01 May 2025, 06:17 PM IST
.jpg?%24p=94c94b6&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം, വേണു കുന്നപ്പിള്ളി | Photo: Facebook/ Venu Kunnappilly
ഈ വര്‍ഷത്തെ മലയാള സിനിമയിലെ ആദ്യബ്ലോക്ബസ്റ്ററാണ് ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനംചെയ്ത 'രേഖാചിത്രം'. പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ ലഭിച്ച ചിത്രം സാമ്പത്തികമായും വിജയമായിരുന്നു. ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മിച്ചത്, കാവ്യാ ഫിലിം കമ്പനിയുടേയും ആന്‍ മെഗാമീഡിയയുടേയം ബാനറില്‍ വേണു കുന്നപ്പിള്ളി ആയിരുന്നു. ലോക തൊഴിലാളി ദിനമായ വ്യാഴാഴ്ച നിര്‍മാതാവില്‍നിന്ന് ലഭിച്ച അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ച് ചിത്രത്തിന്റെ എഡിറ്ററായ ഷമീര്‍ മുഹമ്മദിന്റെ വാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച പ്രതിഫലത്തിന് പുറമേ തൊഴിലാളി ദിനത്തില്‍ ഒരു തുകയും നിര്‍മാതാവ് നല്‍കിയതായാണ് ഷമീര്‍ മുഹമ്മദ് ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ വെളിപ്പെടുത്തുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുള്ള എല്ലാവര്‍ക്കും ഈ തുക ലഭിച്ചതായും ഷമീര്‍ പറയുന്നു. കാവ്യാ ഫിലിംസ് ഇതിന് മുമ്പ് നിര്‍മിച്ച 'മാളികപ്പുറ'ത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ തുക ലഭിച്ചിരുന്നതായി ഷമീര്‍ കുറിച്ചു.
ഷെമീര്‍ മുഹമ്മദിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുക, അത് വിജയിക്കുക എന്നത് ഓരോ സിനിമ ആഗ്രഹിക്കുന്നവരുടേയൂം സ്വപ്‌നമാണ്. വളരെ സന്തോഷത്തോടെ എഴുതട്ടെ ഈ വര്‍ഷത്തെ എന്റെ ആദ്യ സിനിമയായ രേഖാചിത്രം, ഈ വര്‍ഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ ഓരോരുത്തരും സംതൃപ്തരാണ്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പറഞ്ഞ ശമ്പളം എല്ലാവര്‍ക്കും തന്നതാണ് വേണു കുന്നപ്പിള്ളി എന്ന നിര്‍മാതാവ്. എന്നാല്‍ ലോകതൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൗണ്ടില്‍ കാവ്യാ ഫിലിം കമ്പനിയില്‍നിന്ന് ഒരു തുക ക്രെഡിറ്റായി. വിളിച്ചു ചോദിച്ചപ്പോള്‍ എനിക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുള്ള എല്ലാവര്‍ക്കും അത് ഉണ്ട്. കാവ്യാ ഫിലിംസിന്റെ ഇതിനു മുന്‍പുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ്. ആത്മാര്‍ഥമായി സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വിജയിക്കുമ്പോള്‍ ഓര്‍ക്കുന്നത്. ഇനിയും കാവ്യാ ഫിലിംസിന്റെ ഒപ്പം സിനിമ ചെയ്യാനും ഇത് പോലെ സമ്മാനങ്ങള്‍ വാങ്ങാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു. നന്ദി വേണു കുന്നപ്പിള്ളി, ആന്റോ ചേട്ടന്‍, ജോഫിന്‍, ടീം രേഖാചിത്രം.
Content Highlights: Rekhachithram shaper Labor Day astonishment bonus for its full crew
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·