോടോ മുസ്തഫിസുർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാൽ സാഹചര്യം മാറും. ലേലത്തിൽ എടുത്തെങ്കിലും താരവുമായി ഇതുവരെ ഔദ്യോഗികമായി കരാറിലേർപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ താരത്തിന്റെ തുടർനടപടികൾ എന്താകും എന്നു കണ്ടറിയണം.

English Summary:

Mustafizur Rahman has been released by Kolkata Knight Riders pursuing BCCI directives amid India-Bangladesh diplomatic concerns. The franchise acquired him for ₹9.2 crore successful the IPL mini-auction. His merchandise raises questions astir the aboriginal of Bangladeshi players successful the IPL and impacts the upcoming India-Bangladesh series.

Read Entire Article